വാക്‌സിനേഷന്‍ ഒമ്പതു മാസം പിന്നിടുമ്പോഴും രണ്ടാം ഡോസ് കിട്ടാതെ 15 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍

 
Health Project

ഏകദേശം 85 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രണ്ട് ഡോസുകളും ലഭിച്ചത്

രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ ഒമ്പത് മാസം പിന്നിടുമ്പോഴും ആരോഗ്യപ്രവര്‍ത്തകരുടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ സാധ്യമായിട്ടില്ല. ജനുവരിയില്‍ തുടക്കമിട്ട വാക്‌സിന്‍ വിതരണത്തില്‍, മുന്‍ഗണന പട്ടികയിലെ ആദ്യ ഗ്രൂപ്പായിട്ടും 15 ലക്ഷത്തോളം  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവരെ രണ്ടാം ഡോസ് കിട്ടിയിട്ടില്ല. സെപ്റ്റംബര്‍ 30 വരെ 85 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളതെന്ന് ഔദ്യോഗിക വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സെപ്റ്റംബര്‍ 30 വരെ, ഏകദേശം 85 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രണ്ട് ഡോസുകളും ലഭിച്ചത്. ഒരു കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് ലഭിച്ചപ്പോള്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 15 ലക്ഷത്തോളം പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടില്ല. ആഗസ്റ്റ് 26ന്, ഇത് 83 ശതമാനമായിരുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരെന്ന നിലയിലാണ് ആരോഗ്യപ്രവര്‍ത്തകരെ വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും ഇവരുടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ സാധ്യമായിട്ടില്ലെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷനില്‍ ഇടിവ് വന്നിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറയുന്നു. ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കോ വിന്നില്‍ രണ്ടാം ഡോസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്നവരെ വീണ്ടും ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവ സീസണ്‍ അടുത്തുവരുന്നതിനാല്‍ രണ്ടാമത്തെ ഡോസ് കൃത്യസമയത്ത് നല്‍കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ അതുമായി ബന്ധപ്പെട്ട പട്ടിക പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയില്‍ രോഗവ്യാപനം തീവ്രമാക്കിയ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ പൂര്‍ണമായി പ്രതിരോധിക്കാന്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കണമെന്ന ശാസ്ത്രീയ വിലയിരുത്തലുകള്‍ക്കിടെയാണ്, 15 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍. കൃത്യമായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ടു മാത്രം കോവിഡിന്റെ ഗുരുതരാവസ്ഥയില്‍നിന്ന് രക്ഷപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ ഏറെയാണെന്നും വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്. 

മുന്‍നിര തൊഴിലാളികളുടെ കാര്യത്തില്‍, രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 79 ശതമാനത്തില്‍നിന്ന് ആഗസ്റ്റില്‍ 82 ശതമാനമായി ഉയര്‍ന്നിരുന്നു. മുഴുവന്‍ മുന്‍നിര തൊഴിലാളികള്‍ക്കും ആദ്യ ഡോസ് നല്‍കി. അതേസമയം, ആരോഗ്യപ്രവര്‍ത്തകരില്‍ 99 ശതമാനത്തിനാണ് ഒന്നാം ഡോസ് ലഭിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയായവരില്‍ 69 ശതമാനത്തിന് ഒന്നാം ഡോസ് ലഭിച്ചു. എന്നാല്‍ അവരുടെ നാലിലൊന്നു പേര്‍ക്കു മാത്രമാണ് രണ്ടും ഡോസ് ലഭിച്ചിട്ടുള്ളത്. കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് വാക്‌സിനേഷന്‍ മന്ദഗതിയില്‍ പോകുന്നത്. ഏഴില്‍ നാല് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആദ്യ ഡോസ് കവറേജ് 60 ശതമാനത്തില്‍ താഴെയാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.