കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

ജമ്മുവിലെ സുന്ജ്വാന് മേഖലയിലെ സൈനിക ക്യാമ്പിന് സമീപം സൈന്യവും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയുധധാരികളായ രണ്ട് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നുവെന്ന് ജമ്മു സോണ്‍ എഡിജിപി മുകേഷ് സിംഗ് പറഞ്ഞു.

പാകിസ്ഥാന് ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് (ജെഇഎം) സംഘടനയില്‍ പെട്ടവരാകാന് സാധ്യതയുള്ള ഭീകരര്‍ നഗരത്തില്‍ വന്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. സുന്ജ്വാന് സൈനിക സ്റ്റേഷനോട് ചേര്‍ന്നുള്ള പ്രദേശത്ത് പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സിആര്‍പിഎഫും സംയുക്ത തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയാണെന്നും ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും മുകേഷ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി താഴ് വരയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കിയിരിക്കെയാണ് ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 24 ന് പഞ്ചായത്തിരാജ് ദിനത്തില്‍ ആണ് വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുക.
അതേസമയം, കശ്മീരിലെ ബാരാമുള്ളയില്‍ നടന്ന മറ്റൊരു ഭീകരവിരുദ്ധ ഓപ്പറേഷനില്‍ ലഷ്കറെ ത്വയ്ബയുടെ ഉന്നത കമാന്‍ഡര്‍ യൂസഫ് കാന്‍ട്രൂ ഉള്‍പ്പെടെ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്പിഒ) മുഹമ്മദ് ഇഷ്ഫാഖ് ദാര്‍, മാര്‍ച്ച് 7 ന് മരിച്ച സൈനികന് മുഹമ്മദ് സമീര്‍ മല്ല എന്നിവരുള്‍പ്പെടെ സാധാരണക്കാരുടെയും സുരക്ഷാ സേനാംഗങ്ങളുടെയും കൊലപാതകങ്ങളില്‍ പങ്കെടുത്തതിന് 14 എഫ്ഐആറുകളിലെങ്കിലും കാന്ട്രൂവിന്റെ പേരുണ്ട്.