കോവിഡ്കാലത്തും കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കാം; കഥാപുസ്തകവുമായി ലോകാരോഗ്യ സംഘടന

 
Children Story

കുട്ടികളുടെ ദൈനംദിന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് ശ്രദ്ധയെ ക്ഷണിക്കുന്ന കഥകള്‍ 

കോവിഡ്കാലത്ത് കുട്ടികളില്‍ പ്രതീക്ഷ നല്‍കുന്നതിനും പോസിറ്റീവ് മനോഭാവം വളര്‍ത്തുന്നതിനും സഹായിക്കുന്ന കഥാപുസ്തകവുമായി ലോകാരോഗ്യ സംഘടന. 2020 ഏപ്രില്‍ പ്രസിദ്ധീകരിച്ച ‘My Hero is You: how kids can fight COVID-19!’എന്ന കഥാപുസ്തകത്തിന്റെ രണ്ടാം ഭാഗമായാണ് പുതിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘My Hero is You 2021: how kids can hope with COVID-19!’ എന്നാണ് പുതിയ പുസ്തകത്തിന്റെ പേര്. മഹാമാരിയുടെ തുടക്കംമുതലുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ ദൈനംദിന യാഥാര്‍ത്ഥ്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന, യൂണിസെഫ്, അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ്, റെഡ് ക്രെസന്റ് സൊസൈറ്റികള്‍, കുട്ടികള്‍ക്കും പ്രതികൂല സാഹചര്യങ്ങളില്‍പെടുന്ന കുടുംബങ്ങള്‍ക്കായുമുള്ള എം.എച്ച്.പി.എസ്.എസ് ഉള്‍പ്പെടെ മാനുഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 60 സംഘടനകളുടെ സഹകരണത്തോടെയാണ് രണ്ട് പുസ്തകങ്ങളും പുറത്തിറക്കിയത്.

മഹാമാരിക്കാലം പലര്‍ക്കും, തങ്ങളുടെ വിദ്യാഭ്യാസം, വിനോദം, സുഹൃത്തുക്കള്‍, കുടുംബം, അധ്യാപകര്‍ എന്നിവരുമായുള്ള ബന്ധത്തിന് തടസം സൃഷ്ടിക്കുകയാണ്. ദശലക്ഷക്കണക്കിന് കുട്ടികളുടെ ദൈനംദിന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധയെ ക്ഷണിക്കുന്നതാണ് പുസ്തകം. ആറിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ മാനസികപരമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍ ഏജന്‍സി സ്റ്റാന്‍ഡിങ് കമ്മിറ്റി റഫറന്‍സ് ഗ്രൂപ്പ് ഓണ്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ഇന്‍ എമര്‍ജന്‍സി സെറ്റിങ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

അരിയോ എന്ന സാങ്കല്‍പ്പിക കഥാപാത്രം ലോകമെങ്ങും യാത്ര ചെയ്യുന്നതും കുട്ടികള്‍ക്ക് സന്തോഷം പകരുകയും ഭാവിയെക്കുറിച്ച് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതുമാണ് കഥകളിലുള്ളത്. പഴയതും പുതിയതുമായ കൂട്ടുകാര്‍ക്കൊപ്പം, മഹാമാരിക്കാലത്തെ കുട്ടികളിലെ ഭയം, ആശങ്കകള്‍, പിരിമുറുക്കം ഉള്‍പ്പെടെ പ്രശ്‌നങ്ങളാണ് അരിയോ അഭിസംബോധന ചെയ്യുന്നത്. ഭയം, ദേഷ്യം, സങ്കടം എന്നിങ്ങനെയുള്ള വികാരങ്ങള്‍ നേരിടുന്നതിനെ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് കഥകള്‍. 

മഹാമാരിയുടെ രണ്ടാം വര്‍ഷത്തിലും തുടരുന്ന വെല്ലുവിളികളെക്കുറിച്ച് കുട്ടികള്‍, മാതാപിതാക്കള്‍, കെയര്‍ഗിവേഴ്‌സ്, അധ്യാപകര്‍ എന്നിങ്ങനെ അയ്യായിരത്തിലധികം ആളുകളില്‍ നിന്നുള്ള പ്രതികരണം ആരാഞ്ഞതില്‍ നിന്നാണ് കഥാപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അറബി, ബംഗാളി. ചൈനീസ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ്, സ്വാഹിലി എന്നീ ഭാഷകളിലാണ് പുസ്തകം ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ബ്രെയ്‌ലി ഉള്‍പ്പെടെ 140 ഭാഷകളിലും ആനിമേഷന്‍ വീഡിയോകളായും ഓഡിയോ ഫോര്‍മാറ്റിലും ആക്ടിവിറ്റി ബുക്കുകളിലുമായി ലഭ്യമാകും. സര്‍ക്കാരുകള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാരിതര സംഘടനകള്‍, മാധ്യമ സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിവരുമായി ചേര്‍ന്നാണ് യുഎന്‍ ആഗോളതലത്തില്‍ പുസ്തക വിതരണം സാധ്യമാക്കുന്നത്.