121 ആദിവാസികളെ വെറുതെവിട്ട ഛത്തീസ്ഗഢിലെ മാവോയിസ്റ്റ്- യുഎപിഎ കേസ്; അറിയേണ്ടതെല്ലാം 

 
d

2017ല്‍ സുക്മ ജില്ലയില്‍ 25 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിലെ ആദിവാസികളായ 121 പ്രതികളെയും ഛത്തീസ്ഗഡ് കോടതി വെറുതെവിട്ടിരിക്കുകയാണ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെ വിട്ടത്. 2017 ഏപ്രിലില്‍ ജില്ലയിലെ ബുര്‍ക്കപാല്‍ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ മാവോയിസ്റ്റുകളെ സഹായിച്ചെന്നാരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പ്രോസിക്യൂഷന്‍ രേഖപ്പെടുത്തിയ തെളിവുകളോ മൊഴികളോ ഒന്നും തന്നെ പ്രതികള്‍ നക്‌സല്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്നും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നും സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ആയുധങ്ങളോ വെടിക്കോപ്പുകളോ പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെത്തിയവയല്ലെന്നും കോടതി പറഞ്ഞതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് പറയുന്നു. 

2017 ഏപ്രില്‍ 24 ന് വൈകുന്നേരം, ബുര്‍ക്കപാല്‍ ഗ്രാമത്തില്‍ നിന്ന് 100 മീറ്റര്‍ അകലെ, സിആര്‍പിഎഫിന്റെ 74-ാം ബറ്റാലിയന്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. ആക്രമണത്തില്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു.2010ല്‍ 76 സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം ബസ്തര്‍ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. 

ആക്രമണത്തിന് തൊട്ടുപിന്നാലെ, ഛത്തീസ്ഗഡ് പോലീസ് ചിന്താഗുഫ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ബുര്‍ക്കപാല്‍, ഗോണ്ടപ്പള്ളി, ചിന്താഗുഫ, താല്‍മെറ്റ്ല, കൊറൈഗുണ്ടം, തോങ്കുഡ. എന്നിങ്ങനെ ആറ് ഗ്രാമങ്ങളില്‍ നിന്നുള്ള 120 ആദിവാസികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കേസില്‍ പിന്നീട് ഒരു സ്ത്രീയെ കൂടി ഉള്‍പ്പെടുത്തി.  ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 121 ആയി. ആയുധങ്ങള്‍ സൂക്ഷിക്കാനും ഒളിപ്പിക്കാനും മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കി എന്ന കുറ്റം ചുമത്തിയാണ് 121 ആദിവാസികള്‍ക്കെതിരെ കേസെടുത്തത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ആദിവാസികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

യുഎപിഎക്ക് പുറമേ എഫ്ഐആറില്‍ ഐപിസി 147, 148, 149, 120(ബി), 307, 302, 396, 397 എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ സെക്ഷന്‍ 25, 27, സ്‌ഫോടകവസ്തു നിയമത്തിന്റെ 3, 5 വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു. അതേസമയം, കേസിലെ മാവോയിസ്റ്റുകളെ പൊലീസിന് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2017 ഒക്ടോബര്‍ 26ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ ഛത്തീസ്ഗഢ് വിശേഷ് ജന്‍ സുരക്ഷാ അധികാരിനിയം, 2005, യുഎപിഎ എന്നീ വകുപ്പുകളും പൊലീസ് ചേര്‍ത്തു.

നാല് വര്‍ഷത്തെ കാലതാമസത്തിന് ശേഷം, കേസിന്റെ വിചാരണ 2021 ഓഗസ്റ്റില്‍ ദന്തേവാഡയിലെ എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു. ആകെ 25 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു, ജൂലൈ 15 ന് പുറപ്പെടുവിച്ച വിധിയില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു. 121 പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പേരെ നേരത്തെ വിട്ടയച്ചിരുന്നു. ഒരാള്‍ ജയിലില്‍ മരിക്കുകയും ചെയ്തു.

പ്രതികളെന്ന് ആരോപിക്കപ്പെട്ടവരുടെ ജീവിതത്തിന്റെ അഞ്ച് വര്‍ഷം തടവറയ്ക്കുള്ളില്‍ നഷ്ടപ്പെട്ടു. എല്ലാ ഹിയറിംഗിലും പ്രതിയെ നേരിട്ട് ഹാജരാക്കേണ്ടത് നിര്‍ബന്ധമായിരിക്കെ, വിചാരണയ്ക്കിടെ രണ്ട് തവണ മാത്രമാണ് അവരെ കോടതിയില്‍ ഹാജരാക്കിയത്. ജില്ലാ തലത്തിലും ഹൈക്കോടതിയിലും നിയുക്ത എന്‍ഐഎ കോടതിയില്‍ ജാമ്യം നിഷേധിച്ചു,'' മനുഷ്യാവകാശ പ്രവര്‍ത്തകയും കേസിലെ പ്രതിഭാഗം അഭിഭാഷകരിലൊരാളുമായ ബേല ഭാട്ടിയ പറഞ്ഞു.

മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബസ്തര്‍ ആദിവാസികളോട് കാണിക്കുന്ന അനീതികളിലൊന്നായി ബര്‍കപാല്‍ കേസ് ഓര്‍മിപ്പിക്കുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സാധാരണ ഗ്രാമീണരെ പൊലീസ് ബലിയാടാക്കുകയാണ് ചെയ്തതെന്നും ബേല ഭാട്ടിയ പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ സാധാരണ ഗ്രാമീണരെ ബലിയാടാക്കി മാറ്റാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് സംസ്ഥാന പോലീസിനെതിരെ ആരോപിക്കേണ്ടതില്ലേ? ഭാട്ടിയ ചോദിച്ചു. 'അവരുടെ നഷ്ടപ്പെട്ട സമയത്തിനോ വരുമാനത്തിനോ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ?' ബേല ഭാട്ടിയ ചോദിച്ചു.