ഗോവയില്‍ കോൺഗ്രസിൽ വിമതനീക്കം; 'എംഎല്‍എമാര്‍ക്ക് ബിജെപി ഓഫര്‍ 40 കോടി'

നിയമസഭാ സമ്മേളനം നടക്കാനിരിക്കെ ഗോവയില്‍ നേതാക്കള്‍ ഭരണ കക്ഷിയായ ബിജെപിയിലേക്ക് കൂറുമാറുന്നുവെന്ന ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു. ഇന്നലെ നടന്ന പാര്‍ട്ടി യോഗത്തില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പങ്കെടുത്തില്ലെന്ന റിപോര്‍ട്ടുകളായിരുന്നു എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. എന്നാല്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ബിജെപി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഗോവ യൂണിറ്റ് മേധാവി അമിത് പട്കര്‍ ആരോപണത്തില്‍ പ്രതികരിച്ചത്.

എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മൈക്കല്‍ ലോബോയും ദിഗംബര്‍ കമത്തും ബിജെപിയുമായി ഒത്തുകളിച്ചുവെന്നും കൂറുമാറ്റങ്ങള്‍ നടത്താന്‍ ഭരണകക്ഷിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപോര്‍ട്ട് ചെയ്യുന്നു. മൈക്കല്‍ ലോബോയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നും നീക്കിയതായും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയെടുക്കുമെന്നും എഐസിസി ഗോവ ഡെസ്ക് ഇന്‍ചാര്‍ജ് ദിനേശ് ഗുണ്ടു റാവു അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുന്നത് കാണാനും പിളര്‍പ്പുണ്ടാക്കാനും നമ്മുടെ തന്നെ രണ്ട് നേതാക്കള്‍ ബിജെപിയുമയി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നു... ഒരാള്‍ നമ്മുടെ നിയമസഭാ കക്ഷി നേതാവ് മൈക്കിള്‍ ലോബോ, മറ്റൊരാള്‍ മുന്‍. മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, ''റാവു പറഞ്ഞു.
അതേസമയം വിമത എം.എല്‍.എമാര്‍ ഇന്ന് നിയമസഭ സ്പീക്കറെ കാണുമെന്നാണ് അഭ്യൂഹം. ഗോവയിലെ 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് 25ഉം പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11ഉം നിയമസഭാംഗങ്ങളാണുള്ളത്.
കോണ്‍ഗ്രസിന്റെ 11 എംഎല്‍എമാരില്‍ എട്ട് പേരും ബിജെപി പക്ഷത്തെത്തുമെന്നാണ് റിപോര്‍ട്ടകള്‍. എട്ട് പേര് പാര്‍ട്ടി വിട്ടാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. ഗോവയില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നിരീക്ഷകനായി മുകുള്‍ വാസ്നിക്കിനെ അയച്ചിട്ടുണ്ട്. അതിനിടെ, നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎല്‍എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയാല്‍ പ്രതിപക്ഷമില്ലാത്ത സാഹചര്യമാണ് ഗോവയിലുണ്ടാവുക.
കൂറുമാറില്ലെന്ന് ഭരണഘടന തൊട്ട് സത്യംചെയ്യിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. എന്നാല്‍ എംഎല്‍എമാരെ ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ വിലക്ക് വാങ്ങുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോദാങ്കര്‍ ഉന്നയിച്ചത്. എംഎല്‍എമാര്‍ക്ക് 40 കോടി രൂപ വീതമാണ് ബിജെപി ഓഫര്‍ നല്‍കിയിരിക്കുന്നത്. ബിജെപിക്കു വേണ്ടി വ്യവസായികളും കല്‍ക്കരി മാഫിയകളുമാണ് എംഎല്‍എമാരെ ബന്ധപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്.