രാജ്യത്ത് 35,178 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി 97.52 ശതമാനം

 
India Covid Updates
ആകെ രോഗബാധിതരുടെ 1.14 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്

രാജ്യത്ത് 24 മണിക്കൂറിനിടെ 35,178 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തേക്കാള്‍ പതിനായിരത്തോളം രോഗികളുടെ വര്‍ധനാണുണ്ടായത്. 440 പേര്‍ രോഗബാധിതരായി മരിച്ചു. അതേസമയം, 37,169 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 3,22,85,857 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,14,85,923 പേര്‍ രോഗമുക്തരായി. 4,32,519 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ 3,67,415 പേരാണ് ചികിത്സയിലുള്ളത്. 146 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സജീവ രോഗികളുടെ എണ്ണത്തില്‍ 12,101 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്.  
 
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.52 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആകെ രോഗബാധിതരുടെ 1.14 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.96 ശതമാനമാണ്. 23 ദിവസമായി മൂന്നില്‍ താഴെയാണ് പ്രതിദിന ടിപിആര്‍. പ്രതിവാര ടിപിആര്‍ 54 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 1.95 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 49.84 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 56.06 കോടി ഡോസ് വാക്സിനാണ് നല്‍കിയത്.

പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 21,613 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 37,24,030 ഇവരില്‍ 35,29,465 പേര്‍ രോഗമുക്തരായി. ആകെ മരണം 18,870 ആയി. 1,75,695 പേരാണ് ഇനി ചികിത്സയിലുള്ളത്.

കോവിഡ് ഏറെ ബാധിച്ചത് മഹാരാഷ്ട്രയെയാണ്. സംസ്ഥാനത്ത് 64,01,213 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 62,01,168 പേര്‍ രോഗമുക്തരായി. 1,35,255 പേര്‍ മരിച്ചു. 64,790 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.