മാരകശേഷിയുള്ള ഡെങ്കിപനി; ഉത്തര്‍പ്രദേശില്‍ 40 കുട്ടികളടക്കം 50 പേര്‍ മരിച്ചു

 
up

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ 10 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് 40 കുട്ടികളടക്കം 50 പേര്‍ മരിച്ചു. രോഗത്തിന്റെ മാരക വകഭേദമായ 'ഡെങ്കി ഹെമറാജിക് പനി' ആണ് കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞതായി എന്‍ഡിടിവി റിപാര്‍ട്ട് പറയുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലകളായ മഥുര, ആഗ്ര തുടങ്ങിയ  ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 

വൈറല്‍ പനി നിര്‍ജ്ജലീകരണം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള നിരവധി കുട്ടികള്‍ ചികിത്സയിലാണ്. ''ഡെങ്കിയുടെ മാരകമായ വകഭേദമായ ഹെമറാജിക് ഡെങ്കിപനിയാണ് ഇതെന്ന് ലോകാരോഗ്യസംഘടനയുടെ സംഘം അറിയിച്ചിട്ടുണ്ട്.  കുട്ടികളില്‍ പെട്ടെന്ന് പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുമെന്ന്'' ഫിറോസാബാദ് ജില്ലാമജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിങ് വ്യക്തമാക്കി.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി), നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം എന്നിവിടങ്ങളില്‍ നിന്ന് വിദഗ്ധ സംഘത്തെ കേന്ദ്രം  
ആരോഗ്യ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ഫിറോസാബാദിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. സംസ്ഥാനത്തുടനീളം വൈറല്‍ പനി ബാധിച്ച് 100 ല്‍ അധികം ആളുകള്‍ മരിച്ചുവെന്ന്  ട്വിറ്ററില്‍ പ്രിയങ്ക പറഞ്ഞു. ''കോവിഡ് രണ്ടാം തരംഗത്തിലെ ഭയാനകമായ പ്രത്യാഘാതങ്ങളില്‍ നിന്ന് യുപി സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചിട്ടില്ലേ? സാധ്യമായ എല്ലാ വിഭവങ്ങളും, രോഗബാധിതര്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കാനും രോഗം പടരാതിരിക്കാന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടണം'' പ്രിയങ്ക ട്വിറ്ററില്‍ പറഞ്ഞു. 

ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദിവസങ്ങള്‍ക്ക് മുമ്പ് ഫിറോസാബാദ് സന്ദര്‍ശിക്കുകയും ചികിത്സ ആവശ്യമുള്ളവരെ സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.  യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് ശേഷം ജില്ലയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥനായ ചീഫ് മെഡിക്കല്‍ ഓഫീസറെ സ്ഥലം മാറ്റിയിരുന്നു. ഫിറോസാബാദിലെ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചികിത്സ കാര്യത്തില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയുണ്ടെന്നും അതുകൊണ്ടാണ് ആറുവയസ്സുകാരിയായ മകള്‍ പല്ലവി മരിച്ചതെന്ന് കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു.