'ഇന്ത്യയില്‍ കോവിഡ് വ്യാപനം പ്രാദേശിക തലത്തിലേക്ക് ചുരുങ്ങിയേക്കാം; മൂന്നാംതരംഗം പ്രവചിക്കുക അസാധ്യം' 

 
soumya swaminathan

കേരളത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തണം

ഇന്ത്യയില്‍ കോവിഡ് വ്യാപനം പ്രാദേശിക തലത്തിലേക്ക് (Endemicity) ചുരുങ്ങിയേക്കാമെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുക്കുമ്പോള്‍, അങ്ങനെ സംഭവിക്കാനാണ് സാധ്യത. മഹാമാരിയില്‍നിന്ന് കോവിഡ് പ്രാദേശികമായി മാറും. കേസുകളില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകാം. എന്നാല്‍, ഏപ്രില്‍-മെയ് മാസങ്ങളിലെ വിനാശകരമായ രണ്ടാം തരംഗം പോലെ അവ രൂക്ഷമാകാന്‍ സാധ്യതയില്ലെന്നും ഡോ. സൗമ്യ പറയുന്നു. 'ദി വയര്‍' ന്യൂസ് പോര്‍ട്ടലിനായി കരണ്‍ ഥാപ്പറിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

വൈറസിനൊപ്പം ജീവിക്കാന്‍ ഒരു ജനത അറിവ് നേടുന്ന ഘട്ടമാണ് എന്‍ഡെമിക് സ്റ്റേജ്. വൈറസ് ഒരു ജനതെയാകെ കീഴടക്കുന്ന എപിഡെമിക് സ്റ്റേജില്‍നിന്ന് അത് വ്യത്യസ്തമാണ്. പ്രതിദിന രോഗികളുടെ പ്രതിവാര ശരാശരിയില്‍ ഉള്‍പ്പെടെ കുറവ് വന്നിട്ടുണ്ട്. അത് 32,000ല്‍ താഴെയാണ്. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ആര്‍ നമ്പര്‍ (രോഗവ്യാപന തോത്) 0.9 ശതമാനമായെന്നും പറയപ്പെടുന്നത്. കഴിഞ്ഞയാഴ്ച പ്രതിദിന കേസുകള്‍ 40,000നു മുകളിലായിരുന്നു. ആര്‍ നമ്പര്‍ 1.1നു മുകളിലായിരുന്നു. 

ഇന്ത്യന്‍ ജനസംഖ്യയുടെ വലിപ്പം, വൈവിധ്യം, പ്രതിരോധ ശേഷി എന്നിവ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ കോവിഡ് വ്യാപനവും വ്യത്യസ്ത തോതിലായിരിക്കും. ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കോവിഡ് വ്യാപിക്കാത്ത മേഖലകളിലും വാക്സിനേഷന്‍ പൂര്‍ണമാകാത്ത സ്ഥലങ്ങളിലും വരും മാസങ്ങളില്‍ സംഭവിക്കാനിരിക്കുന്ന മൂന്നാം തരംഗത്തില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ട്. കോവിഡ് കേസുകളില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകാം. എന്നാല്‍, രണ്ടാം തരംഗം പോലെ അവ രൂക്ഷമാകാന്‍ സാധ്യതയില്ല.

കേരളത്തില്‍ രോഗവ്യാപനം തുടരുന്നുണ്ടെന്ന് ഡോ. സൗമ്യ അഭിപ്രായപ്പെട്ടു. അത് പുതിയ വൈറസ് വകഭേദം ഉണ്ടായിവരുമോയെന്ന ഭീതി ജനിപ്പിക്കുന്നു. എന്നാല്‍, കേരളം കോവിഡ് സാഹചര്യം നന്നായി പ്രതിരോധിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലേത്. രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടക്കുന്നതും കേരളത്തിലാണ്. എന്നാല്‍, സംസ്ഥാനത്ത് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ടെന്നും സൗമ്യ പറഞ്ഞു.  

സെപ്റ്റംബര്‍ പകുതിയോടെ, ലോകാരോഗ്യ സംഘടന കോവാക്‌സിനെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. സെപ്റ്റംബറിലെ ആദ്യ 10 ദിവസത്തിനുള്ളില്‍ സ്വതന്ത്ര വിലയിരുത്തല്‍ സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ജൂലൈ മൂന്നാം ആഴ്ചയില്‍ മാത്രമാണ് കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് രേഖകള്‍ സമര്‍പ്പിച്ചത്. അവ യഥാവിധം പരിശോധിച്ച് സമാഹരിക്കുന്നതിലുണ്ടായ കാലതാമസമാണ് വിലയിരുത്തല്‍ വൈകാന്‍ കാരണം. 

2022 അവസാനത്തോടെ 70 ശതമാനത്തോളം ആളുകള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കഴിയും. രാജ്യങ്ങള്‍ക്ക് പഴയ അവസ്ഥയിലേക്ക് മടങ്ങിയെത്താനാകും. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ല. കുട്ടികളില്‍ കുറഞ്ഞ അളവിലാണ് രോഗം വ്യാപിക്കുന്നത്. മുതിര്‍ന്നവരെ പോലെ രോഗം ഗുരുതരമാകുന്നില്ല. മരണ നിരക്കും കുറവാണ്. കുട്ടികളിലേക്ക് രോഗ വ്യാപനം ഉണ്ടാകുന്നത് തടയാന്‍ ആശുപത്രികളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം. പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ കൂടുതലായി ഒരുക്കണം. കോവിഡ് മൂന്നാംതരംഗം പ്രവചിക്കുക അസാധ്യമാണ്. എവിടെ, എപ്പോള്‍ മൂന്നാംതരംഗം സംഭവിക്കുമെന്ന് പറയാനാകില്ല. ചിലപ്പോള്‍ മൂന്നാം തരംഗം സംഭവിച്ചേക്കില്ലെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.