ഏഴ് ദിവസത്തേക്ക് 70 മുറികള്‍, വാടക 56 ലക്ഷം, ദിവസ ചെലവ് എട്ടു ലക്ഷം; 'റാഡിസന്‍ ബ്ലൂ'വില്‍ സുഖിക്കുന്ന ഇന്ത്യന്‍ ജനാധിപത്യം 

ഈ കളികളുടെ മൊത്തം ചെലവ് പല കോടികളായിരിക്കും
 
radison blue

മഹാരാഷ്ട്ര സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചേക്കാവുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ശിവസേന റിബല്‍ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും അദ്ദേഹത്തിന്റെ എംഎല്‍എ സംഘവും ഇപ്പോഴുള്ളത് അസമിലെ ഗുവാഹത്തിയിലാണ്. പാര്‍ട്ടിയില്‍ കലാപം സൃഷ്ടിച്ചുകൊണ്ട് അവര്‍ ആദ്യം ' മുങ്ങിയത്' ഗുജറാത്തിലേക്കായിരുന്നു. അവിടെ സൂറത്തിലെ ഒരു റിസോര്‍ട്ടിലായിരുന്നു റിബല്‍ സംഘം തമ്പടിച്ചത്. പ്രതിസന്ധികള്‍ രൂക്ഷമായതോടെ, താക്കറെ പക്ഷത്തിന്റെ അപകടകരമായ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് സൂറത്തില്‍ നിന്നും അവര്‍ അസമിലെ ഗുവാഹത്തിയിലേക്ക് പറന്നത്. ഇപ്പോഴത്തെ കളികള്‍ മുഴുവന്‍ ഗുവാഹത്തിയിലെ റാഡിസന്‍ ബ്ലൂ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരുന്നാണ്.

ഒരു ജനാധിപത്യ ഭരണകൂടത്തെ മറിച്ചിട്ട് മറ്റൊന്ന് സ്ഥാപിക്കാന്‍ വേണ്ടുന്ന രാഷ്ട്രീയ കളികള്‍ കളിക്കാന്‍ വളരയേറെ ചെലവുണ്ടെന്നു കൂടിയാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പറയുന്നത്. ദേശീയ മാധ്യമമായ എന്‍ഡിടിവി നടത്തിയ അന്വേഷണത്തില്‍ മനസിലായത് സേന റിബല്‍ സംഘം തങ്ങളുടെ നീക്കങ്ങള്‍ക്കായി ലക്ഷങ്ങളാണ് പൊടിക്കുന്നത്.

ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആകെയുള്ളത് 196 മുറികളാണ്. ഇതില്‍ 70 മുറികളാണ് ഏഴു ദിവസത്തേക്കായി സേന റിബലുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. എംഎല്‍എമാര്‍ക്കും അവരുടെ കൂടെയുള്ളവര്‍ക്കും കൂടിയാണ് ഇത്രയും റൂമുകള്‍. ഇപ്പോള്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ 42 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ അവകാശവാദം. ഹോട്ടല്‍ താരിഫ് അനുസരിച്ച് ഇതിനുവേണ്ടി വരുന്നത് 56 ലക്ഷം രൂപയാണെന്നാണ് ഹോട്ടലില്‍ നിന്നും പ്രാദേശിക രാഷ്ട്രീയക്കാരില്‍ നിന്നും കിട്ടിയ വിവരം. എംഎല്‍എമാരുടെ ഭക്ഷണവും മറ്റു കാര്യങ്ങള്‍ക്കുമൊക്കെയായി ഒരു ദിവസം എട്ട് ലക്ഷം രൂപയോളം ചെലവാകുന്നുണ്ട്. മഹാരാഷ്ട്ര എംഎല്‍എമാര്‍ വന്നതോടെ ഹോട്ടലിലില്‍ മറ്റു ബുക്കിംഗുകളൊന്നും മാനേജ്‌മെന്റ് സ്വീകരിക്കുന്നില്ല. ഹോട്ടലിലെ ഭക്ഷണശാലയും അടച്ചിരിക്കുകയാണ്. പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. ഇവിടെയിപ്പോള്‍ താമസിക്കുന്നവര്‍ക്കു വേണ്ടി മാത്രമാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് ഗുവാഹത്തിയിലെ താമസത്തിന്റെ മാത്രം ഏകദേശ ചെലവാണ്. സൂറത്തിലെ താമസ ചെലവും, ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ ചെലവും ഒന്നും പുറത്തു വന്നിട്ടില്ല. എന്തായാലും ഇന്ത്യയില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ കോടികളുടെ ചെലവ് വരുമെന്നതിന്റെ ചെറിയൊരു ഉദ്ദാഹരണമാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലെ സംഭവങ്ങള്‍ കാണിച്ചു തരുന്നത്.