ഏറ്റവും വലിയ ഒറ്റകക്ഷിയില്‍നിന്ന് രണ്ട് എംഎല്‍എമാരിലേക്ക്; ഗോവയില്‍ കോണ്‍ഗ്രസിന് സംഭവിച്ചത്

 
congress flag
ബിജെപിയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്കും പാര്‍ട്ടി എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്

അടുത്തവര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. തെരഞ്ഞെടുപ്പിലേക്കുള്ള നാളുകള്‍ കുറയുന്തോറും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളാകെ മാറിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ കാര്യത്തിലാണ് സംശയം. 17 എംഎല്‍എമാര്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ നിലവിലുള്ളത് രണ്ട് നിയമസഭ അംഗങ്ങള്‍ മാത്രമാണ്. ബിജെപിയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്കുമുള്ള പാര്‍ട്ടി എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയാകും. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും സാന്നിധ്യം പതനത്തിന്റെ ആഴം കൂട്ടിയേക്കും. ബിജെപിയുടെ ഭരണത്തുടര്‍ച്ച എളുപ്പമായാലും അല്ലെങ്കിലും, കോണ്‍ഗ്രസിന്റെ പതനം ഏറ്റവും വലുതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 40 അംഗ സഭയില്‍ 17 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. അതേസമയം, സംസ്ഥാനം ഭരിച്ചിരുന്ന ബിജെപിയുടെ നേട്ടം 13 സീറ്റുകള്‍ മാത്രമായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് വേണ്ടിയിരുന്നത് നാല് എംഎല്‍എമാരുടെ പിന്തുണ. സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണയ്ക്കാന്‍ സന്നദ്ധരുമായിരുന്നു. ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഗോവയിലെത്തി. എന്നാല്‍, ഹൈക്കമാന്‍ഡ് തന്ത്രങ്ങള്‍ക്കും തീരുമാനത്തിനുമായി ദിഗ് വിജയ് സിംഗും കെ.സി വേണുഗോപാലും സംസ്ഥാന നേതാക്കളും കാതോര്‍ത്തിരിക്കുമ്പോള്‍, പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായും ബിജെപി ചര്‍ച്ച തുടങ്ങിയിരുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന നിതിന്‍ ഗഡ്കരിയും മനോഹര്‍ പരീക്കറും തന്ത്രങ്ങളുമായി മുന്നില്‍ നിന്നു. കോണ്‍ഗ്രസ് വിമതന്മാരെ ഒപ്പംനിര്‍ത്തുന്നതിലും ബിജെപി വിജയിച്ചു. അധികാരം ബിജെപി ഉറപ്പിച്ചപ്പോള്‍, പരീക്കര്‍ മുഖ്യമന്ത്രിയായി. 

ഭരണകക്ഷിയായ ബിജെപിക്കെതിരെ മത്സരിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍, നിയമസഭാകക്ഷി നേതാവ് ആരാകണം എന്നതായിരുന്നു കോണ്‍ഗ്രസിലെ തര്‍ക്കം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലൂസിഞ്ഞോ ഫലെയ്‌റോ, മുന്‍ മുഖ്യമന്ത്രിമാരായ ദിഗംബര്‍ കാമത്ത്, പ്രതാപ് സിംഗ് റാണെ എന്നിവരെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ പരസ്പരം പോരടിച്ചു. അക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യമായി വന്നു. അതിനിടെ, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി നടത്തിവന്ന പ്രാഥമിക ചര്‍ച്ചകളും വഴിമുട്ടി. അതോടെ, ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തന്ത്രപരമായ നീക്കം ഫലം കണ്ടു. കൈവിട്ടുപോകുമെന്ന് കരുതിയ ഭരണം അവര്‍ തിരികെപ്പിടിച്ചപ്പോള്‍, കൈയകലത്തില്‍ കോണ്‍ഗ്രസ് ഭരണം നഷ്ടപ്പെടുത്തി. പക്ഷേ, അത് ഗോവയിലെ കോണ്‍ഗ്രസിന്റെ പതനത്തിന്റെ തുടക്കമായിരിക്കുമെന്ന് ദിഗ് വിജയ് സിംഗ് പോലും അന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച നിര്‍ണായകവേളയില്‍പ്പോലും ഉചിതമായ തീരുമാനമെടുക്കാനുള്ള തിടുക്കം കാണിക്കാതിരുന്ന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ ചീത്ത വിളിച്ചാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത്. 2017ല്‍ തന്നെ വാല്‍പോയി എംഎല്‍എ വിശ്വജിത് റാണെ കോണ്‍ഗ്രസ് വിട്ടു. പിന്നീട് ബിജെപിയില്‍ എത്തിയ റാണെ ആരോഗ്യമന്ത്രിയായി. 2019ല്‍ പ്രതിപക്ഷ നേതാവ് ആയിരുന്ന ചന്ദ്രകാന്ത് കവ്‌ലേക്കര്‍ ഉള്‍പ്പെടെ പത്തുപേരാണ് എതിര്‍ചേരിയിലെത്തിയത്. കവ്‌ലേക്കര്‍ പിന്നീട് ഉപമുഖ്യമന്ത്രിയായി. രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ കൂടി പാര്‍ട്ടി വിട്ടു. ലൂസിഞ്ഞോ ഫലെയ്‌റോ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. അതേസമയം, രവി നായിക് ബിജെപിയിലെത്തി. ഏറ്റവും ഒടുവിലായി കര്‍ടൊറിം എംഎല്‍എ അലക്‌സോ റെജിനാള്‍ഡോ ലോറെന്‍സോയാണ് പാര്‍ട്ടി വിട്ടത്. മമത ബാനര്‍ജിയുടെ തൃണമൂലാണ് അലക്‌സോയുടെ പുതിയ ഇടം. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ അലക്‌സോ, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടം സ്ഥാനാര്‍ഥി പട്ടികയിലും ഇടംപിടിച്ചിരുന്നു. ഇതോടെ, പ്രതിപക്ഷ നേതാവായ ദിംഗംബര്‍ കാമത്തും പ്രതാപ് സിംഗ് റാണെയുമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന എംഎല്‍എമാര്‍. 

അലക്‌സോയുടെ 'അപ്രതീക്ഷിത' തീരുമാനം കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായിക്കിയിരിക്കുകയാണ്. എട്ട് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ടം പട്ടിക പ്രഖ്യാപിച്ച് പ്രചാരണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു കോണ്‍ഗ്രസ്. അലക്‌സോയുടെ രാജി പാര്‍ട്ടിയുടെ സകല മുന്നൊരുക്കങ്ങളെയും സാരമായി ബാധിക്കും. കോണ്‍ഗ്രസിന്റെ ക്ഷീണം മുതലെടുക്കാന്‍ ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഇക്കുറി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. വീണ്ടുമൊരു തിരിച്ചുവരവ് സാധ്യമല്ലാത്തവിധം കോണ്‍ഗ്രസിന്റെ പതനം ഉറപ്പാക്കാന്‍ ഇതൊക്കെ മതിയാകും. ഗോവയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നായിരുന്നു രണ്ടുമാസം മുമ്പ് എബിപി നടത്തിയ സര്‍വേയുടെ ഫലം. 40 അംഗ സഭയില്‍ ബിജെപിക്ക് 19-23 സീറ്റുകള്‍ ലഭിക്കും. ആം ആദ്മി 3-7, കോണ്‍ഗ്രസ് 2-6, മറ്റുള്ളവര്‍ 8-12 എന്നിങ്ങനെ സീറ്റുകളാണ് സര്‍വേ പ്രവചിച്ചിരുന്നത്. 

എന്നാല്‍, പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസിന് എത്ര സീറ്റുകള്‍ കിട്ടുമെന്നത് പ്രവചനാതീതമാണ്. ബിജെപി സഖ്യകക്ഷിയായിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി (ജിഎഫ്പി) ചേര്‍ന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മന്ത്രിസഭാ വികസനത്തില്‍ തഴഞ്ഞതോടെയാണ് ജിഎഫ്പി ബിജെപി സഖ്യം വിട്ടത്. പഴയ കോണ്‍ഗ്രസ് നേതാക്കളുമായി പ്രചാരണത്തിനിറങ്ങുന്ന മമതയെ നേരിടാന്‍ പ്രിയങ്ക ഗാന്ധിയെയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒപ്പംനിന്ന ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ ഇക്കുറിയും ഉറപ്പാക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇതേ തന്ത്രങ്ങള്‍ തന്നെയാണ് തൃണമൂലും പയറ്റുന്നത്. യുവാക്കളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും അവര്‍ ശക്തമാക്കിയിട്ടുണ്ട്. അതിനാല്‍, തൃണമൂലിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നേട്ടം കോണ്‍ഗ്രസിന് വലിയ നഷ്ടമായിരിക്കും വരുത്തുക. ബിജെപിക്ക് അത് എത്രത്തോളം ഭീഷണിയാകുമെന്നത് മാത്രമാണ് അറിയേണ്ടത്.