March 19, 2025 |
Share on

ബൈഡനെ മാറ്റാതെ സംഭാവനയുമില്ല; ഡെമോക്രാറ്റുകളോട് കട്ട് പറഞ്ഞു ഹോളിവുഡ്

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനുഭാവികള്‍ എന്നതിലുപരി, പാര്‍ട്ടിയുടെ പ്രധാന വരുമാന മാര്‍ഗമായ ചലച്ചിത്ര പ്രവര്‍ത്തകരാണ് ബൈഡനെതിരേ തിരഞ്ഞിരിക്കുന്നത്

സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പ് കൂടിവരുന്നതിനൊപ്പം ഹോളിവുഡും ജോ ബൈഡനെതിരേ തിരിയുന്നു. ഡെമോക്രോറ്റുകളെ പിന്തുണയ്ക്കുന്ന സിനിമ പ്രമുഖരാണ്, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍ രണ്ടാമൂഴത്തിന് നില്‍ക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നടന്‍ ജോര്‍ജ് ക്ലൂണി, പ്രസിഡന്റ് ബൈഡന്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചയായതിനു പിന്നാലെ ഹോളിവുഡിലെ മറ്റു പല പ്രമുഖരും ഇതേ കാര്യം ഉയര്‍ത്തിയിരിക്കുകയാണ്.

പാര്‍ട്ടിയില്‍ നിന്നും പുറത്തു നിന്നും സമ്മര്‍ദ്ദം ഏറിയിട്ടും മാറി നില്‍ക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ബൈഡന്‍. വ്യാഴാഴ്ച്ചത്തെ ദീര്‍ഘനേരം നീണ്ടു നിന്ന കോണ്‍ഫറന്‍സിലും, പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശമാണ് ബൈഡന്‍ നല്‍കിയത്. കൂടുതല്‍ ഡെമോക്രാറ്റിക് നേതാക്കള്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ ആവശ്യമുയര്‍ത്തിയതിന് പിന്നാലെയാണ് 81 കാരനായ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

ജോ ബൈഡന്‍ നിലപാട് മാറ്റുന്നില്ലെങ്കില്‍ തിരിച്ചടി പാര്‍ട്ടിക്കാണ്. ഹോളിവുഡ് പോലെ അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകള്‍ പിണങ്ങി മാറിയാല്‍ അത് വലിയ നഷ്ടമാണ് ഉണ്ടാക്കുക. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനുഭാവികള്‍ എന്നതിലുപരി, പാര്‍ട്ടിയുടെ പ്രധാന വരുമാന മാര്‍ഗമായ ചലച്ചിത്ര പ്രവര്‍ത്തകരാണ് ബൈഡനെതിരേ തിരഞ്ഞിരിക്കുന്നത്. അവരുടെ ആവശ്യത്തെ അവഗണിക്കുകയെന്നാല്‍ പാര്‍ട്ടി സ്വയം കുഴി തോണ്ടുന്നതിന് തുല്യമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ തോതില്‍ സംഭാവന നല്‍കുന്നൊരാളാണ് ക്ലൂണി. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ക്ലൂണി ബൈഡന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ്, അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നത്. ബൈഡനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ലെന്നാണ് ക്ലൂണി ലേഖനത്തില്‍ പറയുന്നത്.

ഹോളിവുഡില്‍ നിന്നുള്ള ഡെമോക്രാറ്റുകളുടെ എ-ലിസ്റ്റ് സംഭാവന ദാതാക്കളില്‍ ഭൂരിഭാഗവും ബൈഡന്റെ പ്രായം ചൂണ്ടിക്കാട്ടി വിയോജിപ്പുകള്‍ പറഞ്ഞിട്ടുണ്ട്. ഇവര്‍ പരസ്യമായി പിന്തുണ പിന്‍വലിച്ചിട്ടുമുണ്ട്. നോവലിസ്റ്റും തിരക്കഥാകൃത്തുമായ എയ്‌ലെറ്റ് വാള്‍ഡ്മാന്‍ ബൈഡനോടുള്ള വിയോജിപ്പിന്റെ പേരില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു സംഭാവന കൊടുക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. തന്റെ പ്രതിഷേധമെന്ന നിലയിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വാള്‍ഡ്മാന്‍ പറയുന്നു.

‘ ഞാനെപ്പോഴും സംഭാവന കൊടുത്തിട്ടുണ്ട്. എനിക്ക് ആവുന്നതിനെക്കാള്‍ കൂടുതല്‍. എന്നാല്‍ ഇതാദ്യമായി ഞാനത് നിര്‍ത്തുകയാണ്. അതിന് അതൃപ്തി എന്നല്ല പറയേണ്ടത്, അതെനിക്ക് പറയാന്‍ കഴിയാത്തൊരു പരിഭ്രാന്തി ഉള്ളതുകൊണ്ടാണ്’ അവര്‍ ബിബിസിയോട് പറയുന്നതിങ്ങനെയാണ്.

ബൈഡന്‍ പിന്മാറുന്നതുവരെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സംഭാവന നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് തിരക്കഥാകൃത്ത് ഡാമെന്‍ ലിന്‍ഡലോഫ് ഡെമോക്രാറ്റിക്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ മൂന്നിന് ഹോളിവുഡ് മാസികയായ ഡെഡ് ലൈനില്‍ എഴുതിയ ഗസ്റ്റ് കോളത്തിലായിരുന്നു ലിന്‍ഡലോഫ് മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരോടായും ഇക്കാര്യം ആഹ്വാനം ചെയ്തത്. ലിന്‍ഡലോഫിന്റെ ലേഖനം വന്നതിനു പിന്നാലെയാണ് എയ്‌ലെറ്റ് വാള്‍ഡ്മാനും തന്റെ നിലപാട് പറഞ്ഞിരിക്കുന്നത്.

‘ഒരാളുടെ പിടിവാശിക്ക് എല്ലാവരെയും ശിക്ഷിക്കുന്നത് ശരിയാണോ എന്നൊരു ചോദ്യം വരും. ചില സമയത്തത് ശരിയാണ്. ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്, അയാള്‍ മാറുന്നില്ലെങ്കില്‍ അവര്‍ തോല്‍ക്കും, വേലിയേറ്റം ഒരു ബോട്ടിനെ ഉയര്‍ത്തയടിക്കുന്നതുപോലെ, വീണു പോയ ബൈഡന്‍ പാര്‍ട്ടിയെ മൊത്തത്തില്‍ മുക്കി കളയുകയാണ്’; തന്റെ ലേഖനത്തില്‍ ലിന്‍ഡലോഫ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ്.

ഇതേ അഭിപ്രായങ്ങള്‍ തന്നെയാണ് അബിഗേല്‍ ഡിസ്‌നി, ജോണ്‍ കുസാക്ക്, സ്റ്റീഫന്‍ കിംഗ്, റോബ് റെയ്‌നര്‍ തുടങ്ങി നിരവധി പേര്‍ പങ്കുവച്ചിരിക്കുന്നത്. ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബൈഡനെതിരേ തിരിഞ്ഞിട്ടുണ്ട്. ഹോളിവുഡില്‍ നിന്നുള്ളവരെ ‘ ഉന്നതന്മാര്‍’ എന്നു പറഞ്ഞ് തള്ളിക്കളയാന്‍ സാധിക്കില്ല. കാരണം, അവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പാണ്. ഇക്കാര്യങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കും അറിയാം.

‘ എന്റെ സുഹൃത്ത് ജോര്‍ജ് ക്ലൂണി പങ്കുവച്ചത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പൊതുവായുള്ള അഭിപ്രായം തന്നെയാണ്’ എന്നായിരുന്നു റോബ് റെയ്‌നര്‍ പറഞ്ഞത്. നടനും സംവിധായകനുമായ റെയ്‌നര്‍ ഹോളിവുഡിലെ പ്രഖ്യാപിത ലിബറല്‍ ആശയപ്രചാരകനാണ്.’ ജനാധിപത്യം അസ്തിത്വ ഭീഷണി നേരിടുകയാണ്. അത് തിരിച്ചു പിടിക്കാന്‍ നമുക്ക് വേണ്ടത് യുവത്വമുള്ളൊരു പോരാളിയെയാണ്. ജോ ബൈഡന്‍ തീര്‍ച്ചയായും മാറി നില്‍ക്കണം’ റെയ്‌നര്‍ എക്‌സില്‍ കുറിച്ച കാര്യങ്ങളാണിത്.

വാള്‍ട്ട് ഡിസ്‌നിയുടെ പിന്‍തലമുറക്കാരിയും ഫിലിം മേക്കറുമായ അബിഗേല്‍ ഡിസ്‌നി സിഎന്‍ബിസിയോട് പറഞ്ഞത്, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ബൈഡന്‍ പിന്മാറുന്നത് വരെ താന്‍ ഡെമോക്രാറ്റുകള്‍ക്ക് സംഭാവന കൊടുക്കില്ലെന്നാണ്.

‘ ബൈഡനെ അവര്‍ മാറ്റുന്നതുവരെ ഒരു പൈസ പോലും പാര്‍ട്ടിക്ക് സംഭാവന കൊടുക്കാതിരിക്കുകയെന്നതാണ് എന്റെ ഉദേശ്യം. ഇതൊരിക്കലും അനാദരവായി കാണേണ്ട, യാഥാര്‍ത്ഥ്യമാണ്. ബൈഡന്‍ മാറിയില്ലെങ്കില്‍ ഡെമോക്രാറ്റുകള്‍ തോല്‍ക്കും, എനിക്കാ കാര്യത്തില്‍ തീര്‍ച്ചയുണ്ട്’ അബിഗേല്‍ ഡിസ്‌നി പറയുന്നു.

അഭിനേതാവ് മൈക്കള്‍ ഡഗ്ലസ് ബൈഡന്റെയും ഡെമോക്രാറ്റുകളുടെയും ഫണ്ട് റൈസര്‍മാരില്‍ പ്രധാനിയാണ്. എന്നാല്‍ ട്രംപുമായുള്ള ആദ്യ സംവാദത്തില്‍ ബൈഡന്‍ നടത്തിയ മോശം പ്രകടനം ഡഗ്ലസിനെയും നിരാശനാക്കിയിട്ടുണ്ട്. ട്രംപ് പറഞ്ഞ നുണകളെ വെല്ലുവിളിക്കാന്‍ ബൈഡന് കഴിഞ്ഞില്ലെന്നാണ് ഡഗ്ലസ് ബിബിസിയോട് പറഞ്ഞത്. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കൂടി ബൈഡന് കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് സങ്കല്‍പ്പിക്കുക പ്രയാസമാണെന്നും നടന്‍ പറഞ്ഞു.

പറയുന്നതില്‍ വിഷമം ഉണ്ടെങ്കിലും പറയാതെ വയ്യെന്ന് പറഞ്ഞുകൊണ്ടാണ് ബൈഡനോട് മാറി നില്‍ക്കാന്‍ തന്റെ ലേഖനത്തിലൂടെ ജോര്‍ജ് ക്ലൂണി ആവശ്യപ്പെട്ടത്. 2020 ല്‍ കണ്ട ബൈഡന്‍ അല്ല ഇപ്പോഴുള്ളതെന്നും കാലത്തെ പിടിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനാകില്ലെന്നും ക്ലൂണി പറയുന്നു. ട്രംപുമായുള്ള സംവാദത്തില്‍ തോറ്റ ബൈഡനാണ് ഇപ്പോഴും തങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നതെന്നും, അദ്ദേഹത്തെ മുന്‍ നിര്‍ത്തി ജയിക്കാനാകില്ലെന്നത് തന്റെ മാത്രം അഭിപ്രായമല്ല, പല കോണ്‍ഗ്രസ് അംഗങ്ങളുമായി സംസാരിച്ചശേഷമാണ് ഇക്കാര്യം താന്‍ പറയുന്നതെന്നും ക്ലൂണി ലേഖനത്തില്‍ എഴുതിയിരുന്നു.

അതേസമയം, ബൈഡനെ പിന്തുണച്ചു നില്‍ക്കുന്ന പ്രമുഖരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ബൈഡന്റെ ശക്തനായ വക്താവായി നില്‍ക്കുന്ന പ്രമുഖ പോഡ്കാസ്റ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ജാക് ഹോപ്കിന്‍സ് അതിലൊരാളാണ്. ആരൊക്കെയാണോ ബൈഡന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത് അവരൊക്കെ തന്നെയും ജോ ബൈഡന് തന്നെയായിരിക്കും വോട്ട് ചെയ്യുകയെന്നാണ് ഹോപ്കിന്‍സ് പറയുന്നത്. ഡെമോക്രാറ്റുകളുടെ സംഭാവന ദാതാക്കളില്‍ ഒരാളായ ഒരു പ്രമുഖ ചലച്ചിത്രകാരന്‍ ജോര്‍ജ് ക്ലൂണിയെയും, ഹോളിവുഡിന്റെ സംഭാവന ബഹിഷ്‌കരണത്തെയും മണ്ടത്തരമെന്നാണ് കുറ്റപ്പെടുത്തിയത്. ഒരു വൃദ്ധനെയും അഴിമതിക്കാരനെയും മുന്നില്‍ നിര്‍ത്തി ആരെ തെരഞ്ഞെടുക്കുമെന്ന് ചോദിച്ചാല്‍ വൃദ്ധനെയായിരിക്കും താന്‍ തെരഞ്ഞെടുക്കകയെന്നാണ് പേര് വെളിപ്പെടുത്താത്ത ആ സിനിമാക്കാരന്‍ ബിബിസിയോട് പറഞ്ഞത്.

ഡോണള്‍ഡ് ട്രംപിനെക്കാള്‍ സംഭാവന നേടാന്‍ ബൈഡന് കഴിഞ്ഞിരുന്നതാണ്. എന്നാല്‍ ആ വിടവ് ഇപ്പോള്‍ കൂടുതല്‍ അടുത്തിരിക്കുന്നു. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 330 മില്യണ്‍ അമേരിക്കന്‍ ഡോളറില്‍ അധികം തങ്ങള്‍ക്ക് സംഭാവന കിട്ടിയെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ മാസമാദ്യം അവകാശപ്പെട്ടത്. ഇതേ കാലയളവില്‍ ഡെമോക്രാറ്റുകള്‍ക്ക് കിട്ടിയത് 264 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ബൈഡന്റെ ജനപ്രീതിയില്‍ വരുന്ന ഇടിവാണ് ഇതിലൂടെ വ്യക്തമാകുന്നത്. Hollywood democratic donors turn away from joe biden’s president candidacy 

Content Summary; Hollywood democratic donors turn away from joe biden’s president candidacy

×