ഇലക്ടറല്‍ ട്രസ്റ്റുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 258 കോടി; 82 ശതമാനവും ബിജെപിക്ക്

2019-20ല്‍, ഏഴ് ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 258.49 കോടി രൂപ സംഭാവന ലഭിച്ചതായി റിപ്പോര്‍ട്ട്. ലഭിച്ച മൊത്തം സംഭാവനയുടെ 82 ശതമാനം അഥവാ 212.05 കോടി ലഭിച്ചത് ബിജെപിക്കാണെന്നും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട് പറയുന്നു. ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) മൊത്തം തുകയുടെ 10.45 ശതമാനം അഥവാ 27 കോടി രൂപ നേടി. കോണ്‍ഗ്രസ്, എന്‍സിപി, എഐഎഡിഎംകെ, ഡിഎംകെ, ആര്‍ജെഡി, എഎപി, എല്‍ജിപി, സിപിഎം, സിപിഐ, ലോക് താന്ത്രിക് ജനതാദള്‍ ഉള്‍പ്പെടെ 10 പാര്‍ട്ടികള്‍ 19.38 കോടി രൂപ കൈപ്പറ്റിയതായും റിപ്പോര്‍ട്ട് പറയുന്നു.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍നിന്നും സംഭാവന സ്വീകരിക്കുന്നതിന് രാജ്യത്ത് രൂപീകരിച്ച സംഘടനയാണ് ഇലക്ടറല്‍ ട്രസ്റ്റ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുള്ള ഫണ്ട് വിനിയോഗത്തില്‍ സുതാര്യത കൊണ്ടുവരികയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. സാമ്പത്തിക വര്‍ഷം ലഭിക്കുന്ന തുകയുടെ 95 ശതമാനവും ഇലക്ടറല്‍ ട്രസ്റ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യണമെന്നാണ് ചട്ടം. 23 ഇലക്ടറല്‍ ട്രസ്റ്റുകളില്‍ 16 എണ്ണവും 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംഭാവനകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരുന്നു. അതില്‍ ഏഴ് പേര് മാത്രമാണ് സംഭാവന സ്വീകരിച്ചതായി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രസ്റ്റുകളില്‍ വമ്പനായ പ്രൂഡെന്റ് ഇലക്ടറല്‍ ട്രസ്റ്റ് 209 കോടിയാണ് ബിജെപിക്ക് സംഭാവന ചെയ്തത്. 2019-20ല്‍ 217.75 കോടിയായിരുന്നു സംഭാവന ചെയ്തിരുന്നത്. ജയഭാരത് ട്രസ്റ്റ് ആകെ വരവില്‍നിന്ന് രണ്ട് കോടി മാത്രമാണ് 2020-21ല്‍ ബിജെപിക്ക് സംഭാവന ചെയ്തിരിക്കുന്നത്. ബിജെപിയെ കൂടാതെ, ജെഡിയു, കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, എഎപി, എല്‍ജിപി എന്നിവര്‍ക്കും പ്രൂഡെന്റ് സംഭാവന നല്‍കിയിട്ടുണ്ട്.
സംഭാവന നല്കിയവരില്, കോര്‍പ്പറേറ്റുകളില്‍ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് ആണ് മുന്നില്‍. 100 കോടിയായിരുന്നു സംഭാവന. ഹല്‍ദിയ എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 25 കോടിയും മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് 22 കോടിയുമാണ് സംഭാവന ചെയ്തത്. 159 വ്യക്തികളും ഇക്കാലയളവില്‍ ട്രസ്റ്റുകളിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു. രണ്ടുപേര്‍ 3.50 കോടിയാണ് പ്രൂഡെന്റിന് നല്‍കിയത്. 153 പേര് 3.20 കോടി സ്മോള്‍ ഡൊണേഷന്‍സ് ഇലക്ടറല്‍ ട്രസ്റ്റിന് നല്കി. മൂന്നുപേര്‍ ആകെ അഞ്ച് ലക്ഷം ഐന്സിഗാര്ട്ടിഗ് ട്രസ്റ്റിന് നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു. 2020-21ല്‍ ട്രസ്റ്റുകള്‍ക്ക് ലഭിച്ച മൊത്തം സംഭാവനയുടെ 86.27 ശതമാനം അഥവാ 223 കോടി പത്ത് ദായകരില്‍ നിന്നാണ് വന്നിട്ടുള്ളതെന്നും എഡിആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.