ഏഴ് മുതല്‍ 11 വയസുവരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

 
Covid Vaccination

കുട്ടികളിലെ കോവിഡ് വാക്‌സിന്‍ പരീക്ഷത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അനുമതി. ഏഴിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ യുഎസ് കമ്പനിയായ നൊവവാക്‌സിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിശദമായ ആലോചനയ്ക്കുശേഷം, ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള പ്രോട്ടോക്കോള്‍ പാലിച്ചാണ് നോവവാക്‌സിന് അനുമതി നല്‍കിയതെന്ന് ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതി അംഗത്തെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ ഉല്‍പാദകരാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. 

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ കോവിഡ് വാക്‌സിനായ കൊവോവാക്‌സിന്റെ പരീക്ഷണം നടത്തുന്നുണ്ട്. നൊവവാക്‌സിന്റെ ആഭ്യന്തര പതിപ്പായ വാക്‌സിന്‍ 12-17 പ്രായക്കാരിലാണ് പരീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായ 100 പേരുടെ സുരക്ഷാ ഡേറ്റ കമ്പനി അവതരിപ്പിച്ചിരുന്നു. അതേസമയം, നൊവവാക്‌സ് വാക്‌സിന് ഇന്ത്യ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. നിലവില്‍, കുട്ടികള്‍ക്കുള്ള വാക്‌സിനില്‍, സൈഡസ് കാഡിലയുടെ വാക്‌സിനു മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളത്. 12-18 വയസ് വിഭാഗത്തിലുള്ളവരില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ഈ വാക്‌സിനു ലഭിച്ചത്. അതേസമം, അടുത്തവര്‍ഷം ജനുവരിയിലോ ഫ്രെബുവരിയിലോ 18 വയസിനു താഴെയുള്ളവര്‍ക്ക് കൊവോവാക്‌സ് നല്‍കുന്നതിനുള്ള അംഗീകാരം ലഭിച്ചേക്കുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാലെ പറയുന്നത്. 

മൂന്നാം ഘട്ട പരീക്ഷണഫലത്തില്‍, കൊറോണ വൈറസിന്റെ യഥാര്‍ഥ വകഭേദത്തിനെതിരെ 89.3 ശതമാനം ഫലപ്രാപ്തിയാണ് നൊവവാക്സ് അവകാശപ്പെടുന്നത്. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വ്യാപകമായ യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പരീക്ഷണത്തിന്റെ ഫലമാണ് പുറത്തുവിട്ടത്. വാക്‌സിന്റെ രണ്ട് ഡോസുകളാണ് ശുപാര്‍ശ ചെയ്യുന്നത്.