കോവിഡ് മരണം; ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോര്‍ജ്

 
covid

സംസ്ഥാനത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. മരണം കണക്കാക്കുന്നത് ചികിത്സിച്ച ഡോക്ടര്‍മാരാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

സര്‍ക്കാര്‍ കണക്കും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കണക്കും തമ്മില്‍ 7000 മരണങ്ങളുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. എന്നാല്‍ അന്തരം സംബന്ധിച്ച് മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ല എന്നും മറുപടിയില്‍ പറയുന്നു.

കോവിഡ് ബാധിതരുടെ മരണക്കണക്കുകള്‍ മറച്ചുവെക്കുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ജൂലൈ 13ന് നല്‍കിയ വിവരാവകാശ നിയപ്രകാരമുള്ള അപേക്ഷയില്‍ ജൂലൈ 23ന് ലഭിച്ച മറുപടി ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കിയ മറുപടി പ്രകാരം സംസ്ഥാനത്ത് 2020 ജനുവരി മുതല്‍ കോവിഡ് ബാധിച്ച് മരിച്ചത് 23,486 പേരാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പോലും 16170 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7316ന്റെ കുറവുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.