വാക്‌സിനെടുത്തവരില്‍ കോവിഡ് അപകടസാധ്യത 90 ശതമാനം കുറവ്: 2.26 കോടി ആളുകളില്‍ നടത്തിയ പഠനം

 
Kerala Vaccination

ഗുരുതരമായ അണുബാധ ഒഴിവാക്കുകയെന്നതാണ് ഏറ്റവും വലിയ പൊതുജനാരോഗ്യ ലക്ഷ്യം

കോവിഡ് അപകട സാധ്യത 90 ശതമാനത്തോളം കുറയ്ക്കാന്‍ വാക്‌സിനേഷന്‍ സഹായകമെന്ന് പഠനം. കോവിഡ് ബാധിച്ച് മരിക്കുന്നതിനോ ആശുപത്രിയിലാകുന്നതിനോയുള്ള സാധ്യതകളെ വാക്‌സിനേഷന്‍ തടയുമെന്നാണ് ഫ്രഞ്ച് പഠനം വ്യക്തമാക്കുന്നത്. അമ്പത് വയസിനു മുകളിലുള്ള 2.26 കോടി ആളുകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഏറ്റവും അപകടകാരിയായ ഡെല്‍റ്റ വകഭേദത്തെപ്പോലും ഫലപ്രദമായി പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ സഹായിക്കും. വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് രോഗബാധിതരായി മരിക്കാനോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോയുള്ള സാധ്യത വാക്‌സിന്‍ സ്വീകിച്ചവരില്‍ ഒമ്പത് മടങ്ങ് കുറവാണെന്നും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച എപ്പിഡെമിയോളജിസ്റ്റ് മഹ്‌മൂദ് സുറെയ്ക് പറയുന്നു.

വാക്‌സിനേഷന്‍ സംബന്ധിച്ച്, ഇത്രയധികം ആളുകളെ ഉള്‍പ്പെടുത്തിയുള്ള പഠനം ആദ്യമാണ്. ഫ്രാന്‍സിലെ ആരോഗ്യ സംവിധാനത്തിനു കീഴില്‍ എപി-ഫരെ എന്ന ശാസ്ത്ര സംഘമാണ് പഠനം നടത്തിയത്. 50 വയസ് പിന്നിട്ടവരും വാക്‌സിനെടുത്തവരുമായ 1.13 കോടി ആളുകളെയും അതേ പ്രായത്തിലും എണ്ണത്തിലും വാക്‌സിന്‍ എടുക്കാത്തവരെയുമാണ് ഗവേഷകര്‍ പഠനത്തിന് വിധേയരാക്കിയത്. ഫ്രാന്‍സില്‍ വാക്‌സിനേഷന്‍ തുടങ്ങിയ 2020 ഡിസംബര്‍ 27നും ഈവര്‍ഷം ജൂലൈ 20നുമിടയിലായിരുന്നു പഠനം. വാക്‌സിന്റെ രണ്ട് ഡോസും എടുത്ത് 14 ദിവസം കഴിഞ്ഞവരില്‍ ആശുപത്രിയിലാകുന്നതിനുള്ള സാധ്യത 90 ശതമാനത്തോളം കുറവായിരുന്നെന്ന് പഠനം പറയുന്നു. രോഗബാധിതരായി മരിക്കാനുള്ള സാധ്യതയും അത്രത്തോളം കുറഞ്ഞിരുന്നു. സമാന കണ്ടെത്തല്‍ ഇസ്രായേല്‍, യുകെ, യുഎസ് എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. 

അഞ്ച് മാസത്തെ പഠനത്തിനിടെ, കോവിഡിന്റെ ഗുരുതരമായ ലക്ഷണങ്ങളെ പ്രതിരോധിക്കുന്നതില്‍ വാക്‌സിനുകളുടെ ഫലപ്രാപ്തിയില്‍ ഏതെങ്കിലും തരത്തിലുള്ള കുറവുകള്‍ പ്രകടമായിരുന്നില്ല. ഫൈസര്‍, ബയോ എന്‍ടെക്, മൊഡേണ, ഓക്‌സ്‌ഫോഡ് ആസ്ട്രാസെനക എന്നിങ്ങനെ ഏത് വാക്‌സിന്‍ സ്വീകരിച്ചവരിലും ഫലം ഒന്നായിരുന്നു. അതേസമയം, രാജ്യത്ത് അംഗീകരിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

ഫ്രാന്‍സില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനും പഠനത്തിന്റെ അവസാനവും തമ്മില്‍ ഒരു മാസത്തെ മാത്രം ഇടവേളയാണുണ്ടായിരുന്നത്. എന്നാല്‍, ഡെല്‍റ്റ വകഭേദം മൂലമുള്ള അപകടകരമായ ലക്ഷണങ്ങളും മരണവും വാക്‌സിന്‍ സ്വീകരിച്ച 75 വയസ് കഴിഞ്ഞവരില്‍ 84 ശതമാനവും 50-74 പ്രായക്കാരില്‍ 92 ശതമാനവും കുറഞ്ഞിരുന്നു. വൈറസ് വകഭേദത്തിന്റെ യഥാര്‍ത്ഥ സ്വാധീനം വിലയിരുത്തുന്നതിനുള്ള വളരെ ചുരുങ്ങിയ സമയം മാത്രമാണ് ലഭിച്ചത്. പഠനത്തിലെ കണ്ടെത്തല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇതുസംബന്ധിച്ച കൂടുതല്‍ പഠനം തുടരുമെന്ന് സുറെയ്ക് പറഞ്ഞു.  

ഏറ്റവുമടുത്ത താരതമ്യം ഉറപ്പുവരുത്തുന്നതിനായി, ഒരേ പ്രായത്തിലുള്ള, ലിംഗത്തിലുള്ള, ഒരേ സ്ഥലത്ത് താമസിക്കുന്ന വാക്‌സിന്‍ എടുത്തവരെയും വാക്‌സിന്‍ എടുക്കാത്തവരെയും ജോഡികളാക്കിയാണ് പഠനം നടത്തിയത്. വാക്‌സിന്‍ എടുത്തവരില്‍ രോഗ ലക്ഷണങ്ങളും അപകടാവസ്ഥയും എത്രത്തോളമെന്നാണ് പഠനം വിലയിരുത്തിയത്. വാക്‌സിനുകള്‍ ആളുകളെ രോഗം ബാധിക്കുന്നതില്‍ നിന്നോ പകരുന്നതില്‍നിന്നോ തടഞ്ഞിരുന്നോ എന്ന കാര്യം പഠനത്തില്‍ വിലയിരുത്തിയിട്ടില്ല. ഗുരുതരമായ അണുബാധ ഒഴിവാക്കുകയെന്നതാണ് ഏറ്റവും വലിയ പൊതുജനാരോഗ്യ ലക്ഷ്യമെന്ന് സുറെയ്ക് പറയുന്നു. ഗുരുതരമായ അണുബാധയില്ലാത്ത പകര്‍ച്ചവ്യാധി ഒരു പകര്‍ച്ചവ്യാധി അല്ലെന്നും സുറെയ്ക് കൂട്ടിച്ചേര്‍ക്കുന്നു.