പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊല; തല്ലിക്കൊന്നത് രണ്ട് ആദിവാസികളെ

പശുവിനെ കൊന്നെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ആദിവാസികളെ മര്‍ദ്ദിച്ചു കൊന്നു. മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ നിന്നാണ് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊല വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഒരാള്‍ക്ക് കൂടി മര്ദ്ദനമേറ്റിരുന്നുവെങ്കിലും ഇയാളുടെ ജീവന് നഷ്ടപ്പെട്ടില്ല. സമ്പത്ത് ബട്ടി, ധന്സ എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രജേഷ് ബട്ടി എന്നയാളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. വടികള്‍ ഉപയോഗിച്ചാണ് അക്രമികള്‍ സമ്പത്തിനെയും ധന്സയെയും ആക്രമിച്ചതെന്നാണ് ബ്രജേഷിന്റെ പരാതിയില്‍ പറയുന്നത്. അക്രമം കണ്ട് ചെന്ന തന്നെയും അവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

20 ഓളം വരുന്ന സംഘം ആദിവാസികളുടെ വീട്ടിലെത്തി പശുവിനെ കൊന്നുവെന്നാരോപിച്ച് അവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ടു പേര് മരിച്ചത്. ' 20 ഓളം വരുന്ന സംഘം ഇരകളുടെ വീടുകളിലെത്തുകയും പശുവിനെ കൊന്നുവെന്നാരോപിച്ച് അവരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു രണ്ട് പേര് മരിച്ചത്. മറ്റൊരാള്‍ക്ക് നിസാരമായ പരിക്കുകളാണ് ഏറ്റിരിക്കുന്നത്'- അഡീഷണല്‍ എസ് പി എസ് കെ മാരാവി മാധ്യമങ്ങളോടു പറഞ്ഞു. 20 പേര്‍ക്കെതിരെയും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും ഇവരില്‍ ആറുപേര്‍ക്കെതിരേ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. സിയോനി പൊലീസ് മേധാവിയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചിരുന്നു.
' പ്രതികള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസ് സംഘം പ്രതികളെ തെരഞ്ഞുകൊണ്ടിരിക്കുകയാണ്. ചില പ്രതികളുടെ പേരുകള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പന്ത്രണ്ടു കിലോയോളം മാംസം ഇരകളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്'- അഡീഷണല്‍ എസ് പി മാരാവി പറയുന്നു.
സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാരെ മുഴുവന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അര്ജുന് സിംഗ് കക്കോദിയയുടെ നേതൃത്വത്തില്‍ ജബല്‍പൂര്‍-നാഗ്പൂര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കണം. പരിക്കേറ്റയാളുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണം'- മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു. അക്രമികള്‍ക്ക് ബജ്റംഗ്ദളുമായി ബന്ധമുണ്ടെന്നാണ് പ്രദേശവാസികള്‍ പറഞ്ഞതെന്നും കമല്‍നാഥ് ചൂണ്ടിക്കാട്ടി. രാജ്യത്ത് ആദിവാസികള്‍ക്കു നേരെ ഏറ്റവുമധികം അതിക്രമം നടക്കുന്നത് മധ്യപ്രദേശിലാണെന്നും അദ്ദേഹം ആരോപിച്ചു.