അവസാന അവസരം: കോവിഡ് ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സംഘം

 
Corona Virus

26അംഗ വിദഗ്ധസമിതിയെയാണ് ലോകാരോഗ്യ സംഘടന നിയോഗിച്ചിരിക്കുന്നത്

കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം പുനരാരംഭിക്കാന്‍ ശാസ്ത്രജ്ഞരുടെ പുതിയ സംഘത്തെ സജ്ജമാക്കി ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കോവിഡിനു കാരണമായ സാര്‍സ്-കോവ്-2ന്റെ ഉത്ഭവവും പകര്‍ച്ചയും ഉള്‍പ്പെടെ, പകര്‍ച്ചവ്യാധി സാധ്യതയുള്ള രോഗകാരികളുടെ ആവിര്‍ഭാവത്തെക്കുറിച്ച് സംഘം ആസൂത്രിതമായി പഠിക്കും. കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പ്രതികരിച്ചിരിക്കുന്നത്. 

പകര്‍ച്ചവ്യാധി സാധ്യതയുള്ള, ഭാവിയില്‍ ഉയര്‍ന്നുവരുന്ന രോഗകാരികളുടെ ആവിര്‍ഭാവത്തെ ആസൂത്രിതമായി പഠിക്കുകയും അതനുസരിച്ചുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്നതിന് ദി ഇന്റര്‍നാഷണല്‍ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ നോവല്‍ പാത്തോജന്‍സ് (സാഗോ) എന്ന പുതിയ ഉപദേശക സംഘത്തെ രൂപീകരിക്കുമെന്ന് ഈ വര്‍ഷമാദ്യം ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. പുതിയ വൈറസുകളെക്കുറിച്ച് ഇപ്പോള്‍ അറിയാവുന്നതും, അറിയപ്പെടാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടെ സാഗോ അടിയന്തരമായ വിലയിരുത്തുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറയുന്നത്. ചൈനയിലും മറ്റു സ്ഥലങ്ങളിലും ആവശ്യമായ കൂടുതല്‍ പഠനത്തെക്കുറിച്ച് സാഗോ ഉപദേശിക്കുമെന്ന് കരുതുന്നു. സമയമൊട്ടും പാഴാക്കാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

700ലധികം അപേക്ഷകരില്‍നിന്നാണ് 26 അംഗങ്ങളെ തിരഞ്ഞെടുത്തത്. പകര്‍ച്ചവ്യാധി, മൃഗങ്ങളുടെ ആരോഗ്യം, ഇക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, വൈറോളജി, ജീനോമിക്‌സ്, മോളിക്യുലാര്‍ എപ്പിഡെമിയോളജി, മോളിക്യുലാര്‍ ബയോളജി, ബയോളജി, ഭക്ഷ്യ സുരക്ഷ, ജൈവ സുരക്ഷ, പൊതു ആരോഗ്യം ഉള്‍പ്പെടെ വിഷയങ്ങളാണ് സാഗോ പഠിക്കുക. പുതിയ വൈറസുകള്‍, പകര്‍ച്ചവ്യാധികള്‍, പകര്‍ച്ചവ്യാധി സാധ്യതയുള്ള പുതിയ വൈറസുകളുടെ ആവിര്‍ഭാവം എന്നിവ പ്രകൃതിയുടെ സ്വഭാവിക പ്രതിഭാസമാണ്. അത്തരത്തില്‍ ഏറ്റവും പുതിയ വൈറസാണ് സാര്‍സ്-കോവ്-2. അത് അവസാനമല്ല. പകര്‍ച്ചവ്യാധിയും പകര്‍ച്ചവ്യാധി സാധ്യതയുള്ള രോഗകാരികളും ഭാവിയില്‍ ഉണ്ടാകുന്നത് പ്രതിരോധിക്കാന്‍, ഇത്തരം രോഗകാരികള്‍ എവിടെ നിന്നാണ് വരുന്നതെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, ഇതുസംബന്ധിച്ച വിശാലമായ വൈദഗ്ധ്യവും ആവശ്യമാണ്. ലോകമെമ്പാടു നിന്നുമായി സാഗോയിലേക്കുള്ള വിദഗ്ധരുടെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ലോകം സുരക്ഷിതമാക്കാന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു -ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. 

അതേസമയം, സാഗോയുടെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയുടെ യുഎന്‍ പ്രതിനിധി ചെന്‍ ഷു ആണ് യുഎന്‍ പ്രതിനിധി സംഘത്തോട് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു ഏത് സ്ഥലത്തേക്ക് വിദഗ്ധ സംഘത്തെ അയച്ചാലും ചൈനയിലേക്ക് അയക്കില്ലെന്നാണ് കരുതുന്നത്. കാരണം, ഇതിനോടകം രണ്ട് അന്താരാഷ്ട്ര സംഘത്തെ ഞങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. മറ്റുള്ള ഇടങ്ങളിലേക്കുകൂടി സംഘത്തെ അയക്കേണ്ട സമയാണിതെന്നും ചെന്‍ ഷു കൂട്ടിച്ചേര്‍ത്തു. 2021 ജനുവരിയില്‍ ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനയിലെ വുഹാനിലെത്തി കോവിഡ് ഉത്ഭവം സംബന്ധിച്ച പ്രാഥമിക പഠനം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് മാര്‍ച്ചില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആഗസ്റ്റില്‍, പുതിയ പഠനത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന തള്ളിയിരുന്നു. 

വിപുലമായ ജൈവസുരക്ഷാ ഗവേഷണത്തിന്റെ ഭാഗമായി, കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്ന ശാസ്ത്രജ്ഞരുടെ കര്‍മ്മസമിതി സെപ്റ്റംബറില്‍ പിരിച്ചുവിട്ടിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എക്കോഹെല്‍ത്ത് അലയന്‍സുമായുള്ള സഹകരണത്തിലെ ആശങ്കകള്‍ കണക്കിലെടുത്തായിരുന്നു തീരുമാനമെന്ന് കൊളംബിയ സര്‍വ്വകലാശാല പ്രൊഫസറും ലാന്‍സെറ്റ് ശാസ്ത്ര ജേണലുകളുമായി ബന്ധപ്പെട്ട കോവിഡ് കമ്മീഷന്‍ ചെയര്‍മാനുമായ ജെഫ്രി സാക്സ് വ്യക്തമാക്കിയിരുന്നു. 

കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനിലുള്ള, വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് വവ്വാലുകളില്‍ നിന്നുള്ള കൊറോണ വൈറസുകളെ കുറിച്ച് പഠിക്കുന്നതിനായി യുഎസ് ഫണ്ട് ഉപയോഗിക്കുന്നതിനാല്‍, എക്കോഹെല്‍ത്ത് അലയന്‍സ് 2020 മുതല്‍ ശാസ്ത്രജ്ഞരുടെയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സൂക്ഷ്മനിരീക്ഷണത്തിലാണ്. എക്കോഹെല്‍ത്ത് അലയന്‍സ് പ്രസിഡന്റ് ഡോ. പീറ്റര്‍ ഡസ്സാക്കാണ് ജൂണില്‍ സ്വയം ഒഴിയുന്നതുവരെ കര്‍മ്മസമിതിക്ക് നേതൃത്വം നല്‍കിയിരുന്നത്. ഡസ്സാക്കുമായോ അലയന്‍സുമായോ അവരുടെ പദ്ധതികളുമായോ സഹകരിച്ചിരുന്നവരാണ് കര്‍മ്മ സമിതിയിലെ ചില അംഗങ്ങള്‍. അതിനാല്‍, അലയന്‍സുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്ര സമിതിയെ ആവശ്യമില്ലെന്നാണ് സാക്സിന്റെ നിലപാട്. അതേസമയം, ലാന്‍സെറ്റ് കോവിഡ് കമ്മീഷന്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും 2022 മധ്യത്തോടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നുമാണ് ഡോ. സാക്സിന്റെ പ്രതികരണം.