കോവാക്‌സിനുള്ള അംഗീകാരം വൈകുന്നു; കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞ് ലോകാരോഗ്യ സംഘടന

 
Covaxin

സാധാരണ നടപടിക്രമം മാത്രമെന്ന് ഭാരത് ബയോടെക്ക്

ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി വീണ്ടും വൈകുന്നു. കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന കൂടുതല്‍  സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതായാണ് റിപ്പോര്‍ട്ട്. കോവാക്‌സിന് ക്ലിയറന്‍സ് ലഭിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും രേഖകളും നല്‍കിയതായി ഭാരത് ബയോടെക്ക് വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

അതേസമയം, കോവാക്‌സിനുള്ള അംഗീകാരം അധികം വൈകില്ലെന്നും ഏതാനും ആഴ്ചകളുടെ താമസം മാത്രമേ ഉണ്ടാവുകയുള്ളുവെന്നുമാണ് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥന്‍ ന്യൂസ് 18നോട് പ്രതികരിച്ചത്. ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്ന് ഭാരത് ബയോടെക്കും പ്രതികരിച്ചു. വിദഗ്ധര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും കമ്പനി അതിന് ഉത്തരങ്ങള്‍ നല്‍കേണ്ടതുമുണ്ട്. അതില്‍ ആശങ്കപ്പെടേണ്ടെന്നുമാണ് ഭാരത് ബയോടെക്കിന്റെ പ്രതികരണം. 

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് നിലവില്‍ ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോവാക്സിന്‍ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. കോവാക്‌സിനുള്ള അംഗീകാരം വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍, മെഡിക്കല്‍ ടൂറിസ്റ്റുകള്‍, ബിസിനസ് യാത്രികര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്നാണ് കോവാക്സിന്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ കോവാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് വാക്സിന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. വാക്സിന്റെ അംഗീകാരത്തിനായി മെയ് മാസത്തില്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അടിയന്തര ഉപയോഗങ്ങള്‍ക്കുവേണ്ടി അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.