തഞ്ചാവൂരില്‍ ഉത്സവത്തിനിടെ ഷോക്കേറ്റ് കുട്ടികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ഉത്സവത്തിനിടെ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. 10 പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്.

തഞ്ചാവൂര്‍ ജില്ലയിലെ കാളിയമേഡ് ക്ഷേത്രത്തില്‍ നടന്ന ചിത്തിര ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. തഞ്ചാവൂര്‍ - പുത്തലൂര്‍ റോഡിനോട് ചേര്‍ന്നുള്ള കാളിമേട് ഭാഗത്ത് വച്ച് രഥം വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. രഥം വലിക്കുവാന്‍ കൂടിയ ആളുകള്‍ക്കാണ് ഷോക്കേറ്റത്. വൈദ്യുതി ലൈനില്‍ തട്ടിയ രഥം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
അര്‍ദ്ധരാത്രി 12 മണിയോടെയാണ് രഥോത്സവം ആരംഭിച്ചത്. 10 പേര് സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അപകടം സംഭവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചിലരുടെ നില ആശങ്കാജനകമാണെന്നാണ് പ്രാദേശിക തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.