“ബോംബ് വയ്ക്കുന്നത് നിങ്ങള്‍, ഫാഷിസ്റ്റ് എന്ന് വിളിക്കുന്നത് എന്നെ, ഇതെങ്ങനെ ശരിയാകും?” – ബാല്‍ താക്കറെ ജോര്‍ജ് ഫെര്‍ണാണ്ടസിനോട് ചോദിച്ചു. ഒരിക്കല്‍ ജയിലില്‍ ഒരേ സെല്ലില്‍ കണ്ടുമുട്ടിയപ്പോളായിരുന്നു പരസ്പരം വിമര്‍ശിച്ചുകൊണ്ടുള്ള ഈ സംഭാഷണം. ശിവസേന നേതാവ് സഞ്ജയ് റാവത്ത് തിരക്കഥയെഴുതി നിര്‍മ്മിച്ച് അഭിജിത്ത് പാന്‍സെ സംവിധാനം ചെയ്ത താക്കറെ സിനിമയില്‍ ഈ രംഗം കാണിക്കുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ബറോഡ ഡൈനാമിറ്റ് കേസില്‍ പ്രതിയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. ഇന്ദിര ഗാന്ധിയുടെ പ്രസംഗ വേദി ഡൈനാമിറ്റ് വച്ച് തകര്‍ക്കാനുള്ള പദ്ധതിയായിരുന്നു ജോര്‍ജിനുണ്ടായിരുന്നത്. ജോര്‍ജിന്റെ അനുയായികള്‍ മറ്റ് ബോംബ് കേസുകളിലും പ്രതികളായി.
ബോംബെയെ സ്തംഭിപ്പിക്കാന്‍ ശേഷിയുള്ളത് ജോര്‍ജിന് മാത്രമല്ല, എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബാല്‍ സൂക്ഷിക്കണം എന്ന് ജോര്‍ജ് പറയുന്നതായും ഈ സീനില്‍ കാണാം. ബാല്‍ താക്കറെയെ ബാല്‍ എന്ന് വിളിച്ചിരുന്ന അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. ഇന്ത്യയിലെ ഏറ്റവും കരുത്തനായ സോഷ്യലിസ്റ്റ് നേതാവായി അറിയപ്പെടുമ്പോളും സംഘപരിവാര്‍ സംഘടനകളോടും ശിവസേനയോടുമെല്ലാം മൃദു സമീപനം സ്വീകരിച്ചതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ജോര്‍ജി ഫെര്‍ണാണ്ടസിന്. വാസ്തവത്തില്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള 1977ലെ തിരഞ്ഞെടുപ്പില്‍ ഭാരതീയ ലോക്ദള്‍ എന്ന പേരില്‍ മത്സരിച്ച ജനത പാര്‍ട്ടി കൂട്ടായ്മയുടെ ഭാഗമായല്ല, ജോര്‍ജിന്റെ ഈ ഹിന്ദുത്വ സംഘടനാ ബാന്ധവം തുടങ്ങുന്നത്. 1968ലെ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അത് തുടങ്ങിയിരുന്നു. 1967ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബോംബെ സൗത്തില്‍ കോണ്‍ഗ്രസിലെ കരുത്തനായ എസ്‌കെ പാട്ടീലിനെ അട്ടിമറിച്ച് ജോര്‍ജ് ഫെര്‍ണാണ്ട് ലോക്‌സഭയിലെത്തിയിരുന്നു. 1966ല്‍ രൂപം കൊണ്ട രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ശിവസേനയ്ക്ക് 68ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ജോര്‍ജിന്റെ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ നല്‍കി.
ബാല്‍ താക്കറെ, ശരദ് പവാര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ് – ബോംബെ രാഷ്ട്രീയത്തിലെ മൂന്ന് കരുത്തര്‍
കടുത്ത ഹിന്ദുത്വ വര്‍ഗീയവാദിയായിരുന്ന, ബോംബെയിലെ തൊഴിലാളി യൂണിയനുകളെ തകര്‍ക്കുന്നതില്‍ വ്യവസായ ലോബികളുടേയും കോണ്‍ഗ്രസ് സര്‍ക്കാരിന്റേയും താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചയാള്‍ എന്ന് ആരോപണവിധേയനായ ബാല്‍ താക്കറെയുമായി, സോഷ്യലിസ്റ്റ് നേതാവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനുണ്ടായിരുന്നത് വിചിത്രവും സങ്കീര്‍ണവും സവിശേഷവുമായ ബന്ധമായിരുന്നു. ഈ ബന്ധമാണ് താക്കെറയുടെ ജീവിതം പറയുന്ന സിനിമയ്ക്ക് ശേഷം ജോര്‍ജ് ഫെര്‍ണാണ്ടസിനെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു സിനിമയെടുക്കാന്‍ ശിവസേനയെ പ്രേരിപ്പിക്കുന്നത്. സഞ്ജയ് റാവത്ത് തന്നെ രചന നിര്‍വഹിക്കുന്ന ഈ സിനിമ 2021ല്‍ തീയറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നത്. 1950കള്‍ മുതല്‍ അടിയന്തരാവസ്ഥ കാലം വരെയുള്ള ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജീവിതത്തിലും ബോംബെ രാഷ്ട്രീയത്തിലുമാണ് സിനിമ കേന്ദ്രീകരിക്കുക.
ശരദ് റാവു അടക്കമുള്ള എസ് എസ് പി നേതാക്കളുമായി ജോര്‍ജ് ഇടയാന്‍ കാരണമായിത് ഈ ശിവസേന ബാന്ധവമാണെന്ന് സിപിഐ നേതാവ് പ്രകാശ് റെഡ്ഡി പറഞ്ഞിരുന്നു. ശിവസേന-എസ് എസ് പി സഖ്യം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തു. അന്ധമായ കോണ്‍ഗ്രസ് വിരുദ്ധതയും ഇന്ദിര ഗാന്ധിയോടുള്ള വിരോധവും ശിവസേനയുമായി കൂട്ടുകൂടാന്‍ ജോര്‍ജിനെ പ്രേരിപ്പിച്ചിട്ടുള്ളതായി പ്രകാശ് റെഡ്ഡി അഭിപ്രായപ്പെടുന്നു. ഇത് പിന്നീട് ആര്‍എസ്എസുമായും ജനസംഘവുമായി സഹകരിക്കുന്നതിലെത്തി.
1979ല്‍ ജനത പാര്‍ട്ടി അംഗങ്ങള്‍ ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കണം എന്ന് ശ്ക്ത മായി വാദിച്ചവരില്‍ ഒരു പ്രധാനി ജോര്‍ജ് ആയിരുന്നു. എന്നാല്‍ ഇതേ ജോര്‍ജ് ഫെര്‍ണാണ്ടസ് തന്നെ പിന്നീട് ബിജെപി മന്ത്രിസഭകളില്‍ അംഗമായി. മധു ദന്തവദെയെ പോലുള്ള പ്രമുഖ നേതാക്കള്‍ സംഘപരിവാറിനോട് ഒരു തരത്തിലുള്ള സഖ്യവും പാടില്ലെന്ന ഉറച്ച നിലപാട് പിന്നീട് സ്വീകരിച്ചപ്പോളും ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ള സോഷ്യലിസ്റ്റുകള്‍ പല ഘട്ടങ്ങളിലായി ബിജെപിയുമായി സഹകരിച്ചു.
https://www.azhimukham.com/cinema-thackeray-movie-abhijit-panse-sanjay-raut-shiv-sena-nawazuddin-siiddiqui-review/
https://www.azhimukham.com/india-profile-of-socialist-leader-george-fernandes/