രാഷ്ട്രപതി തെരഞ്ഞെടുപ്പ്; കണക്ക് കൂട്ടലില്‍ മുന്നില്‍ ദ്രൗപതി മുര്‍മു, പൊരുതാന്‍ യശ്വന്ത് സിന്‍ഹ

 
murmu-yashwant

പുതിയ രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് വോട്ടെടുപ്പ് തുടങ്ങും. പാര്‍ലമെന്റിന്റെ ഇരുസഭകളിലേക്കും നിയസമഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് വോട്ടവകാശം. 
പാര്‍ലമെന്റില്‍ 63ആം നമ്പര്‍ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലാണ് വോട്ടെടുപ്പ്.  എംപി മാര്‍ക്ക് പച്ചയും എം എല്‍ എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റാണ് നല്‍കുക. ജൂലൈ 21നാണ് വോട്ടെണ്ണല്‍.

അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്. നാല്‍പത്തിയൊന്ന് പാര്‍ട്ടികളുടെ പിന്തുണയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നത്. ഇപ്പോഴത്തെ കണക്കില്‍ ദ്രൗപദി ലഭിക്കാവുന്ന വോട്ടുമൂല്യം 6.61 ലക്ഷത്തിന് മുകളിലാണ്. പ്രതിപക്ഷത്തെ ശിവസേന, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, ജനതാദള്‍ സെക്കുലര്‍ തുടങ്ങിയ കക്ഷികള്‍ മുര്‍മുവിന് പിന്തുണ അറിയിച്ചെന്നതാണ് എന്‍ഡിഎയ്ക്ക് നേട്ടമായത്. വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എന്‍ ഡി എയ്ക്കുണ്ട്. 

അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷമാണ് വോട്ട്മൂല്യം. 10,86,431 ആണ് ആകെ വോട്ടുമൂല്യം.17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നല്‍കിയലരുന്നു.  

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജഗ്ദീപ് ധാന്‍കറിനെ എന്‍ ഡി എ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും സംയുക്ത സ്ഥാനാര്‍ത്ഥിയായി മാര്‍ഗരറ്റ് ആല്‍വയെ തീരുമാനിച്ചു.. ശരദ്പവാറിന്റെ വസതിയില്‍ ഇന്നലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചത്. വനിത, ന്യൂനപക്ഷ സമുദായഗം , രാഷ്ട്രീയ പരിചയം, ദക്ഷിണേന്ത്യന്‍ പ്രാതിനിഥ്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് മാര്‍ഗരറ്റ് അല്‍വയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഉത്തരാഖണ്ട്, ഗോവ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണറും മുന്‍ കേന്ദ്രമന്ത്രിയുമാണ് മാര്‍ഗരറ്റ് ആല്‍വ.