കുട്ടികളിലെ കോവിഡ്; മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ എന്താണെന്ന് അറിയാം

 
covid children

പലര്‍ക്കും കൃത്യമായ ധാരണയില്ലാത്ത, മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രനെക്കുറിച്ച് വിശദമായ കുറിപ്പുമായി ഇന്‍ഫോ ക്ലിനിക്ക്. ഡോ. മോഹന്‍ ദാസ് നായരാണ് കുട്ടികളില്‍ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന നീര്‍ക്കെട്ടിനെക്കുറിച്ച് ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്ക് പേജില്‍ വിശദീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍, അപകടസൂചനകള്‍, ചികിത്സ ഉള്‍പ്പെടെ കാര്യങ്ങളും കുറിപ്പില്‍ വായിക്കാം.
 

കുട്ടികളിലെ കൊവിഡ് - MIS-C നെ അറിയാം

---------------------------------------------------------------------

🔴എന്താണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൺ (MIS-C) ?

കുട്ടികളിൽ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന നീർക്കെട്ട് (inflammation ) ആണിത് . കോവിഡ് ബാധ ഉള്ളപ്പോളോ അതിനു ശേഷമോ ഉണ്ടാകാം. കൂടുതലും കോവിഡ് ബാധിച്ച് ഏകദേശം ഒരു മാസം കഴിയുമ്പോളാണ് കാണപ്പെടുന്നത്.

കോവിഡ് 19 എന്ന രോഗം മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ അത്ര ഗുരുതരമാകാറില്ല. ബഹുഭൂരിപക്ഷം പേരിലും ഒരു ലക്ഷണവും ഉണ്ടാകാതെ തന്നെ വൈറസ് ബാധ ഒഴിഞ്ഞു പോകും. (അതുകൊണ്ട് തന്നെ MIS - C എന്ന് രോഗം നിർണ്ണയിക്കപ്പെട്ട നല്ലൊരു ശതമാനം പേരും മുമ്പ് കോവിഡ് വന്നിട്ടുണ്ട് എന്ന കാര്യത്തെപ്പറ്റി അറിഞ്ഞു പോലും ഉണ്ടാവില്ല). മറ്റു ചിലരിൽ ചെറിയ പനി, ചുമ, തൊണ്ടവേദന, ശരീര വേദന, വയറിളക്കം തുടങ്ങിയ ലഘുവായ ലക്ഷണങ്ങൾ കാണുന്നു. മറ്റു ഗുരുതര രോഗങ്ങളുളള കുട്ടികളിലാണ് ചിലപ്പോൾ കോവിഡ് ഗുരുതരമായി മാറാറുള്ളത്.

എന്നാൽ മിസ് - സി ( MIS - C) അങ്ങനെയല്ല. അത് ആർക്ക് വരും എന്ന് ഇന്നത്തെ അറിവ് വെച്ച് പ്രവചിക്കാൻ സാധ്യമല്ല. ഈ രോഗത്തെക്കുറിച്ചുളള നമ്മുടെ അറിവ് ഇന്ന് അപൂർണ്ണമാണ്. ക്രമേണ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് കരുതാം. പൂർണ്ണ ആരോഗ്യവാൻമാരായ കുട്ടികളെയും, മുമ്പ് പ്രത്യേക ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെയും ബാധിക്കാം. കോവിഡ് വൈറസ് ബാധിച്ചവരിൽ മാത്രമാണ് ഇത് കാണപ്പെടുന്നത്. ഹൃദയം, രക്തക്കുഴലുകൾ, വൃക്കകൾ, ദഹന വ്യവസ്ഥ, തലച്ചോറ്, ചർമ്മം, കണ്ണ് തുടങ്ങി വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാം. ഏത് അവയവത്തെയാണ് ബാധിച്ചിരിക്കുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. മുതിർന്നവരിൽ കോവിഡ് സങ്കീർണ്ണമാകുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ് എന്ന് നമുക്കറിയാം ( കോവിഡ് ന്യൂമോണിയ). എന്നാൽ MIS C യിൽ ശ്വാസകോശത്തിന് തകരാറ് സംഭവിക്കുന്നത് അത്ര സാധാരണമല്ല.

20 വയസ്സു വരെ പ്രായമുള്ളവരിൽ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ മാത്രമാണ് അതിനെ മിസ് - സി എന്നു പറയുക. 20 വയസ്സിനു മുകളിലുളളവരിലും കോവിഡിനെത്തുടർന്ന് ഇത്തരം ലക്ഷണങ്ങൾ കാണാം. ആ രോഗത്തെ മിസ് - ഏ (A = Adult - മുതിർന്നവർ) എന്ന് പറയുന്നു.

എത്രമാത്രം സാധാരണമാണ് ഈ രോഗം ?

അമേരിക്കയിൽ നടന്ന ഒരു പഠനം കാണിക്കുന്നത് 10 ലക്ഷം ആളുകളിൽ ഒരു മാസം അഞ്ചു പേർക്ക് എന്ന തോതിൽ ഈ രോഗം ഉണ്ടാകുന്നു എന്നാണ്. കോവിഡ് വന്നവരെ മാത്രം കണക്കിലെടുക്കുകയാണെങ്കിൽ ഇത് പത്ത് ലക്ഷം പേരിൽ ഒരു മാസം 316 പേർക്ക് എന്ന തോതിൽ ഉയരും. വളരെ അപൂർവ്വമാണ് ഈ രോഗം എന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.

🔴എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ ?

👉24 മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന പനി ( കുട്ടികളിൽ മുൻ കാലങ്ങളിൽ പനി വളരെ സാധാരണമായിരുന്നു എങ്കിലും ഈ കോവിഡ് കാലഘട്ടത്തിൽ മറ്റ് രോഗാണുക്കൾ മൂലം ഉള്ള പനി താരതമ്യേന കുറവാണ്)

👉തൊലിപ്പുറമേ കാണുന്ന തിണർപ്പ്

👉വയറിളക്കം

👉വയറുവേദന

👉ഛർദ്ദി

👉വല്ലാത്ത ക്ഷീണം

👉ഹൃദയം പടപടാ മിടിക്കുന്നത് അറിയുക

👉അസാധാരണമായ വേഗത്തിൽ ശ്വാസം എടുക്കുക

👉കണ്ണ് ചുവക്കുക

👉ചുണ്ടും നാവും ചുവന്ന് വീർക്കുക

👉കാൽപാദം, കൈപ്പത്തി എന്നിവ ചുവന്ന് നീരു വെക്കുക

👉തലവേദന, തലചുറ്റൽ

👉കഴലകൾ തടിക്കുക

ഈ ലക്ഷണങ്ങൾ മറ്റ് പല സാധാരണ രോഗങ്ങളിലും കാണാറുണ്ട്. അതിനാൽ ഡോക്ടർമാർ മറ്റു സാധാരണ രോഗങ്ങളെന്തെങ്കിലും ആണോ എന്ന് പ്രത്യേകം ആലോചിക്കുകയും, ആവശ്യമായ പരിശോധനകൾ നിർദ്ദേശിക്കുകയും ചെയ്യും. മിസ്-സി ഉള്ള ഒരു കുട്ടിക്ക് മേൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടാവുകയുമില്ല. അപൂർവ്വമായാണെങ്കിലും ഇതിനു മുമ്പും കുട്ടികളിൽ കാണാറുണ്ടായിരുന്ന കവാസാക്കി രോഗവുമായി ചില സാമ്യങ്ങൾ ഈ രോഗത്തിനുണ്ട്.

🔴അപകട സൂചനകൾ :

👉കടുത്ത വയറു വേദന

👉ശ്വാസം മുട്ട്

👉നെഞ്ച് വേദന

👉നെഞ്ചിൽ ഭാരം കയറ്റി വെച്ച പോലെ തോന്നുക

👉വിരലുകളുടെ അഗ്രഭാഗം, നഖം, ചുണ്ട്, നാവ് എന്നിവിടങ്ങളിൽ നീലിപ്പ് (രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ് പോകുന്ന അവസ്ഥ)

👉ചർമ്മം പെട്ടെന്ന് വിളറി വെളുത്തതായോ, ചാരനിറമായോ കാണപ്പെടുക ( രക്തസമ്മർദ്ദം കുറഞ്ഞ് പോകുന്ന shock എന്ന അവസ്ഥ )

👉പെട്ടെന്നുണ്ടാകുന്ന confusion

👉ഉണർത്തിയാലും ഉണർന്നിരിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള മയക്കം.

കോവിഡ് ബാധിച്ചവർക്കാണ് പിന്നീട് MIS C വരുന്നത് എങ്കിലും, നേരത്തെ പറഞ്ഞ പോലെ, കോവിഡ് ലക്ഷണങ്ങൾ മുമ്പ് ഉണ്ടായിരുന്നിരിക്കണം എന്ന് നിർബന്ധമില്ല.

🔴എപ്പോളാണ് ഡോക്ടറെ സമീപിക്കേണ്ടത്?

ആദ്യം പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുമായി ചർച്ച ചെയ്ത് ആവശ്യമുളള പരിശോധനകൾ ചെയ്യുക

മേൽ പറഞ്ഞ അപകട സൂചനകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക.

🔴മിസ് - സി എന്തുകൊണ്ട് ഉണ്ടാകുന്നു?

കൃത്യമായി അറിയില്ല.

കോവിഡ് വൈറസ് ബാധയെ തുടർന്നാണ് ഇത് ഉണ്ടാകുന്നത്. കോവിഡ് ബാധിച്ച് രണ്ടാഴ്ച മുതൽ 3 മാസം വരെയുള്ള കാലയളവിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത് എങ്കിലും കോവിഡ് രോഗം ബാധിച്ച അവസരത്തിലും ചിലപ്പോൾ കാണാറുണ്ട്.

നമ്മുടെ പ്രതിരോധ സംവിധാനം വൈറസിന്റെ ചില ഘടകങ്ങൾക്കെതിരെ അമിതവും അസാധാരണവുമായി പ്രതികരിക്കുന്നത് കൊണ്ടാണ് എന്നാണ് അനുമാനം. ചിലർക്ക് കോവിഡ് ലക്ഷണങ്ങൾ മുമ്പുണ്ടായിരിക്കാം, അന്ന് പരിശോധനകളിലൂടെ കോവിഡ് ആണ് എന്ന് തെളിഞ്ഞിരിക്കാം. അത്തരം രോഗം വന്നതായി ഉറപ്പില്ലാത്തവരിൽ മുമ്പ് കോവിഡ് വന്നു മാറിയതിന്റെ തെളിവായി കോവിഡിനെതിരായി നമ്മുടെ ശരീരം ഉണ്ടാക്കുന്ന പ്രതിവസ്തു (Antibody) വിന്റെ സാന്നിധ്യം രക്തത്തിൽ ഉണ്ടാകും.

മൂന്നു മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ളവരിലാണ് കൂടുലായി കാണപ്പെടുന്നത് എങ്കിലും നവജാത ശിശുക്കളിലും കൗമാരപ്രായക്കാരിലും ഒക്കെ ഉണ്ടാകാം.

🔴സങ്കീർണ്ണതകൾ:

രോഗ നിർണ്ണയവും ചികിൽസയും വൈകുകയാണെങ്കിൽ വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ച് മരണം വരെ സംഭവിക്കാം. ചിലരിൽ ഹൃദയത്തിനും രക്തക്കുഴലുകൾക്കും സ്ഥായിയായ തകരാറുണ്ടാകാം.

🔴രോഗം വരാതെ നോക്കുന്നതെങ്ങനെ?

👉കോവിഡ് വരാതെ നോക്കുക.

👉വാക്സിൻ ലഭ്യമാകുന്ന മുറക്ക് എല്ലാവരും വാക്സിൻ സ്വീകരിക്കുക.

👉ശാരീരിക അകലം പാലിക്കൽ, ഉചിതമായ രീതിയിലുള്ള മാസ്ക് ധാരണം (5 വയസ്സിനുമുകളിലുള്ള എല്ലാവരും), കൈകളുടെ ശുചിത്വം എന്നിവയിൽ (SMS) ഒരു വിട്ടുവീഴ്ചയും പാടില്ല

👉കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം isolated ആവുക

👉കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ കഴിവതും സ്പർശിക്കാതിരിക്കുക, സ്പർശിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക

👉ചുമക്കുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കുക

🔴എന്തൊക്കെ പരിശോധനകളാണ് വേണ്ടി വരിക ?

ഡോക്ടറുടെ പരിശോധനക്ക് ശേഷമാണ് എന്തൊക്കെ ലബോറട്ടറി പരിശോധനകൾ വേണമെന്ന് തീരുമാനിക്കുന്നത്.

മറ്റു കാരണങ്ങൾ മൂലമുള്ള പനിയാണോ എന്നറിയാനുള്ള പരിശോധനകൾ (രക്തം, മൂത്രം മുതലായവ)

നെഞ്ചിന്റെ എക്റേ പരിശോധന

എക്കോ കാർഡിയോഗ്രാഫി (ഹൃദയത്തിന്റെ പ്രവർത്തനം അറിയുന്നതിന്)

വയറിന്റെ അൾട്രാസൗണ്ട് പരിശോധന

പ്രതിരോധ വ്യവസ്ഥ അമിതമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ഉള്ള CRP, D DIMER തുടങ്ങിയ പരിശോധനകൾ .

മുമ്പ് കോവിഡ് വന്നിട്ടുണ്ടോ എന്നറിയാനുള്ള ആന്റിബോഡി പരിശോധന

🔴ചികിൽസ :

രോഗം വല്ലാതെ ഗുരുതരമാകുന്നതിന് മുമ്പ് കണ്ടുപിടിക്കുകയാണെങ്കിൽ വളരെ ഫലപ്രദമായി ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കും. സ്റ്റീറോയ്ഡ് മരുന്നുകൾ, Intravenous immunoglobulin, I V fluids, Heparin തുടങ്ങിയ മരുന്നുകൾ ഈ രോഗം ചികിൽസിക്കാനായി ഉപയോഗിക്കാറുണ്ട്. മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ support ചെയ്യുന്ന ചികിൽസ വേണ്ടി വന്നേക്കാം. ഹൃദയത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന കാലയളവിൽ വിശ്രമം വേണ്ടി വന്നേക്കാം. രോഗം ഭേദമായാലും ഡോക്ടർമാർ നിർദ്ദേശിക്കുന്ന മുറയ്ക്ക് തുടർ പരിശോധനകൾ വേണ്ടി വരും.

തുടക്കത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ ഫല പ്രദമായി ചികിൽസിച്ച് ഭേദമാക്കാം എന്നതിനാൽ ജനങ്ങൾക്ക് ഈ രോഗത്തെപ്പറ്റി ഒരു അവബോധം ആവശ്യമാണ്. അതേസമയം കോവിഡ് വന്ന കുട്ടികളിൽ വളരെ വളരെ ചെറിയ ശതമാനത്തിന് മാത്രമേ ഈ ഗുരുതര രോഗം വരുന്നുള്ളൂ എന്നതിനാൽ അകാരണമായ ഭീതി പരത്തുന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടിങ്ങ് ഒഴിവാക്കേണ്ടതാണ്.

എഴുതിയത് :ഡോ. മോഹൻ ദാസ് നായർ

ഇൻഫോ ക്ലിനിക്