കൊറോണ വൈറസ് ഉണ്ടായതോ ഉണ്ടാക്കിയതോ? ഇനിയും കെട്ടടങ്ങാത്ത വിവാദം

 
wuhan

വൈറസ് ഉത്ഭവത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കണമെന്ന് യുഎസ്

ലോകമെങ്ങും പടര്‍ന്നുപിടിച്ച കോവിഡിന് കാരണമായ പുതിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവാദം ഇനിയും അവസാനിച്ചിട്ടില്ല. വുഹാനിലെ ലാബില്‍നിന്ന് പുറത്തായതാണോ അല്ലെങ്കില്‍ സ്വഭാവികമായി ഉണ്ടായതാണോ എന്ന സംശയമാണ് വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നത്. ഇക്കൊല്ലം ജനുവരിയില്‍ ചൈന സന്ദര്‍ശിച്ച ലോകാരോഗ്യ സംഘടന, സാര്‍സ്-കോവി-2 വൈറസ് മനുഷ്യനിര്‍മിതിയാണെന്ന വാദം തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, വിവാദം കെട്ടടങ്ങിയിട്ടില്ല, ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്കും കുറവില്ല. കൃത്യമായ തെളിവുകളൊന്നുമില്ലെങ്കിലും ആരോപണങ്ങളും സംശയമുനകളും നീളുന്നത് ചൈനയിലേക്കാണ്. വൈറസ് ഉത്ഭവം സംബന്ധിച്ച് വീണ്ടും അന്വേഷിക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കാലത്ത് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച ആരോപണങ്ങള്‍ പിന്നീട് പല രാജ്യങ്ങളും ഏറ്റുപിടിച്ചു. ട്രംപിനു പകരക്കാരനായി ജോ ബൈഡന്‍ വന്നപ്പോഴും സ്ഥിതി മാറിയില്ല. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കണമെന്നാണ് യുഎസും ബ്രിട്ടനും ഉള്‍പ്പെടെ അംഗരാജ്യങ്ങള്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

വുഹാന്‍ ലാബിനെ ചുറ്റിപ്പറ്റിയുള്ള ആരോപണം
2019 ഡിസംബറില്‍, ചൈനയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ കടുത്ത ന്യൂമോണിയ ബാധിച്ച് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകര്‍ ചികിത്സ തേടിയിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നവംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരുടെ രോഗ-ചികിത്സാ വിവരങ്ങള്‍ പുറത്തുവിടണമെന്ന് യുഎസിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനായ ഡോ. ആന്റണി ഫൗച്ചി ആവശ്യപ്പെട്ടിരുന്നു. ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ ലഭിച്ചാല്‍ വൈറസ് വുഹാന്‍ ലാബില്‍നിന്നാണോ പുറത്തുവന്നതിനെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ ലഭിച്ചേക്കുമെന്നായിരുന്നു ഡോ. ഫൗച്ചിയുടെ പ്രസ്താവന. ഇക്കാര്യങ്ങളില്‍ യുഎസ് ഇന്റലിജന്‍സ് അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍, യുഎസ് ആരോപണങ്ങളെ ചൈന തള്ളിയിരുന്നു. 2019 ഡിസംബര്‍ 30ന് മുമ്പ് കൊറോണ വൈറസിനെ കൈകാര്യം ചെയ്തിട്ടില്ലെന്ന് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വ്യക്തത വരുത്തിയിട്ടുള്ളതാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ അന്ന് പ്രതികരിച്ചത്. 

വൈറസ് ഉത്ഭവം വീണ്ടും ചര്‍ച്ചയാകുന്നു
കുറച്ചുകാലത്തേക്കെങ്കിലും വിസ്മൃതിയിലായ ആരോപണങ്ങളും യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. വൈറസിന്റെ ഉത്ഭവം സംബന്ധിച്ച ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ കത്ത് സയന്‍സ് ജേണലിലും പഴയ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വാള്‍സ്ട്രീറ്റ് ജേണലിലും പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് യുഎസ് ഉള്‍പ്പെടെ രാജ്യങ്ങള്‍ വീണ്ടും ചൈനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഡേവി എ റെല്‍മന്റെ നേതൃത്വത്തില്‍ 18 ശാസ്ത്രജ്ഞരുടെ കത്താണ് മെയ് 13ന് സയന്‍സ് ജേണല്‍ പ്രസിദ്ധീകരിച്ചത്. കോവിഡ് എങ്ങനെയുണ്ടായി എന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. കോവിഡിന് കാരണമായ കൊറോണ വൈറസ് ലാബില്‍ നിന്നുണ്ടായതാണോ അതോ സ്വഭാവികമായി സംഭവിച്ചതാണോ എന്നിങ്ങനെ രണ്ട് വാദങ്ങളും വിശദമായി അന്വേഷിക്കണമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ ആവശ്യം. സാര്‍സ്-കോവി-2 മനുഷ്യനിര്‍മിതിയാണെന്ന വാദം, വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം തന്നെ ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞിരുന്നു. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിരുന്നു. അന്ന് റിപ്പോര്‍ട്ടിനെ അനുകൂലിച്ചവര്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ കത്തെഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  

വൈറസ് ഉത്ഭവം സംബന്ധിച്ച പഴയ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മെയ് 23നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചത്. 2019 ഡിസംബറില്‍ കോവിഡ് സ്ഥിരീകരിക്കുംമുമ്പ് വുഹാന്‍ ലാബിലെ ഗവേഷകര്‍ കടുത്ത ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ വിവരത്തെ ഉപജീവിച്ചുള്ളതാണ് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ന്യൂമോണിയ ബാധിക്കാനുള്ള കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന ഔദ്യോഗികമായി സ്ഥിരീകരിക്കുംമുമ്പ് കോവിഡ് പടര്‍ന്നിരുന്നുവെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 

ബൈഡനും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും
ശാസ്ത്രജ്ഞരുടെ കത്തും വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടും പുറത്തുവന്നതിനു പിന്നാലെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിഷയത്തില്‍ ഇടപെട്ടു. വൈറസ് ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ പുനരന്വേഷണം വേണമെന്ന് ഡോ. ആന്റണി ഫൗച്ചി ലോകാരോഗ്യ സംഘടനയോടും ആവശ്യപ്പെട്ടു. വൈറസ് മനുഷ്യനിര്‍മിതിയാണെന്ന യുഎസ് വാദങ്ങളെ അംഗീകരിക്കാത്ത ഫൗച്ചി, വൈറസിന്റെ ഉത്ഭവം സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. ബൈഡന്റെ നിര്‍ദേശ പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട് യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി കഴിഞ്ഞദിവസം പുറത്തുവിട്ടു. 2019 ഡിസംബറില്‍ കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനുമുമ്പ്, നവംബറില്‍ തന്നെ രോഗം പടര്‍ന്നിരുന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് റിപ്പോര്‍ട്ട്. 

അതേസമയം, വൈറസിനെ ഒരു ജൈവ ആയുധമായി വികസിപ്പിച്ചെടുത്തതല്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസിനെ ലാബില്‍ നിര്‍മിക്കാനാവില്ലെന്ന് പല ഏജന്‍സികളഉം കരുതുന്നു. എന്നിരുന്നാലും, ഇക്കാര്യത്തില്‍ അന്തിമ വിലയിരുത്തലിന് മതിയായ തെളിവുകള്‍ ഇല്ലെന്നാണ് ചില ഏജന്‍സികള്‍ പറയുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് വൈറസിനെക്കുറിച്ച് ചൈനീസ് അധികൃതര്‍ക്ക് അറിവുണ്ടായിരുന്നില്ല. അതിനാല്‍, ഇതുസംബന്ധിച്ച കൃത്യമായ, പുതിയ വിവരങ്ങളില്ലാതെ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്തിമ വിലയിരുത്തല്‍ സാധിക്കില്ല. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ആഗോള അന്വേഷണങ്ങളെ തടയുന്ന സമീപനം ബീജിങ് തുടരുകയാണ്. ഇക്കാര്യത്തില്‍ കൃത്യവും പൂര്‍ണവുമായ വിലയിരുത്തലിലെത്താന്‍ ചൈനയുടെ സഹകരണം ആവശ്യമാണെന്നും യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആരോപണങ്ങള്‍ക്കെതിരെ ചൈന
യുഎസ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടിനെതിരെ ചൈന രംഗത്തെത്തിയിട്ടുണ്ട്. യുഎസിന്റെ പുതിയ അവലോകനം തികച്ചും രാഷ്ട്രീയപ്രേരിതവും വ്യാജവുമാണെന്നാണ് ചൈനയുടെ പ്രതികരണം. ചൈനയെ ആക്രമിക്കുന്ന യുഎസ് ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും വിദേശ മന്ത്രാലയം പ്രതികരിച്ചു. വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് 2021 ആഗസ്റ്റില്‍ യുഎസ് ഇന്റലിജന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ സംഗ്രഹത്തെ തന്നെ ചൈന തള്ളിയിരുന്നതാണെന്ന് വിദേശ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരത്തില്‍ എത്ര തവണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചാലും എത്ര പതിപ്പുകള്‍ തയ്യാറാക്കിയാലും, അതിന്റെ രാഷ്ട്രീയത്തെയും വ്യാജ സ്വഭാവത്തെയും മാറ്റാന്‍ കഴിയില്ല. വിഷയത്തെ രാഷ്ട്രീയവത്കരിച്ച് ചൈനയെ കടന്നാക്രമിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ യുഎസ് അവസാനിപ്പിക്കണമെന്നും വാങ് വെന്‍ബിന്‍ പറഞ്ഞു.  

വൈറസിന്റെ ഉത്ഭവം സംബന്ധിച്ച ഒരുവിധ അന്വേഷണത്തോടും ഇനി സഹകരിക്കില്ലെന്നാണ് ചൈനയുടെ പ്രഖ്യാപിത നിലപാട്. കോവിഡിനെ രാഷ്ട്രീയവത്കരിക്കാനുള്ള ലോകനേതാക്കളുടെ ശ്രമമാണ് നടക്കുന്നതെന്നും അത് അംഗീകരിക്കില്ലെന്നും, മെയ് മാസം നടന്ന ആരോഗ്യ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ഇക്കാര്യം അന്വേഷിച്ചു. എല്ലാതരത്തിലുമുള്ള അന്വേഷണം പൂര്‍ത്തിയാക്കി. ഇനി മറ്റു രാജ്യങ്ങളിലാണ് അന്വേഷിക്കേണ്ടത്. രാജ്യത്ത് ആരെയും ഒരുവിധത്തിലുള്ള അന്വേഷണത്തിനും അനുവദിക്കില്ലെന്നും ഷി ജിന്‍പിങ് പറഞ്ഞിരുന്നു. 

അന്വേഷണം തുടരാന്‍ ലോകാരോഗ്യ സംഘടന
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം പുനരാരംഭിക്കാന്‍ ശാസ്ത്രജ്ഞരുടെ പുതിയ സംഘത്തെ (ദി ഇന്റര്‍നാഷണല്‍ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ നോവല്‍ പാത്തോജന്‍സ് -സാഗോ) ലോകാരോഗ്യ സംഘടന സജ്ജമാക്കിയിട്ടുണ്ട്. 26 അംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കോവിഡിനു കാരണമായ സാര്‍സ്-കോവി-2ന്റെ ഉത്ഭവവും പകര്‍ച്ചയും ഉള്‍പ്പെടെ, പകര്‍ച്ചവ്യാധി സാധ്യതയുള്ള രോഗകാരികളുടെ ആവിര്‍ഭാവത്തെക്കുറിച്ചാണ് സംഘം ആസൂത്രിതമായി പഠിക്കുക. കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറഞ്ഞത്. 700ലധികം അപേക്ഷകരില്‍നിന്നാണ് 26 അംഗങ്ങളെ തിരഞ്ഞെടുത്തത്. 

പകര്‍ച്ചവ്യാധി, മൃഗങ്ങളുടെ ആരോഗ്യം, ഇക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, വൈറോളജി, ജീനോമിക്സ്, മോളിക്യുലാര്‍ എപ്പിഡെമിയോളജി, മോളിക്യുലാര്‍ ബയോളജി, ബയോളജി, ഭക്ഷ്യ സുരക്ഷ, ജൈവ സുരക്ഷ, പൊതു ആരോഗ്യം ഉള്‍പ്പെടെ വിഷയങ്ങളാണ് സാഗോ പഠിക്കുക. പുതിയ വൈറസുകള്‍, പകര്‍ച്ചവ്യാധികള്‍, പകര്‍ച്ചവ്യാധി സാധ്യതയുള്ള പുതിയ വൈറസുകളുടെ ആവിര്‍ഭാവം എന്നിവ പ്രകൃതിയുടെ സ്വഭാവിക പ്രതിഭാസമാണ്. അത്തരത്തില്‍ ഏറ്റവും പുതിയ വൈറസാണ് സാര്‍സ്-കോവി-2. അത് അവസാനമല്ല. പകര്‍ച്ചവ്യാധിയും പകര്‍ച്ചവ്യാധി സാധ്യതയുള്ള രോഗകാരികളും ഭാവിയില്‍ ഉണ്ടാകുന്നത് പ്രതിരോധിക്കാന്‍, ഇത്തരം രോഗകാരികള്‍ എവിടെ നിന്നാണ് വരുന്നതെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, ഇതുസംബന്ധിച്ച വിശാലമായ വൈദഗ്ധ്യവും ആവശ്യമാണ്. ലോകമെമ്പാടു നിന്നുമായി സാഗോയിലേക്കുള്ള വിദഗ്ധരുടെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ലോകം സുരക്ഷിതമാക്കാന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് -ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് അറിയിച്ചിരിക്കുന്നത്.

രാഷ്ട്രീയവത്കരണം അവസാനിപ്പിക്കണമെന്ന് ചൈന
അതേസമയം, സാഗോയുടെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയുടെ യുഎന്‍ പ്രതിനിധി ചെന്‍ ഷു ആണ് യുഎന്‍ പ്രതിനിധി സംഘത്തോട് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു ഏത് സ്ഥലത്തേക്ക് വിദഗ്ധ സംഘത്തെ അയച്ചാലും ചൈനയിലേക്ക് അയക്കില്ലെന്നാണ് കരുതുന്നത്. കാരണം, ഇതിനോടകം രണ്ട് അന്താരാഷ്ട്ര സംഘത്തെ ഞങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. മറ്റുള്ള ഇടങ്ങളിലേക്കുകൂടി സംഘത്തെ അയക്കേണ്ട സമയാണിതെന്നും ചെന്‍ ഷു കൂട്ടിച്ചേര്‍ത്തു. 2021 ജനുവരിയില്‍ ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനയിലെ വുഹാനിലെത്തി കോവിഡ് ഉത്ഭവം സംബന്ധിച്ച പഠനം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് മാര്‍ച്ചില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആഗസ്റ്റില്‍, പുതിയ പഠനത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന തള്ളിയിരുന്നു. 

കൊറോണ വൈറസുകളില്‍ ഒന്നു മാത്രമാണ് കോവിഡിന് കാരണമായ സാര്‍സ്-കോവി-2. സാര്‍സ്, മെര്‍സ് പോലുള്ള കൊറോണ വൈറസ് രോഗങ്ങളുടെ പിന്തുടര്‍ച്ചക്കാരനാണ് കോവിഡ് എന്ന് വേണമെങ്കില്‍ പറയാം. ഈ വൈറസുകളെല്ലാം ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ഇവയുടെയെല്ലാം ജനിതക ഘടന വിശദമായ പഠിച്ച ഭൂരിപക്ഷം ശാസ്ത്രജ്ഞരും സാര്‍സ്-കോവി-2 സ്വഭാവികമായി വന്നതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, വൈറസ് മനുഷ്യരിലേക്ക് പടരാന്‍ കാരണമായ ജീവിവര്‍ഗം ഏതാണെന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടാത്തത്. മറുവാദത്തിനുമുണ്ട് പോരായ്മകള്‍. സാര്‍സ്-കോവി-2 ലാബില്‍ നിര്‍മിച്ചെടുത്തതാണെന്ന വാദത്തിന് വസ്തുതകളോ തെളിവുകളോ ഇല്ല. എന്നാല്‍, വവ്വാലില്‍നിന്നെടുത്ത വൈറസുകളെ ഉപയോഗിച്ച് വുഹാന്‍ ലാബില്‍ 'ഗെയ്ന്‍ ഓഫ് ഫങ്ഷന്‍' പരീക്ഷണം നടന്നിട്ടുണ്ടെന്നും അതിന് ഇക്കോഹെല്‍ത്ത് അലയന്‍സ് ധനസഹായം നല്‍കിയിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചുരുക്കത്തില്‍, വൈറസിന്റെ ഉത്ഭവം സംബന്ധിച്ച രണ്ട് വാദങ്ങള്‍ക്കും 100 ശതമാനം തെളിവുകളില്ല. തെരഞ്ഞെടുപ്പ് കാലത്ത്, ട്രംപ് തുടങ്ങിവെച്ച ആരോപണങ്ങളും നിഴല്‍യുദ്ധങ്ങളുമാണ് ബൈഡനും തുടരുന്നത്. ബ്രിട്ടന്‍ ഉള്‍പ്പെടെ ഏതാനും രാജ്യങ്ങളും അതിനെ പിന്തുടരുന്നുണ്ട്. ചൈനീസ് വിരുദ്ധതയെ വോട്ടാക്കി മാറ്റാനുള്ള ട്രംപിന്റെ തന്ത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയെങ്കിലും, ആ ഗൂഢാലോചന സിദ്ധാന്തം ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിനുപിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇപ്പോഴും അങ്ങനെതന്നെ നിലനില്‍ക്കുന്നു.