വാക്സിനേഷന്‍ 75 കോടി കടന്നു; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

 
US Vaccination

കോവിഡ് വാക്സിന്‍ വിതരണത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്തെ ആകെ വാക്സിനേഷന്‍ 75 കോടി കടന്ന
സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ  സൗത്ത്-ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിംഗ് വാക്‌സിന്‍ വിതരണത്തില്‍ അഭൂതപൂര്‍വമായ വേഗതയില്‍ നേട്ടം കൈവരിച്ചതിന് ഇന്ത്യയെ അഭിനന്ദിച്ചു.

'ആദ്യത്തെ 10 കോടി ഡോസുകള്‍ നല്‍കാന്‍ രാജ്യം 85 ദിവസമെടുത്തപ്പോള്‍, ഇന്ത്യ വെറും 13 ദിവസത്തിനുള്ളില്‍ വിതരണം ചെയ്ത വാക്സിന്‍ ഡോസ് 65 കോടിയില്‍ നിന്ന് 75 കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നുവെന്ന് അവര്‍ ട്വീറ്റ് ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏറ്റവും മികച്ച വാക്സിനേഷന്‍ പ്രക്രിയയിലൂടെ ചരിത്രം  സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് 75 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്ത നിര്‍ണായക നേട്ടത്തെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു. 

ആരോഗ്യ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് രാജ്യം 75 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്ത നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തു. ആഗസ്റ്റ് 27 ന്, ഒറ്റ ദിവസം മാത്രം ഒരു കോടി വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യ നല്‍കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ രാജ്യവ്യാപകമായ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചതിനുശേഷം രാജ്യം കൈവരിച്ച ആദ്യ നേട്ടമായിരുന്നു ഇത്.