'കൊളംബോയിലേക്ക് സൈനിക സംഘത്തെ അയക്കില്ല'; വാര്‍ത്തകള്‍ തള്ളി ഇന്ത്യ

ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായ ശ്രീലങ്കയിലേക്ക് ഇന്ത്യ സൈനിക സംഘത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ ഹൈ കമ്മീഷന്. അതേസമയം ശ്രീലങ്കയുടെ ജനാധിപത്യം, സുസ്ഥിരത, സാമ്പത്തിക സ്ഥിരിത വീണ്ടെടുക്കല്‍ എന്നിവയ്ക്ക് എല്ലാവിധ പിന്തുണയും ഇന്ത്യയില്‍ നിന്നുണ്ടാകുമെന്നും ഹൈ കമ്മീഷന് അറിയിച്ചു.

ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമാണ് ന്യൂഡല്‍ഹി തങ്ങളുടെ സൈനിക സംഘത്തെ കൊളംബോയിലേക്ക് അയക്കുമെന്ന തരത്തില്‍ വാര്‍ത്തകളും അഭ്യൂഹങ്ങളും പരത്തിയത്. രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും കുടുംബവും ഇന്ത്യയിലേക്ക് രക്ഷപ്പെട്ടുവെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് ഇന്ത്യന്‍ നിലപാട് ഹൈ കമ്മീഷന് പ്രഖ്യാപിച്ചത്.
' ഇന്ത്യ സൈനിക സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നു എന്ന തരത്തില്‍ വരുന്ന എല്ലാ മാധ്യമ-സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളും വ്യക്തമായി നിഷേധിക്കാന്‍ ഹൈ കമ്മീഷന് ആഗ്രഹിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ ഇന്ത്യന്‍ ഗവണ്മെന്റിന്റെ നിലപാടുകളോട് യോജിച്ചതല്ല' എന്നാണ് ഹൈ കമ്മീഷന് ട്വീറ്റ് ചെയ്തത്. ശ്രീലങ്കയുടെ ജനാധിപത്യത്തിനും സുസ്ഥിരതയ്ക്കും സാമ്പത്തിക തിരിച്ചുവരവിനും ഇന്ത്യ എല്ലാ വിധ പിന്തുണയും നല്കുമെന്നുള്ള ഇന്ത്യന്‍ വിദേശകാര മന്ത്രാലയ വക്താവിന്റെ പ്രസ്താവനയും ഇതിനൊപ്പം ഹൈ കമ്മീഷന് ചേര്‍ത്തിരുന്നു. ജനാധിപത്യ പ്രക്രിയകളിലൂടെ ശ്രീലങ്കയിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുകയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ചൊവ്വാഴ്ച്ച പറഞ്ഞിരുന്നു.
അതേസമയം, ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച്ച എട്ട് പേരാണ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. രണ്ടു ദിവസമായി രാജ്യത്ത് കര്‍ഫ്യു തുടരുകയാണ്. ജനരോഷം ഭയന്ന് മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും കുടുംബവും ട്രിങ്കോമാലിയിലെ നാവിക സേന താവളത്തില്‍ അഭയം തേടിയിരിക്കുകയാണ്. രോഷാകുലരായ പ്രതിഷേധക്കാര്‍ നാവിക താവളത്തിനു മുന്നില്‍ പ്രതിഷേധവുമായി കൂട്ടംകൂടിയിട്ടുണ്ട്. പ്രസിഡന്റും മഹിന്ദയുടെ സഹോദരനുമായ ഗോട്ടബായ രാജപക്സെയും രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നവര്ക്കുമെതിരേ വെടിവയ്ക്കാന്‍ സൈന്യത്തിന് പ്രതിരോധ മന്ത്രാലയം ഉത്തരവ് നല്‍കിയിട്ടുണ്ട്.