അഫ്ഗാനിസ്താനില്‍നിന്ന് 222 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; രക്ഷാദൗത്യം തുടരും

 
Kabul Airport

168 യാത്രക്കാരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൂടി ഡല്‍ഹിയിലേക്ക്


അഫ്ഗാനിസ്താനില്‍നിന്ന് 222 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെയും എയര്‍ ഇന്ത്യയുടെയും ഓരോ വിമാനങ്ങളിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. ഒരു വിമാനം താജിക്കിസ്താന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 ഇന്ത്യന്‍ പൗരന്മാരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യന്‍ പൗരന്മാരും 2 നേപ്പാള്‍ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. 

ശനിയാഴ്ച 87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തില്‍ കാബൂളില്‍ നിന്ന് താജിക്കിസ്താന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ എത്തിച്ചിരുന്നു. അവിടെനിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഞായറാഴ്ച ഡല്‍ഹിയിലെത്തിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിച്ചത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാബൂളില്‍നിന്ന് 107 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 168 യാത്രക്കാരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൂടി ഡല്‍ഹിയിലേക്ക് യാത്രതിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ വ്യക്തമാക്കി.  

അതേസമയം, കാബൂള്‍ വിമാനത്താവള  പരിസരത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പൗരന്മാര്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് വിമാനത്താവളത്തിലെത്താന്‍  ശ്രമിക്കരുതെന്നാണ് യുഎസ് എംബസിയുടെ നിര്‍ദേശം. താലിബാന്‍ പ്രതികാര നടപടികളിലേക്ക് കടക്കുന്നതായുള്ള യുഎന്‍ രഹസ്യാന്വോഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മറ്റു രാജ്യങ്ങള്‍ പൗരന്മാരെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍, താലിബാന്‍ വഴി തടയുന്നതിനാല്‍ പലര്‍ക്കും കാബൂളില്‍ എത്താനായിട്ടില്ല.