രാജ്യത്ത് 35,662 പേര്‍ക്കുകൂടി കോവിഡ്; രോഗബാധയില്‍ 3.65 ശതമാനം വര്‍ധന

 
Kerala Covid Updates

പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്നലെ 2.5 കോടിയിലധികം വാക്സിന്‍ വിതരണം ചെയ്തു

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 35,000 കടന്നു. ഇന്നലെ 35,662 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 3.65 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 281 പേര്‍ കോവിഡ് ബാധിതരായി മരിച്ചു. 33,798 പേര്‍ രോഗമുക്തരായി. 3,40,63 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 1,583 പേരുടെ വര്‍ധന ഇന്നലെയുണ്ടായി. 

രാജ്യത്ത് ഇതുവരെ 3,34,17,390 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,26,32,222 പേര്‍ രോഗമുക്തരായി. 4,44,529 പേര്‍ രോഗബാധിതരായി മരിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.65 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.46 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 85 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.02 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 55.07 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗമായി, പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്നലെ 2.5 കോടിയിലധികം വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. ആദ്യമായാണ് രാജ്യത്ത് ഒറ്റ ദിവസംകൊണ്ട് 2.5 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കുന്നത്.

കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതിദിന കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ ഏറിയ പങ്കും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 23,260 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,88,926 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 42,56,697 പേര്‍ ഇതുവരെ രോഗമുക്തരായി. മരണം 23,296 ആയി.