അനോസ്മിയ മുതല്‍ പരോസ്മിയ വരെ; കോവിഡ് നമ്മുടെ ഘ്രാണശേഷിയെ ബാധിക്കുന്നത് എങ്ങനെ?

 
parosmia

യഥാര്‍ത്ഥ ഗന്ധത്തിനു പകരം കടുത്ത ദുര്‍ഗന്ധമാകും അനുഭവപ്പെടുക

ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുക അഥവാ അനോസ്മിയ കോവിഡ് ബാധയുടെ പ്രധാന ലക്ഷണമാണെന്ന കാര്യം മിക്കപേര്‍ക്കും അറിയാം. ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ നീണ്ടുനിന്നേക്കാമെങ്കിലും അതൊരു താല്‍ക്കാലിക അവസ്ഥ മാത്രമാണ്. എന്നാല്‍, രോഗമുക്തരായാലും ചിലരില്‍ ഈയൊരു അവസ്ഥയുടെ മറ്റൊരു വകഭേദം കണ്ടുവരുന്നുണ്ട്. പരോസ്മിയ അല്ലെങ്കില്‍ ശരിയായ ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണത്. യഥാര്‍ത്ഥ ഗന്ധത്തിനു പകരം കടുത്ത ദുര്‍ഗന്ധമായിരിക്കും ഇവര്‍ക്ക് അനുഭവപ്പെടുക. കോവിഡിനെത്തുടര്‍ന്ന് പരോസ്മിയ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.  

മൂക്കിനുള്ളില്‍ ഏറ്റവും ഉപരിഭാഗത്തുള്ള ശ്ലേഷ്മ സ്തരത്തിലാണ് ഗന്ധം അറിയുന്നതിനുള്ള സംവേദന കോശങ്ങള്‍ സ്ഥിതിചെയ്യുന്നത്. ജലദോഷം വരുമ്പോഴും ഗന്ധം അറിയാന്‍ സാധിക്കാത്ത അവസ്ഥ എല്ലാവരിലും ഉണ്ടാകുന്നുണ്ട്. 40 ശതമാനത്തോളം വൈറല്‍ രോഗങ്ങളുടെയും പ്രധാന ലക്ഷണമാണ് ഘ്രാണശേഷി കുറയല്‍. അതുതന്നെയാണ് കോവിഡ് ബാധിക്കുമ്പോഴും സംഭവിക്കുന്നത്. എന്നാല്‍, കൊറോണ വൈറസ് രോഗിയുടെ ഗന്ധം അറിയാനുള്ള ശേഷിയെ നേരിട്ടുബാധിക്കുന്നില്ല. പകരം, അനുബന്ധ കോശങ്ങളെയാണ് വൈറസ് ബാധിക്കുന്നത്. അതിനാല്‍ തന്നെ രോഗം ഭേദമാകുന്നതോടെ ഘ്രാണശേഷി രോഗിക്ക് തിരിച്ചു കിട്ടുകയും ചെയ്യും. എന്നാല്‍, പരോസ്മിയ ബാധിച്ചാല്‍ യഥാര്‍ത്ഥ ഗന്ധം നഷ്ടപ്പെടുക മാത്രമല്ല, എല്ലാത്തിനും ചീഞ്ഞ ഗന്ധം മാത്രമാകും അനുഭവപ്പെടുക. ആസ്വാദ്യകരമായ ഗന്ധം അനുഭവപ്പെടുന്നത് അപ്പാടെ മാറിപ്പോകും. കഴിക്കുന്ന ഭക്ഷണമായാലും കുടിക്കാനെടുക്കുന്ന വെള്ളമായാലും കടുത്ത ദുര്‍ഗന്ധമായിരിക്കും അത്തരമൊരു അവസ്ഥയില്‍ അനുഭവപ്പെടുക. 

പരോസ്മിയയ്ക്ക് കോവിഡ് മാത്രമല്ല കാരണം. തലയിലേല്‍ക്കുന്ന പരിക്കുകളും അതിന് കാരണമാകാം. എന്നാല്‍, നമ്മുടെ ഘ്രാണശേഷിയെ ഇല്ലാതാക്കാന്‍ സാര്‍സ് കോവ് 2ന് പ്രത്യേകം കഴിവുള്ളതായാണ് ഇതുവരെയുള്ള പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. അടുത്തിടെ നടന്ന ഒരു അന്താരാഷ്ട്ര സര്‍വേ പ്രകാരം, കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഘ്രാണശേഷി നഷ്ടപ്പെട്ടവരില്‍ 10 ശതമാനത്തോളം പേര്‍ക്ക് പരോസ്മിയ ബാധിച്ചിരുന്നു. ആറോ ഏഴോ മാസങ്ങള്‍ക്കുശേഷം ഇവരോട് വീണ്ടും അഭിപ്രായം തേടിയപ്പോള്‍, പരോസ്മിയ അവസ്ഥയില്‍ എത്തിയവരുടെ എണ്ണം 47 ശതമാനമായി ഉയര്‍ന്നിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള 70 ലക്ഷം ആളുകള്‍ക്കെങ്കിലും കോവിഡ് ബാധയെത്തുടര്‍ന്ന് പരോസ്മിയ ബാധിച്ചിട്ടുണ്ടാകാമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലാണ് പരോസ്മിയ ബാധിതരുടെ എണ്ണമെന്ന് പരോസ്മിയയുടെ മനശാസ്ത്രപരമായ ആഘാതത്തെക്കുറിച്ച് പഠിക്കുന്ന ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഡ്യൂക്ക ബര്‍ജെസ് വാട്‌സണ്‍ പറയുന്നു. ഇത് മൂക്കിന്റെ മാത്രം പ്രശ്‌നമല്ല. ഒരാളുടെ ജീവിതശൈലിയെയും നിലവാരത്തെയും അത് ആഴത്തില്‍ ബാധിക്കും. എങ്ങനെ ഭക്ഷണം കഴിക്കുന്നു, സമൂഹത്തില്‍ എങ്ങനെ ഇടപെടുന്നു, മറ്റുള്ളവരുമായി എങ്ങനെ ഇടപഴകുന്നു എന്നതുമുതല്‍ വീട്ടില്‍നിന്ന് പുറത്തുപോയാല്‍ ശരിയാകുമോ എന്ന ചിന്ത ഉയര്‍ത്തുന്ന തരത്തിലേക്കുവരെ അത് ഒരാളെ ബാധിക്കുമെന്നും ഡോ. ഡ്യൂക്ക വാട്‌സണ്‍ പറയുന്നു. 

പല തരത്തിലാണ് പരോസ്മിയ ആളുകളില്‍ മാറ്റം വരുത്തുക. മണവും രുചിയും നഷ്ടമാകുന്നതോടെ ഭക്ഷണം കഴിക്കാതാകുന്നവരും രുചിയില്ലാതാകുന്നതോടെ, വെവ്വേറെ രുചികള്‍ തേടി കൂടുതല്‍ ആഹാരം കഴിക്കുന്നവരും ഉണ്ടാകാം. തങ്ങളുടെ ഭക്ഷണം തൃപ്തികരമല്ല എന്നൊരു ചിന്ത പലര്‍ക്കും തോന്നിത്തുടങ്ങുകയും ചെയ്യുന്നു. സ്വന്തം ശരീരത്തിനും ദുര്‍ഗന്ധം തോന്നുന്നത് പൊതുഇടങ്ങളില്‍നിന്ന് സ്വയം മാറിനില്‍ക്കാന്‍ ഒരാളെ പ്രേരിപ്പിച്ചേക്കും. മറ്റൊരാളുടെ ശരീരഗന്ധം ദുര്‍ഗന്ധമായി അനുഭവപ്പെടുമ്പോള്‍, മറ്റുള്ളവരുടെ സാമീപ്യം പോലും ചിലപ്പോള്‍ പ്രശ്‌നമാകാം. സ്വന്തം പങ്കാളിയുടെ ഗന്ധം പോലും ചിലപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് ഡോ. ഡ്യൂക്ക വാട്‌സണ്‍ കുട്ടിച്ചേര്‍ക്കുന്നു. 

കോവിഡിനെത്തുടര്‍ന്നുള്ള പരോസ്മിയയുടെ കാര്യ-കാരണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നാസികാദ്വാരത്തിന്റെ ഏറ്റവും മുകളിലായി, നാസാരന്ധ്രത്തിന് ഏകദേശം 7 സെന്റീമീറ്റര്‍ പിന്നില്‍, ഘ്രാണ സെന്‍സറി ന്യൂറോണുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക കോശങ്ങളാല്‍ പൊതിഞ്ഞ ഒരു നേര്‍ത്ത മെംബ്രണ്‍ ഉണ്ട്. ഇത് നമ്മള്‍ ശ്വസിക്കുന്ന വായുവില്‍നിന്ന് ദുര്‍ഗന്ധ തന്മാത്രകളെ പിടിച്ചെടുത്ത് ഗന്ധത്തെ വേര്‍തിരിക്കുന്ന മസ്തിഷ്‌ക മേഖലയിലേക്ക് വൈദ്യുത സിഗ്‌നലുകളായി അയയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, കൊറോണ പോലുള്ള വൈറസുകള്‍ ഘ്രാണ സെന്‍സറി ന്യൂറോണുകളെനശിപ്പിക്കുന്നതോടെ, ഗന്ധം വേര്‍തിരിച്ചറിയുന്ന പ്രക്രിയകള്‍ അപ്പാടെ ക്രമരഹിതമാകും. അതാണ് പരോസ്മിയയ്ക്ക് കാരണമാകുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പുതിയ പഠനവും കണ്ടെത്തലുകളും പരോസ്മിയ ചികിത്സയ്ക്ക് ഗുണകരമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.