എന്താണ് ഈ പോളി സിസ്റ്റിക് ഓവറി സിണ്ട്രോം അഥവാ PCOS?

 
d

എം.ബി.ബി.എസ് കഴിഞ്ഞു ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സമയം... ഒരു ദിവസം വൈകുന്നേരം ഒ. പിയിലാണ് ഞാനാ പെണ്‍കുട്ടിയെ കണ്ടത്. യൂണിഫോംഇടുന്ന ഏതോ കോളേജില്‍ പഠിക്കുന്ന കുട്ടിയാണ്, ക്ലാസ് കഴിഞ്ഞു വരുന്ന വഴിക്ക് അമ്മയെ കൂട്ടി ആശുപത്രിയില്‍ വന്നതാണെന്ന് തോന്നുന്നു. സാമാന്യം വണ്ണമുള്ള കുട്ടി, വയസു 20, ഡിഗ്രിക്ക് പഠിക്കുന്നു. മറ്റു രോഗത്തിന്റെ ക്ഷീണമോ, ലക്ഷണങ്ങളോ കാണാഞ്ഞതിനാല്‍ ഞാന്‍ ചോദിച്ചു തുടങ്ങി, എന്താണ് വിശേഷിച്ചു? കുട്ടി മറുപടിയൊന്നും പറഞ്ഞില്ല. ഞാന്‍ അമ്മയുടെ മുഖത്തോട്ടു നോക്കി, 'അമ്മ മകളോട് പിറുപിറുക്കുന്നു, നീ പറ'. അപ്പോള്‍ മകള്‍ 'അമ്മ പറ' എന്നായി. പുറത്ത് ധാരാളം രോഗികള്‍ ഊഴം കാത്തിരിക്കുന്നു. ഈ ആംഗ്യ സംസാരം കുറച്ചു നേരം തുടര്‍ന്നപ്പോള്‍, ഞാന്‍ ഇടപെട്ടു. ''നിങ്ങള്‍ പുറത്തുപോയി ആര് വിശേഷങ്ങള്‍ പറയും എന്ന് തീരുമാനിച്ചിട്ടു വരൂ. അപ്പോളേക്കും ഞാന്‍ അടുത്ത രോഗിയെ കാണാം. ''ശബ്ദം ഇത്തിരി കനത്തു എന്ന് തോന്നുന്നു, ഏതായാലും അമ്മ സംസാരിച്ചുതുടങ്ങി..

'ഡോക്ടറെ ഇവള്‍ക്ക് മീശ വരുന്നുണ്ട്. ഒന്ന് രണ്ടു മാസം മുന്നേയാണ് ശ്രദ്ധിച്ചത്, ഇപ്പോള്‍ കോളേജില്‍ കുട്ടികളൊക്കെ ഇതും പറഞ്ഞു കളിയാക്കുന്നു. അവള്‍ക്കു വലിയ സങ്കടമുണ്ട് സാറേ, കോളേജില്‍ പോകാന്‍ മടിയും വന്നു തുടങ്ങി.'

ഞാന്‍ അവളെ ഒന്ന് നോക്കി, തലകുനിച്ചു കസേരയില്‍ ഇരിക്കുന്നു, സങ്കടവും, നാണക്കേടും ഒക്കെ ആ മുഖത്ത് കാണാം, കണ്ണും നിറഞ്ഞു. ചെറിയ പൊടിമീശ അപ്പോളാണ് ഞാനും ശ്രദ്ധിച്ചത്. കൈകളിലും രോമവളര്‍ച്ച കൂടുതലാണ്.

ഹോര്‍മോണുകളുടെ വ്യതിയാനംകൊണ്ടാണ് പെണ്‍കുട്ടികളില്‍ സാധാരണ രോമവളര്‍ച്ച കൂടുന്നത്. അതുകൊണ്ട് തന്നെ എന്റെ അടുത്ത ചോദ്യങ്ങള്‍ ആ വഴിക്കായി. 'അടുത്തിടയായി മോളുടെ വണ്ണം കൂടിയിട്ടുണ്ടോ?'

'ഉണ്ട്, നല്ലപോലെ കൂടി. പ്ലസ് 2 കഴിഞ്ഞപ്പോള്‍ ഈര്‍ക്കില്‍ പോലെയിരുന്ന കുട്ടിയാണ്, ഇപ്പോള്‍ ഒരു പണിയുമില്ലാതെ മുഴുവന്‍ സമയംടി.വി കാണലും ഉറക്കവുമല്ലേ, പിന്നെ എങ്ങനെ വണ്ണംകൂടാതിരിക്കും ?' ,

'മാസമുറയൊക്കെ കൃത്യമായി എല്ലാമാസവും വരുന്നുണ്ടോ ?'

ഉണ്ടെന്ന് അമ്മ തലയാട്ടി, ഞാന്‍ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കി, (സ്വന്തം ആരോഗ്യപ്രശ്‌നങ്ങള്‍ പോലും പുറത്തു പറയാന്‍ മടിക്കുന്ന പെണ്‍കുട്ടികള്‍ ആണല്ലോ നമ്മുടെ നാട്ടിലെന്ന് മനസ്സില്‍ പറഞ്ഞു), മറുപടിയൊന്നും വന്നില്ല, വീണ്ടും ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു, അവള്‍ പിറുപിറുക്കും പോലെ പറഞ്ഞു, 'കൃത്യമല്ല ഡോക്ടര്‍, ഇപ്പോള്‍ 2 മാസമായി പീരീഡ് വന്നിട്ട്. ഏകദേശം ഒരു വര്‍ഷത്തോളമായി ഇങ്ങനെ കൃത്യമാല്ലതെയാണ് പീരീഡ് വരുന്നത്'.

ഇപ്പോള്‍ ഞെട്ടിയത് കുട്ടിയുടെ അമ്മയാണ് (നമ്മുടെ നാട്ടില്‍ സ്വാഭാവികമായി ഉണ്ടാവുന്ന സംശയം അമ്മയുടെ മനസില്‍കുടി മിന്നി മറഞ്ഞിരിക്കും).

അമ്മ അവളോട് ചോദിച്ചു,'എന്നിട്ട് നീ ഇതുവരെ എന്റെയടുത്തു എന്താണ് പറയാഞ്ഞത് ? '

കുട്ടി ഒന്നും മിണ്ടിയില്ല, ഒരു പീരീഡ് മിസ്സ് ആയാല്‍, നീ ആരുടെ പിറകെ പോയതാണ് എന്നൊക്കെ ചോദിക്കുന്ന നാട്ടില്‍ പെണ്‍കുട്ടിയുടെ മൗനം സ്വാഭാവികം. പിന്നീടു അവള്‍ തന്നെ, എപ്പോളും ശ്രദ്ധകുറവും ക്ഷീണവും ഉണ്ടെന്നും, തണുപ്പ് സഹിക്കാന്‍ ബുദ്ധിമുട്ടാണ് എന്നും പറഞ്ഞു.

പരിശോധനയില്‍ അമിത വണ്ണവും, രോമവളര്‍ച്ചയും, തൈറോയിഡ് മുഴയും, കഴുത്തിന് ചുറ്റും കറുപ്പും ഒക്കെ കണ്ടു. പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന പോളി സിസ്റ്റിക് ഓവറി (PCOS) എന്ന അവസ്ഥയുടെ ലക്ഷങ്ങളാണ് അവള്‍ക്കു ഉണ്ടായിരുന്നത്.(മുന്‍കാലങ്ങളില്‍ പി.സി.ഓ.ഡി എന്നറിയപ്പെട്ടിരുന്നു, ഒരു പക്ഷെ നിലവിലും കൂടുതല്‍ പേര്‍ക്ക് ആ പേരാവും പരിചിതം).

രക്ത പരിശോധനയില്‍ അവള്‍ക്കു ഹൈപോതൈറോയിഡിസവും (ക്ഷീണവും, ശ്രദ്ധക്കുറവും, തണുപ്പ് സഹിക്കാന്‍ പറ്റാത്തതും ഇതുകൊണ്ട് ആയിരുന്നിരിക്കും), വയറിന്റെ അള്‍ട്രാസൌണ്ട് സ്‌കാന്നില്‍ അണ്ഡാശയത്തില്‍ കുമിളകളും കണ്ടെത്തി, PCOS തന്നെയെന്ന് ഉറപ്പിച്ചു. ചികിത്സക്കായി ഗൈനക്കൊളജി ഡോക്ടറുടെ അടുത്ത് വിടുകയും ചെയ്തു.

മറ്റൊരിക്കല്‍ ഇതുപോലെ OP യില്‍ ഇരിക്കുമ്പോള്‍ ഒരു ഭര്‍ത്താവും ഭാര്യയുംകുടി വന്നു. അയാള്‍ക്ക് പനിപിടിച്ചപ്പോള്‍ കാണിക്കാന്‍ ഇറങ്ങിയതാണ്. യുവ ദമ്പതികളാണ്. വീട്ടുവിശേഷം ഒക്കെ ഇങ്ങനെ സംസാരിച്ചു വന്നപ്പോള്‍, വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷമായി എന്നും കുട്ടികള്‍ക്കായി ശ്രമിച്ചിട്ട് ഇതുവരെ ആയില്ല എന്നും പറഞ്ഞു. പരിശോധനകള്‍ ഒന്നും നടത്തിയില്ലേ എന്ന് ഞാന്‍ ചോദിച്ചു? അതൊന്നും വേണ്ട സാറെ, എല്ലാം കര്‍ത്താവു കൃത്യസമയത്ത് തരും - ഭാര്യയാണ് ഉത്തരം പറഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോള്‍ അവരിപ്പോള്‍ മാസം മാസം വട്ടായിലച്ചന്റെ പ്രാര്‍ത്ഥനക്ക് പോകുന്നുണ്ട് എന്നും മനസിലായി. PCOS ലക്ഷണങ്ങള്‍ ഭാര്യയില്‍ തോന്നിയതിനാല്‍ ചില പരിശോധനകളും സ്‌കാനിങ്ങും ഒന്ന് ചെയ്തു നോക്കാന്‍ ഞാന്‍ പറഞ്ഞു.

നിര്‍ബന്ധംകൊണ്ടായിരിക്കും അവര്‍ അതൊക്കെ നോക്കി അടുത്തയാഴ്ച വന്നു. എല്ലാ ലക്ഷണങ്ങളുമുള്ള PCOS. ചികില്‍സിച്ച് മാറ്റാന്‍ ശ്രമിക്കേണ്ട വന്ധ്യതക്ക് വേണ്ടിയാണു ഇവര്‍ പ്രാര്‍ത്ഥനയുമായി നടന്നത്.

അപ്പോള്‍ എന്താണ് ഈ പോളി സിസ്റ്റിക് ഓവറി സിണ്ട്രോം അഥവാ PCOS?

പത്തു സ്ത്രീകളില്‍ ഒരാള്‍ക്കെങ്കിലും PCOS ഉണ്ട് എന്ന തോതില്‍ PCOS വ്യാപകമാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളില്‍ ചില ഹോര്‍മോണുകളുടെ വ്യതിയാനം മൂലം ഉണ്ടാകുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങളെയാണ് ഈ പേരില്‍ വിളിക്കുന്നത്. ഇത്തരക്കാരുടെ ഓവറികളില്‍ ചെറിയ അനേകം കുമിളകള്‍ പോലെയുള്ള മാറ്റങ്ങള്‍ സ്‌കാന്നിംഗ് സമയത്ത് കാണാം, അതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.

പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത കിടക്കുന്ന ആര്‍ത്തവക്രമവ്യതിയാനം, രോമവളര്‍ച്ച ശരീരഭാരം കൂടുക, തുടങ്ങിയ ലക്ഷണങ്ങളെ കൂട്ടിക്കെട്ടുന്ന ചരട് പ്രധാനമായും ഇന്‍സുലിന്‍ റസിസ്റ്റന്‍സ് എന്ന അവസ്ഥയാണ്. ഇതിനിടയ്ക്ക് ഇന്‍സുലിന്‍ എവിടെ നിന്നു വന്നു എന്നല്ലേ? ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ പൂട്ടു തുറന്ന് ഗ്ലൂക്കോസിനോട് അകത്തുകയറാന്‍ പ്രേരിപ്പിക്കുന്ന ഒരു താക്കോലായി നമുക്ക് സങ്കല്‍പ്പിക്കാം. ഇന്‍സുലിന്റെ അഭാവത്തില്‍ കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. രക്തത്തില്‍ ഷുഗര്‍ ഉയരുമ്പോഴും കോശങ്ങള്‍ ഗ്ലൂക്കോസ് കിട്ടാതെ പട്ടിണിയിലാകും (അല്‍പ്പം അതിലളിതവല്‍ക്കരണമാണ് !). എന്നാല്‍ ഇന്‍സുലിന്‍ യഥേഷ്ടം ഉണ്ടാവുകയും, ഉണ്ടായിട്ടുകൂടി കോശങ്ങളുടെ ഗ്ലൂക്കോസ് പ്രവേശിക്കാനുള്ള പൂട്ട് തുറക്കുവാനുള്ള താക്കോല്‍ ആയി അതിനു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുക എന്ന അവസ്ഥയുണ്ട്. കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കാത്ത ഈ അവസ്ഥയെ ഇന്‍സുലിന്‍ നിസ്സംഗത അഥവാ Insulin Resistance എന്ന് വിളിക്കുന്നു. ശരീരം ഇത് മറികടക്കാനായി അപ്പോള്‍ കൂടുതല്‍ അളവില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. ഉയര്‍ന്ന ഇന്‍സുലിന്‍ അളവ് പുരുഷ ഹോര്‍മോണുകളുടെ ഉല്പാദനം വര്‍ധിപ്പിക്കുകയും മുഖത്തും മറ്റും രോമവളര്‍ച്ച ഉണ്ടായും മുടികൊഴിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു ഇവരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും പൊണ്ണത്തടി, ടൈപ്പ് 2 ഡയബറ്റിസ്, ഫാറ്റി ലിവര്‍ തുടങ്ങിയ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്‌ന്റെ മറ്റ് ബുദ്ധിമുട്ടുകള്‍ പുറകെ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

ഓവറി ഇതില്‍ വില്ലനല്ല ഇത്തരം ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഇരയാണ് എന്നുപറയുന്നതാണ് ഉചിതം. വെള്ളം കെട്ടിയ ധാരാളം കുമിളകള്‍ അണ്ഡാശയത്തില്‍ മാലയില്‍ മുത്തു കോര്‍ത്തത് പോലെ പ്രത്യക്ഷമാവുന്നു. ഇവക്ക് അകത്തുള്ള അണ്ഡത്തിന് പക്ഷേ അതില്‍ നിന്ന് പുറത്തേക്ക് വരാന്‍ പലപ്പോഴും കഴിയുന്നില്ല. സാധാരണ കാണുന്ന അണ്ഡോല്പാദനം ഇപ്രകാരം ഉണ്ടാവാതിരിക്കാമ്പോള്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കാം. വന്ധ്യതയ്ക്ക് ചികിത്സ എടുക്കുന്ന മൂന്നിലൊന്നില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പിസിഒഎസ് ഉണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.

PCOD യുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?

1. ആര്‍ത്തവ പ്രശ്‌നങ്ങള്‍: PCOD ഉള്ള പെണ്‍കുട്ടികളില്‍ അധികവും ആര്‍ത്തവപ്രശ്‌നങ്ങളുമായാണ് ആശുപത്രികളില്‍ എത്തുക. മിക്കവരിലും ആര്‍ത്തവം തുടങ്ങിയ നാളുകള്‍ തൊട്ടേ പീരീഡ് കൃത്യമായി ഉണ്ടാവില്ല. ചിലരില്‍ ഒരു മാസം തൊട്ടു ആറുമാസം വരെ വ്യത്യാസത്തില്‍ പീരിഡുകള്‍ ഉണ്ടാവാം. ചിലരില്‍ ആര്‍ത്തവമേ ഉണ്ടാകില്ല ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളിലെ ഏറ്റകുറച്ചില്‍ മൂലം കൃത്യസമയത്ത് ഒവുലേഷന്‍ ഉണ്ടാവാത്തതാണ് ആര്‍ത്തവ പ്രശ്‌നങ്ങളുടെ കാരണം.

2. വന്ധ്യത: PCOD കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ നേരിടാന്‍ സാധ്യതയുളള ഒരു പ്രധാന പ്രശ്‌നമാണ് വന്ധ്യത. പലപ്പോഴും കുട്ടികള്‍ ഉണ്ടാവാതെ വരുമ്പോള്‍ നടത്തുന്ന പരിശോധനകളിലാണ് വന്ധ്യതക്ക് കാരണമായി PCOD കണ്ടെത്തുക. കൃത്യമായി ഓവുലേഷന്‍ നടക്കാത്തതതും, ഹോര്‍മോണ്‍ വ്യതിയനവുമാണ് വന്ധ്യതക്കുള്ള കാരണങ്ങള്‍. പെട്ടെന്നുള്ള അബോര്‍ഷന്‍ ഉണ്ടാവാനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്.

3. അമിത രോമവളര്‍ച്ച: കോളേജില്‍ പോകുന്ന പെണ്‍കുട്ടികളുടെ ഒക്കെ മുഖത്ത് രോമം കണ്ടാല്‍ നമ്മുടെ നാട്ടില്‍ പിന്നെ കളിയാക്കാന്‍ അതുമതി. PCOD ഉള്ളവര്‍ നേരിടുന്ന ഒരു പ്രധാന സാമൂഹിക പ്രശനം ചിലപ്പോള്‍ ഇതാകും. രോമവളര്‍ച്ചയും അതുമൂലമുള്ള കളിയാക്കലും മറ്റും മാനസിക സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമാകാം. ചിലപ്പോള്‍ മീശക്കു പുറമേ ആണുങ്ങളിലെ പോലെയുള്ള രോമവളര്‍ച്ച മറ്റു ഭാഗങ്ങളിലും ഉണ്ടാവാം. തൊലിയില്‍ എണ്ണ മെഴുക്ക്, അമിതമായ മുഖക്കുരു തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. തലമുടി കൊഴിഞ്ഞ് കഷണ്ടി കയറുന്നതും ചിലവരില്‍ കാണുന്നുണ്ട്. ശബ്ദത്തിനും അതുപോലെ വ്യത്യാസം വരാം. പുരുഷ ഹോര്‍മോണ്‍ ആയ ആന്‍ട്രോജനുകളുടെ അളവ് കൂടുന്നതാണ് ഈ സവിശേഷതകള്‍ക്ക് കാരണം.

4. അമിതവണ്ണവും അനുബന്ധ പ്രശ്‌നങ്ങളും: PCOD ഉള്ള സ്ത്രീകളില്‍ 50% എങ്കിലും ആളുകള്‍ അമിതവണ്ണവും അനുബന്ധ പ്രശങ്ങളും നേരിടുന്നുണ്ട് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഹോര്‍മോണിനുള്ള പ്രവര്‍ത്തനം കുറവാണു. അതുകൊണ്ട് തന്നെ പ്രമേഹം, രക്താതിസമ്മര്‍ദ്ദം, മെറ്റബോളിക് സിന്‍ഡ്രോം ഇവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇന്‍സുലിനോട് ശരീരത്തിനുള്ള പ്രതിരോധത്തിന്റെ ലക്ഷണമാണ് ഇത്തരക്കാരുടെ കഴുത്തില്‍ കാണുന്ന അമിതമായ കറുപ്പ് നിറം. പ്രമേഹം, രക്താതിസമ്മര്‍ദ്ദം ഇവയൊക്കെ ഹൃദരോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂട്ടും.

PCOD എങ്ങനെയാണു കണ്ടെത്തുന്നത് ?

മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആദ്യമായി കൃത്യമായി പരിശോധിക്കണം. ശരീരഭാരം, BMI, രക്തസമ്മര്‍ദ്ദം, ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയവ ഉണ്ടോ എന്ന് ശ്രദ്ധിക്കും. മുകളില്‍ സൂചിപ്പിച്ച രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാവുന്ന മറ്റു രോഗാവസ്ഥകള്‍ ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. രോഗനിര്‍ണ്ണയം കൃത്യതയോടെ ചെയ്യാന്‍ സഹായിക്കുന്ന പരിശോധനകള്‍ ഉണ്ട്

1. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള പരിശോധനകള്‍

2. സ്ത്രീ പുരുഷ ഹോര്‍മോണുകളുടെ അനുപാതം

3. തൈറോയിഡ് ഹോര്‍മോണിന്റെ അളവ്

4. സ്‌കാന്നിംഗ് പരിശോധന: ഓവറികളിലെ കുമിളകള്‍ പോലെയുള്ള വളര്‍ച്ചയും, വലിപ്പവും നോക്കുന്നതിനും, മറ്റു മുഴകള്‍ ഇല്ല എന്ന് ഉറപ്പാക്കാനും ഈ പരിശോധന സഹായിക്കും.

എന്താണ് ചികിത്സ ?

ചികിത്സ നിശ്ചയിക്കുന്നത് ഓരോ വ്യക്തികളുടെയും രോഗാവസ്ഥയും ലക്ഷണങ്ങളും ഒക്കെ വിലയിരുത്തിയതിനു ശേഷമാണു. PCOS നെ ചികില്‍സിച്ച് പൂര്‍ണ്ണമായും മാറ്റുക എന്നത് ഏറക്കുറെ അപ്രായോഗികമാണ്. ജീവിത ശൈലി പരിഷ്‌കരിച്ചും മരുന്നുകളിലൂടെയും നിയന്ത്രിച്ച് വരുതിയിലാക്കുക എന്നതാണ് ലക്ഷ്യം.

1. ജീവിതചര്യ ക്രമീകരണം: PCOD യെ വരുതിയിലാക്കാന്‍ എല്ലാവരിലും ജീവിതചര്യ മാറ്റങ്ങള്‍ കൃത്യമായി ഉപയോഗിച്ചിരിക്കണം. മുകളില്‍ പറഞ്ഞതുപോലെ ഇവരിലെ പല രോഗലക്ഷണങ്ങള്‍ക്കും കാരണം ഇന്‍സുലിന്‍ ഹോര്‍മോണിനോടുള്ള ശരീരത്തിന്റെ പ്രതിരോധമാണ്. ശരീരഭാരം കുറക്കുന്നത് ഈ അവസ്ഥയില്‍ മാറ്റമുണ്ടാക്കും. 5 % ശരീരഭാരം കുറഞ്ഞാല്‍ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാകും. കൂടാതെ ഇതിനായി മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവ കൂടുതല്‍ ഫലപ്രദമാവുകയും ചെയ്യും. ഭക്ഷണക്രമത്തില്‍ കാതലായ മാറ്റമുണ്ടാകണം. അന്നജത്തിന്റെയും പൂരിതകൊഴുപ്പുകളുടെയും അളവ് കുറക്കണം. ശരീരഭാരത്തിനും അധ്വാനത്തിനും അനുസരിച്ചുള്ള കലോറി മാത്രം മതിയാകും. ഒപ്പം ചിട്ടയായ വ്യായാമവും ഉണ്ടാവണം. വ്യായാമം ഇന്‍സുലിന്റെ പ്രവര്‍ത്തനം കൂട്ടുകയും, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, അമിതവണ്ണം ഇവ നിയന്ത്രിക്കാനും സഹായിക്കും. മുതിര്‍ന്ന ഒരാള്‍ ദിവസവും അരമണിക്കൂര്‍ ശരീരം മുഴുവന്‍ അധ്വാനിക്കുന്ന തരത്തിലുള്ള എയ്‌റോബിക്ക് വ്യായാമങ്ങള്‍ (ഓട്ടം, നീന്തല്‍, സൈക്ലിംഗ്) ചെയ്തിരിക്കണം.

2. മരുന്നുകള്‍: ഓരോ ആരോഗ്യ പ്രശനങ്ങള്‍ക്കും പ്രത്യേകതരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുക. ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കി ആര്‍ത്തവ ചക്രം ക്രമമാക്കും. ഒവുലേഷന്‍ ഇല്ലാത്തവരില്‍ അതിനുള്ള മരുന്നുകള്‍ നല്‍കും. പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കും ചികിത്സ വേണ്ടിവരും. അമിത രോമവളര്‍ച്ച തടയാനും മരുന്നുകളുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ നിങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കാന്‍ സാധിക്കും. PCOD ഉള്ള മിക്കവര്‍ക്കും ഡോക്ടര്‍മാര്‍ നല്‍കുന്ന ഒരു മരുന്നാണ് Metformin, നമ്മള്‍ വിചാരിക്കും എന്താണ് പ്രമേഹത്തിനുള്ള ഈ മരുന്നിനു 'ഈ വീട്ടില്‍ കാര്യമെന്ന്' ? PCOD ഉള്ളവര്‍ക്ക് അനാവശ്യമായി പ്രമേഹത്തിനുള്ള മരുന്ന് നല്‍കുന്നു എന്നും, അതല്ല PCOD ക്ക് ഈ മരുന്ന് നല്‍കിയതുകൊണ്ടാണ് പ്രമേഹം വന്നതെന്നുമൊക്കെ തട്ടിവിടുന്ന വ്യാജന്‍മാരും വാട്ട്‌സാപ്പന്മാരുമുണ്ട്. എന്നാല്‍ കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് metformin PCOD ഉള്ളവരില്‍ ഉപയോഗിക്കുന്നത്. PCOD ഉള്ളവരില്‍ കാണുന്ന അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ആര്‍ത്തവ പ്രശ്‌നങ്ങള്‍, പ്രമേഹ സാധ്യത എന്നിവയൊക്കെ കുറക്കാന്‍ സഹായിക്കുന്ന വളരെ പ്രയോജനകരമായ, എന്നാല്‍ വലിയ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത, ചിലവു കുറഞ്ഞ മരുന്നാണ് ഇത്.

3. സര്‍ജറി: മുകളില്‍ പറഞ്ഞ ചികിത്സ രീതികള്‍ ഫലിക്കാത്ത, കൃത്യമായ ഒവുലേഷന്‍ ഇല്ലാത്തവരില്‍ സര്‍ജറി ഉപയോഗിക്കാറുണ്ട്. താക്കോല്‍ദ്വാര മാര്‍ഗ്ഗം വഴി ഓവറികളില്‍ ചെറിയ സുഷിരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

അപ്പോള്‍ പറഞ്ഞു വന്നത് എന്തെന്ന് വെച്ചാല്‍, നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും വളരെസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് PCOD. ജനിതകമായ സവിശേഷതകളും, ശാരീരിക ഘടകങ്ങളും ചേര്‍ന്നുള്ള പ്രവര്‍ത്തനം വഴി ഉണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനമാണ് രോഗകാരണം. ആര്‍ത്തവ പ്രശ്‌നങ്ങള്‍ തൊട്ടു അങ്ങോട്ട് വന്ധ്യതവരെ നീളുന്ന, പ്രമേഹം, മറ്റു ജീവിതചര്യ രോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യതകൂട്ടുന്ന ഇത്തരം അവസ്ഥകള്‍ തിരിച്ചറിയാതെ പോവരുത്. പ്രത്യേകിച്ചും ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഒക്കെ ഇന്നും വീട്ടുകാരോടും കൂട്ടുകാരോടും ഒക്കെ പറയാന്‍ മടിക്കുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുള്ളപ്പോള്‍ രോഗ നിര്‍ണയം വരെ വൈകാം. ആര്‍ത്തവ പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ പ്രാപ്തമാക്കും രീതിയിലുള്ള ആരോഗ്യ വിദ്യാഭ്യാസം ഇന്നിന്റെ ആവശ്യമാണ് എന്നതില്‍ തര്‍ക്കമില്ല. കണ്ടുപിടിച്ചാല്‍ പോര കൃത്യമായ ചികിത്സയും എടുക്കണം. തട്ടിപ്പുകളില്‍ പെട്ട് ജീവിതം നശിപ്പിക്കരുത്.

PCOD കണ്ടെത്തിയ പെണ്‍കുട്ടികളുടെ അടുത്ത് വേഗം വിവാഹം കഴിക്കുന്നതാണ് ഇതിനുള്ള ചികിത്സ എന്നാ രീതിയില്‍ പറയുകയും അതിനായി മാതാപിതാക്കളെ ഉപദേശിക്കുകയും ചെയ്യുന്ന ചില ഡോക്ടര്‍മാരെക്കുറിച്ച് ചിലര്‍ എഴുതിയത് കണ്ടു. വിവാഹം PCOD യുടെ ചികിത്സയായി ഒരിടത്തും പറഞ്ഞിട്ടില്ല. PCOD എന്ന അവസ്ഥയും, പിന്നെ വിവാഹം വൈകുന്നു എന്നതുമൊക്കെ വന്ധ്യതാ സാധ്യത കൂട്ടുന്ന ഘടകങ്ങളായാതിനാല്‍ ആവണം അത്തരം ഒരു ഉപദേശം നല്‍കിയത്. ഇനി അങ്ങനെയല്ല എങ്കില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനിയും സാമൂഹികമായി വളരെയധികം വളരാനുണ്ട് എന്ന് മാത്രമേ പറയാനുള്ളൂ.

*Info Clinic ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ Dr Jithin T Joseph & Dr Anjit Unni എഴുതിയത്

Also Read : മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമാണ്: അവള്‍ക്കൊപ്പം മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ?

Also Read : ദളിത് നേതാക്കള്‍ പാര്‍ട്ടി വിടുന്നു; ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നത്?