ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം: 14 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് 10 സംഘങ്ങള്‍

 
Delhi Violence
കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം

ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അക്രമ സംഭവത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കലാപം, കൊലപാതക ശ്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. 

ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കുനേരെയുണ്ടായ കല്ലേറിനെത്തുടര്‍ന്നാണ് അക്രമസംഭവങ്ങളുടെ തുടക്കമെന്നാണ് പൊലീസ് എഫ്‌ഐആര്‍. ആളുകള്‍ സംഘം ചേര്‍ന്ന് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ എട്ട് പൊലീസുകാര്‍ക്കും ഒരു സിവിലിയനുമാണ് പരിക്കേറ്റത്. ഡല്‍ഹി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മേഖലാല്‍ മീണയ്ക്ക് വെടിയേറ്റാണ് പരിക്ക്. എന്നാല്‍ വെടിയേറ്റതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി. ഡല്‍ഹി പൊലീസ് കമ്മീഷണറോടും ക്രമസമാധാനച്ചുമതലയുള്ള സ്പെഷ്യല്‍ പൊലീസ് കമ്മീഷണറോടും ഫോണില്‍ സംസാരിച്ച ആഭ്യന്തരമന്ത്രി സാഹചര്യം വിലയിരുത്തി. അതേസമയം, ജഹാംഗീര്‍പുരിയോടുചേര്‍ന്നുള്ള മറ്റുചില സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ടെന്നാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചിട്ടുള്ളത്. പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എല്ലാവരും സമാധാനം പാലിക്കണമെന്നും അഭ്യര്‍ഥിച്ചു.