ഇന്ത്യയിലെ സുരക്ഷ സംവിധാനത്തിന് ഭീഷണിയായി ഇന്ത്യ-ചൈന അതിർത്തിയിലെ ചൈനയുടെ വ്യോമതാവള പദ്ധതി. ബംഗ്ലാദേശിലെ ലാൽമോനിഹർട്ട് ജില്ലയിൽ പടുത്തുയർത്തുന്ന ചൈനയുടെ വ്യോമതാവളം രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയുടെയും പശ്ചിമ ബംഗാളിന് സമീപമുള്ള സിലിഗുരി (ചിക്കൻസ് നെക്ക്) പ്രദേശത്തിന്റെയും സുരക്ഷയ്ക്ക് വിള്ളൽ വീഴ്ത്തിയേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ബംഗ്ലാദേശിന്റെ ഇടക്കാല ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ ചൈനീസ് സന്ദർശന സമയത്താണ് വ്യോമതാവളത്തെ സംബന്ധിച്ച ചർച്ച നടന്നതും പദ്ധതിയ്ക്ക് ബംഗ്ലാദേശ് പച്ചക്കൊടി വീശുന്നതും. ഔദ്യോഗിക രേഖകളിൽ എയർഫീൽഡ് സംബന്ധിച്ച പരാമർശങ്ങളില്ല. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി കുച്ച്ബിഹാർ ജില്ലകൾക്ക് സമീപമാണ് ലാൽമോനിഹർട്ട് പ്രദേശം സ്ഥിതി ചെയ്യുന്നത്. സിലിഗുരി പ്രദേശം ഇതിനോട് ഏറ്റവുമടുത്താണ്. നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന എന്നിവയുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശം വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യവും ഈ പ്രദേശത്തുണ്ട്.
ബംഗ്ലാദേശിൽ ഇതുവരെ ചൈനീസ് യുദ്ധവിമാനങ്ങൾ വിന്യസിപ്പിച്ചിട്ടില്ലെന്നും, എന്നാൽ ഇത്തരമൊരു നീക്കമുണ്ടാൽ അത് ഇന്ത്യയുടെ സുരക്ഷയ്ക്ക് വിള്ളൽ വീഴ്ത്തിയേക്കാമെന്നാണ് വിലയിരുത്തൽ. വ്യോമതാവളം നിലവിൽ വരുന്നത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, പശ്ചിമ ബംഗാൾ എന്നിവയെ പൂർണ്ണമായും ദുർബലപ്പെടുത്തുമെന്നാണ് ബംഗ്ലാദേശ് വ്യക്തമാക്കുന്നു. വ്യോമതാവള നിർമ്മാണവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഏപ്രിൽ 24 മുതൽ ബംഗ്ലാദേശ് സന്ദർശിക്കുമെന്നാണ് സൂചന. വിദേശകാര്യ സെക്രട്ടറി അംന ബല്ലോച്ച് ഏപ്രിൽ 17 മുതലും രാജ്യം സന്ദർശിക്കും. 2012ന് ശേഷം പാകിസ്ഥാനിൽ നിന്ന് ധാക്കയിലേക്കുള്ള മന്ത്രിമാരുടെ ആദ്യ സന്ദർശനമാണിത്. ഈ കൂടിക്കാഴ്ചയിൽ നിരവധി ധാരണപത്രങ്ങളിൽ ഒപ്പു വച്ചേക്കുമെന്നും സൂചനയുണ്ട്.
ചിക്കൻസ് നെക് എന്നറിയപ്പെടുന്ന സിലിഗുരി പ്രദേശം അരുണാചൽപ്രദേശ്, ആസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഈയടുത്ത കാലത്ത് ചൈന സന്ദർശിച്ച ബംഗ്ലാദേശിന്റെ ഇടക്കാല ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിന്റെ പരാമർശത്തെ തുടർന്നാണ് ബംഗ്ലാദേശ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ കാക്കുന്നത് ബംഗ്ലാദേശാണെന്ന തരത്തിലായിരുന്നു മുഹമ്മദ് യൂനുസിന്റെ പരാമർശം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഈ പരാമർശത്തിനെതിരെ രംഗത്തു വന്നതോടെ മറ്റു തലങ്ങളിലുള്ള പ്രതികരണങ്ങളുമുണ്ടായി. ബംഗ്ലാദേശിനും ഭൂട്ടാനുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ സൈനിക മേഖലയിൽ തന്ത്ര പ്രധാനമായ സ്ഥാനം വഹിക്കുന്നുണ്ട്. ഈ പ്രദേശത്തുണ്ടാവുന്ന ഏതൊരു തരത്തിലുള്ള സമ്മർദ്ദവും ഇന്ത്യയുടെ ക്രമസമാധാനത്തെ ബാധിക്കുകയും എയർഫീൽഡ് നിർമ്മാണം മേഖലയിലെ സംഘർഷം കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യും. 2017ലെ ദോക്ലാം സംഘർഷം പ്രദേശത്തിന്റെ സ്ഥിതി വഷളാക്കിയിരുന്നു. സിലിഗുരിയിൽ ഒരു റെയിൽവേ സംവിധാനം മാത്രം സ്ഥിതി ചെയ്യുന്നതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
content summary: India expresses concerns over a Chinese airfield plan in a Bangladeshi district near the Chicken’s Neck area.