ബിജെപി 'ഗുണ്ടകളുടെയും ബലാത്സംഗികളുടെയും' പാര്‍ട്ടി; രൂക്ഷ വിമര്‍ശനവുമായി എഎപി നേതാവ് അതിഷി

ബിജെപി 'ഗുണ്ടകളുടെയും ബലാത്സംഗികളുടെയും' പാര്‍ട്ടിയാണെന്ന് എഎപി നേതാവും എംഎല്‍എയുമായ അതിഷി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അറസ്റ്റിലായ എട്ട് ഭാരതീയ ജനതാ യുവമോര്‍ച്ച (ബിജെവൈഎം) നേതാക്കളെ ബിജെപി നേതൃത്വം ആദരിച്ചതിനു പിന്നാലെയായിരുന്നു അഷിതിയുടെ വിമര്‍ശനം. കേസില്‍ പ്രതികളായ ബിജെവൈഎം പ്രവര്‍ത്തകരെ ആദരിച്ചും ഹാരമണിയിച്ചും ബിജെപി തങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയെന്ന് അഷിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'കാശ്മീര്‍ ഫയല്‍' സിനിമയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പ്രതിഷേധിച്ച്, മാര്‍ച്ച് 30ന് ബിജെവൈഎം പ്രവര്‍ത്തകര്‍ കെജ്രിവാളിന്റെ വസതിയിലേക്ക് നടത്തിയ റാലിയാണ് അക്രമത്തില്‍ കലാശിച്ചത്. കേസില്‍ എട്ട് ബിജെവൈഎം പ്രവര്‍ത്തകര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ഈയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. പുറത്തിറങ്ങിയ എട്ടുപേരെയും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത വ്യാഴാഴ്ച പാര്‍ട്ടി ഓഫീസില്‍ ആദരിച്ചിരുന്നു. അതിനുപിന്നാലെയായിരുന്നു അതിഷിയുടെ വിമര്‍ശനം. എട്ട് യുവജനവിഭാഗം പ്രവര്‍ത്തകരെയും ആദരിക്കുന്നതിലൂടെ, 'ഗുണ്ടകളെയും തെണ്ടിത്തിരിഞ്ഞു നടക്കുന്നവരെയും ബഹുമാനിക്കുന്നു' എന്ന് ബിജെപി തെളിയിച്ചിരിക്കുന്നു. ഇതിലൂടെ, അവര്‍ രാജ്യത്തുടനീളമുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഒരു സന്ദേശം നല്കുന്നു; ഏത് നശീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടാലും വായ്നോക്കി നടന്നാലും പാര്‍ട്ടി അവരെ പ്രോത്സാഹിപ്പിക്കും.
ഗുണ്ടായിസവും അതിന്റെ പ്രചാരണവും ബിജെപിയുടെ ഡിഎന്‍എയിലുണ്ട്. ബിജെപി ഭാരതീയ ഗുണ്ടാ പാര്‍ട്ടിയാണ്, ഇത് ഗുണ്ടാസംഘങ്ങളുടെയും ബലാത്സംഗികളുടെയും വായ്നോക്കികളുടെയും പാര്‍ട്ടിയാണ്. അത്തരം നേതാക്കളെ ബിജെപി ആദരിക്കുകയും അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും സര്‍ക്കാരില്‍ ക്യാബിനറ്റ് ബെര്‍ത്ത് നല്‍കുകയും ചെയ്യുന്നു -ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന ചില കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപി നേതാക്കളുടെ പട്ടിക ഉദ്ധരിച്ചുകൊണ്ട് അതിഷി ആരോപിച്ചു. ഇന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികളുണ്ട്. അവര്‍ക്ക് ഗുണ്ടകളുടെയും ബലാത്സംഗികളുടെയും പാര്‍ട്ടിയായ ബിജെപിയെ തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ നല്ല യോഗ്യതയുള്ള നേതാക്കളുടെയും മാന്യന്മാരുടെയും സ്ത്രീകളുടെയും പാര്‍ട്ടിയായ എഎപിയെ തെരഞ്ഞെടുക്കാം -അതിഷി കൂട്ടിച്ചേര്‍ത്തു.
കാശ്മീര്‍ ഫയല്‍ സിനിമയെക്കുറിച്ച് കെജ്രിവാള് ഡല്‍ഹി നിയമസഭയില്‍ നടത്തിയ പ്രസ്താവനയാണ് ബിജെപി പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. സിനിമയ്ക്ക് നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എന്തിനാണ് നികുതി ഒഴിവാക്കുന്നതെന്നും സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ എല്ലാവര്ക്കും കാണാമെന്നുമായിരുന്നു കെജ്രിവാളിന്റെ മറുപടി. നിങ്ങള്‍ക്ക് ഇത് താല്‍പ്പര്യമുണ്ടെങ്കില്‍, അത് യുട്യൂബില്‍ ഇടാന്‍ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെടുക. എല്ലാം സൗജന്യമായിരിക്കും. എല്ലാവര്ക്കും ഒരു ദിവസം കൊണ്ട് സിനിമ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എഎപി എംഎല്‍എമാര്‍ ഡസ്കിലടിച്ചും ചിരിച്ചും കെജ്രിവാളിനെ പിന്തുണച്ചു. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.
കെജ്രിവാളിന്റെ മറുപടി സാമുഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായതിനു പിന്നാലെയാണ് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് റാലി സംഘടിപ്പിച്ചത്. ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറിയ സംഘം കെജ്രിവാളിന്റെ വീടിനു മുന്‍വശത്തുള്ള ഗെയ്റ്റ് അടിച്ചു തകര്‍ത്തു. രാജ്യത്തെ ഹിന്ദുക്കളെ അപമാനിച്ചതിന് കെജ്രിവാള് മാപ്പ് പറയേണ്ടിവരും. മാപ്പ് പറയുന്നതുവരെ ബിജെപിയും യുവമോര്‍ച്ചയും അദ്ദേഹത്തെ വെറുതെ വിടില്ലെന്ന് തേജസ്വി സൂര്യ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു.
അതേസമയം, പഞ്ചാബ് തെരഞ്ഞെടുപ്പില്‍ തോറ്റതിനുപിന്നാലെ കെജ്രിവാളിനെ കൊല്ലാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു. കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ബിജെപിക്കുള്ള മുന്‍കൂര്‍ പദ്ധതിയായിരുന്നു അദ്ദേഹത്തിന്റെ വസതിയിലുണ്ടായ അക്രമം. ബിജെപി ഗുണ്ടകളെ പൊലീസ് ബോധപൂര്‍വം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അഴിച്ചുവിടുകയാണ് ചെയ്തത്. സിസിടിവി ക്യാമറകളും സുരക്ഷാ ബാരിയറുകളും ബിജെവൈഎം പ്രവര്‍ത്തകര്‍ തകര്‍ത്തതായും അദ്ദേഹം ആരോപിച്ചിരുന്നു.