പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തില്ല; എന്തിന് ചര്‍ച്ച ചെയ്തു?, വിശദീകരിച്ച് നിര്‍മല സീതാരാമന്‍
 

 
Nirmala_sitharaman

ജിഎസ്ടിയില്‍ കൗണ്‍സിലിന്റെ അജണ്ടയില്‍ പെട്രോളും ഡീസലും പരിഗണിച്ചത് കേരള ഹൈക്കോടതി ഉത്തരവ് മൂലമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് കോടതി ഇത് ജിഎസ്ടി കൗണ്‍സിലിന് ഏറ്റെടുക്കാമെന്ന് പറഞ്ഞതിനാലുമാണ് ഈ വിഷയം ഇന്നത്തെ ചര്‍ച്ചയുടെ അജണ്ടയില്‍ വന്നത്. എന്നാല്‍ കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തുവെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാനുള്ള സമയമല്ല ഇത്, ഈ തീരുമാനം കോടതിയെ അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ലക്നൗവില്‍ നടന്ന 45 -ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനങ്ങളും മന്ത്രി അറിയിച്ചു. ക്യാന്‍സര്‍ ചികിത്സ ഉള്‍പ്പെടെ നിരവധി മരുന്നുകളുടെ പുതുക്കിയ ജിഎസ്ടി നിരക്ക് ധനമന്ത്രി പ്രഖ്യാപിച്ചു.  വിലകൂടിയ ഇറക്കുമതി മരുന്നുകളായ സോലോജെന്‍സ്മ, വില്‍ടെറ്റ്‌സോ എന്നിവയ്ക്ക് ജിഎസ്ടി ഇളവ് നല്‍കി. ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച പ്രകാരം കോവിഡ് മരുന്നുകളുടെ കുറച്ച ജിഎസ്ടി നിരക്ക് സെപ്റ്റംബര്‍ 30 മുതല്‍ ഡിസംബര്‍ 31 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

പഴച്ചാറിന്റെ വില 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്താന്‍ ജിഎസ്ടി കൗണ്‍സിലും തീരുമാനിച്ചതായി  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ ഏകകണ്ഠമായി തള്ളിക്കളഞ്ഞതായുമാണ് റിപ്പോര്‍ട്ട്. വരുമാന നഷ്ടം ചൂണ്ടിക്കാട്ടി ഭൂരിപക്ഷം സംസ്ഥാനങ്ങളും തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും ജിഎസ്ടി ചുമത്തുകയെന്ന നിര്‍ദ്ദേശം  ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു. അതേസമയം ഇത് പുതിയ നികുതിയല്ലെന്നും ഭക്ഷണം ഓര്‍ഡന്‍ ചെയ്യുന്ന ഉപയോക്താവിനെ ഇത് ബാധിക്കില്ലെന്നും അധികമായ തുക നല്‍കേണ്ടി വരില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.