രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധന; 68 ശതമാനത്തിലധികം കേരളത്തില്‍നിന്ന് 

 
covid

24 മണിക്കൂറിനിടെ 46,164 രോഗികള്‍, 607 മരണം

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. 24 മണിക്കൂറിനിടെ 46,164 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാള്‍, പതിനായിരത്തിലേറെ രോഗികളുടെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. 607 പേര്‍ രോഗബാധിതരായി മരിച്ചു. 34,159 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 3,25,58,530 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,17,88,440 പേര്‍ രോഗമുക്തരായി. 4,36,365 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ 3,33,725 പേരാണ് ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 11,398 പേരുടെ വര്‍ധനവാണ് ഇന്നലെയുണ്ടായത്.  
 
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.63 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ രോഗബാധിതരുടെ 1.03 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 1.34 ശതമാനമാണ് മരണ നിരക്ക്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.58 ശതമാനമാണ്. 31 ദിവസമായി മൂന്നില്‍ താഴെയാണ് പ്രതിദിന ടിപിആര്‍. പ്രതിവാര ടിപിആര്‍ 62 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.02 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 51.31 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 60.38 കോടി ഡോസ് വാക്സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ 68 ശതമാനത്തിലേറെ കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 31,445 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 38,83,429. ഇവരില്‍ 36,92,628 പേര്‍ രോഗമുക്തരായി. ആകെ മരണം 19,972 ആയി. 1,70,829 പേരാണ് ഇനി ചികിത്സയിലുള്ളത്.