നിര്‍ദിഷ്ട സമയത്തിനുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കാതെ 3.86 കോടി ആളുകള്‍

 
Kerala Vaccination

രണ്ടാം ഡോസ് ലഭിക്കാതിരുന്നവര്‍ ഒന്നാം ഡോസ് വീണ്ടുമെടുക്കണമെന്ന് നിര്‍ദേശമില്ല


രാജ്യത്ത് 3.86 കോടിയിലധികം ആളുകള്‍ക്ക് നിര്‍ദിഷ്ട സമയത്തിനുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആക്ടിവിസ്റ്റായ രാമന്‍ ശര്‍മ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി. കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് 84-112 ദിവസങ്ങള്‍ക്കുള്ളിലും കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 28-42 ദിവസങ്ങള്‍ക്കുള്ളിലും രണ്ടാം ഡോസ് സ്വീകരിക്കണം. എന്നാല്‍, ആഗസ്റ്റ് 17 വരെ, കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത 3,40,72,993 പേര്‍ക്ക് നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ ലഭ്യമായില്ല. കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച 46,78,406 പേര്‍ക്കും രണ്ടാം ഡോസ് യഥാസമയം ലഭിച്ചില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ സെല്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 

രാജ്യത്ത് 44,22,85,854 പേര്‍ക്ക് ഒന്നാം ഡോസും 12,59,07,443 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ടെന്നാണ് കോവിന്‍ പോര്‍ട്ടലിലെ കണക്കുകള്‍. അതേസമയം, രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ ഒന്നാം ഡോസ് വീണ്ടുമെടുക്കണമെന്ന നിര്‍ദേശമില്ല. വാക്‌സിനേഷന്റെ മുഴുവന്‍ ഗുണവും ലഭിക്കണമെങ്കില്‍ വാക്സിന്റെ രണ്ട് ഡോസ് എടുക്കണം. രണ്ട് ഡോസും ഒരേ വാക്‌സിന്‍ തന്നെ സ്വീകരിക്കണമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.