ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ പുകയില ഉപയോഗം വര്‍ധിക്കുന്നു: റിപ്പോര്‍ട്ട്

 
women smoking

നഗരങ്ങളില്‍ സിഗരറ്റ് വലിക്കുന്നവരാണ് കൂടുതല്‍, ഗ്രാമങ്ങളില്‍ ബീഡിയാണ് പ്രധാനം

രാജ്യത്ത് ഗ്രാമത്തിലെ സ്ത്രീകള്‍ക്കിടയില്‍ പുകയില ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. 2019-20ലെ ദേശീയ കുടുംബാരോഗ്യസര്‍വേ 5ന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ആസ്ഥാനമായുള്ള എഎഫ് ഡെവലപ്‌മെന്റ് സെന്ററാണ് (എഎഫ്ഡിസി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍വേ 4ല്‍ ഗ്രാമീണ സ്ത്രീകളിലെ പുകയില ഉപയോഗം 13.67 ശതമാനമായിരുന്നു. പുതിയ സര്‍വേയില്‍ അത് 17.83 ശതമാനമായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. 

കര്‍ണാടക, അസം, ഗുജറാത്ത്, ഒഡീഷ, ഉത്തര്‍പ്രദേശ്, ജമ്മു, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് റിപ്പോര്‍ട്ട്. അതേസമയം, മണിപ്പുര്‍, മേഘാലയ, നാഗാലാന്‍ഡ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമീണ സ്ത്രീകളുടെ പുകയില ഉപയോഗത്തില്‍ വര്‍ധന ദൃശ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒഡീഷയിലും കര്‍ണാടകയിലും സിഗരറ്റ് വലിക്കുന്നത് കൂടുതലാണെന്ന് എഎഫ്ഡിസി ഡയറക്ടറും പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ സച്ചി സതാപതിയെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് പറയുന്നു. ഒഡീഷയില്‍ 62.50 ശതമാനം പേരും കര്‍ണാടകയില്‍ 63.68 ശതമാനം പേരും സിഗരറ്റ് വലിക്കുന്നു. നഗരങ്ങളിലാണ് സിഗരറ്റ് വലിക്കുന്നവര്‍ കൂടുതല്‍. ഗ്രാമങ്ങളില്‍ പുകവലിക്കാന്‍ പ്രധാനമായും ബീഡിയെയാണ് ആശ്രയിക്കുന്നത്. കര്‍ണാടകയിലാണ് ഇത് കൂടുതല്‍, 35.32 ശതമാനം പേരാണ് ബീഡി ഉപയോഗിക്കുന്നത്. മറ്റു തരത്തിലുള്ള പുകയില ഉപയോഗത്തില്‍, ഗുഡ്ക ഉപയോഗത്തില്‍ ഗുജറാത്താണ് മുന്നില്‍. 69.19 ശതമാനം പേരാണ് സംസ്ഥാനത്ത് ഗുഡ്ക ഉപയോഗിക്കുന്നത്. 24.25 ശതമാനവുമായി യുപിയാണ് ഏറ്റവും പിന്നില്‍. പുകയില ചവയ്ക്കുന്നതില്‍ 30.07 ശതമാനവുമായി അസമാണ് മുന്നില്‍. 28 ശതമാനവുമായി കര്‍ണാടകയും ജമ്മു കാശ്മീരും പിന്നിലുണ്ട്.  

ഗ്രാമ, നഗര പ്രദേശങ്ങളിലെ പുകയില ഉപയോഗത്തിന് പല ഘടകങ്ങള്‍ കാരണമാകുന്നതായി പഠനത്തില്‍ പങ്കാളിയും ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മാനേജ്‌മെന്റ് റിസര്‍ച്ചില്‍ അസോസിയേറ്റ് പ്രൊഫസറുമായ ആര്‍ സരള അഭിപ്രായപ്പെടുന്നു. നഗരങ്ങളില്‍, കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ സിഗരറ്റ് വലി വര്‍ധിക്കുന്നുണ്ട്. സമപ്രായക്കാരുടെ സമ്മര്‍ദ്ദം, മധ്യവര്‍ഗ, ഐടി മേഖലയില്‍ ഉള്‍പ്പെടുന്നവര്‍ക്കിടയിലെ ഭയം-സമ്മര്‍ദ്ദം എന്നിവയാണ് അതിലേക്ക് അവരെ നയിക്കുന്നത്. അതേസമയം, ഗ്രാമങ്ങളില്‍ പുരുഷന്മാരാണ് കൂടുതല്‍ ബീഡി ഉപയോഗിക്കുന്നത്. സ്ത്രീകളില്‍ മറ്റു തരത്തിലുള്ള പുകയില ഉപയോഗമാണ് കൂടുതല്‍. എന്നാല്‍ ഏത് തരത്തിലുള്ള പുകയില ഉപയോഗവും ആരോഗ്യത്തിന് ഹാനികരമാണെന്നതിനാല്‍ അന്തിമഫലം ഗുരുതരമാണെന്നും ഡോ. സരള കൂട്ടിച്ചേര്‍ത്തു. 

ഇതെല്ലാം കുട്ടികളെ പല തരത്തില്‍ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 18 ശതമാനം സ്ത്രീകളും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കുട്ടികളെയാണ് പറഞ്ഞയയ്ക്കുന്നത്. പുരുഷന്മാരില്‍ ഇത് 5 ശതമാനമാണെന്നും പഠനത്തില്‍ കണ്ടെത്തി. കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ പുകയില ഉപയോഗത്തിലേക്ക് നയിക്കാന്‍ ഇത് കാരണമാകുന്നുണ്ടെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 18 വയസിനു താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കരുതെന്നാണ് നിയമം. എന്നാല്‍, പലപ്പോഴും കട ഉടമകള്‍ ഇത്തരം നിയമങ്ങള്‍ പാലിക്കാറില്ല. പുകവലിക്കാനല്ലാത്ത പുകയില ഉല്‍പന്നങ്ങള്‍ക്കും ബീഡികള്‍ക്കും നികുതി കുറവായതിനാല്‍ വില കുറഞ്ഞിരിക്കുന്നതും ഇവയുടെ ഉപയോഗം കൂടാന്‍ കാരണമാകുന്നതായി ഡോ. സരള പറയുന്നു.  

നിലവിലെ പ്രവണതകള്‍ തുടരുകയാണെങ്കില്‍, ഇന്ത്യന്‍ ജനസംഖ്യയുടെ വലിയൊരു ശതമാനം പുകയിലയുമായി ബന്ധപ്പെട്ട രോഗം മൂലം അകാലത്തില്‍ മരിക്കുമെന്നാണ് സച്ചി സതാപതി നല്‍കുന്ന മുന്നറിയിപ്പ്. പുകയില നിയന്ത്രണത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ചട്ടക്കൂട് കണ്‍വെന്‍ഷന്‍ പാലിക്കുന്നതില്‍ ഇന്ത്യയുടെ ശ്രമങ്ങള്‍ ക്രമരഹിതമാണ്. പല സംസ്ഥാനങ്ങളിലും നിയന്ത്രണവും നിരീക്ഷണവും കാര്യക്ഷമമല്ല. നിയമം നടപ്പാക്കുന്നതിലും പാളിച്ചകളുണ്ട്. പുകയില നിയന്ത്രണത്തിനായി നികുതി, നിയമനിര്‍മാണം ഉള്‍പ്പെടെ കാര്യങ്ങളില്‍ കൂടുതല്‍ തന്ത്രപരമായ സമീപനം ആവശ്യമാണെന്നും സച്ചി സതാപതി കൂട്ടിച്ചേര്‍ത്തു.