സുപ്രീം കോടതി പറഞ്ഞിട്ടും നിശ്ചലമാകാതിരുന്ന ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസറുകള്‍; തടയാന്‍ മുന്നില്‍ നിന്നു ബൃന്ദ കാരാട്ടും

സുപ്രീം കോടതി ഉത്തരവ് അവഗണിച്ചും കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്ന ജഹാംഗീര്‍പുരിയില്‍ പ്രതിഷേധവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബൃന്ദയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ബുള്‍ഡോസറുകള്‍ തടഞ്ഞ് പൊളിക്കല്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്പ്പിച്ചു. നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് നിര്‍ദേശപ്രകാരം ബുധനാഴ്ച്ച രാവിലെ 9.30 മുതലാണ് ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ തുടങ്ങിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുകയാണെന്നായിരുന്നു കോര്പ്പറേഷന് വാദം. ഏപ്രില്‍ 16 ശനിയാഴ്ച്ച ഹനുമാന് ജയന്തിയോടനുബന്ധിച്ച് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന പ്രദേശമാണ് ജഹാംഗീര്‍പുരി. ഇവിടെയുള്ള കലാപകാരികളുടെ അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആധേഷ് ഗുപ്ത ബിജെപി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി കോര്പ്പറേഷന് മേയര്‍ രാജ ഇക്ബാല്‍ സിംഗിന് കത്തെഴുതിയതിനു പിന്നാലെയാണ് കോര്പ്പറേഷന് ' കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍' ഒമ്പതു ബുള്‍ഡോസറുകള്‍ ജഹാംഗീര്‍പുരിയിലെത്തിയത്. ഇറങ്ങിയത്. 400 അംഗ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെ ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും കൊണ്ട് എല്ലാം പൊളിച്ചു കളയാനായിരുന്നു കോര്പ്പറേഷന് പദ്ധതിയിട്ടിരുന്നത്.

ബുധനാഴ്ച്ച രാവിലെ 9.30 പൊളിക്കല്‍ തുടങ്ങുകയും ചെയ്തു. സംഘര്‍ഷബാധിത പ്രദേശത്തിനു സമീപത്തെ ഒരു മുസ്ലിം പള്ളിയുടെയും ഗേറ്റും കടയും എക്സ്കവേറ്റര്‍ തകര്ത്തിട്ടതിനു പിന്നാലെയാണ് മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദാവെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പൊളിക്കല്‍ തുടങ്ങി ഏകദേശം ഒന്നേകാല്‍ മണിക്കൂറിനുശേഷം സുപ്രീം കോടതി വിഷയത്തില്‍ ഇടപെടുകയും നിര്‍മാണങ്ങള്‍ പൊളിക്കുന്നത് നിര്‍ത്തി തല്‍സ്ഥിതി തുടരാനും ചീഫ് ജസ്റ്റീസ് എന്‍ വി രമണ ഉത്തരവിട്ടു. വ്യാഴാഴ്ച്ച ഈ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാല്‍, സുപ്രീം കോടതി ഉത്തരവ് വന്നിട്ടും ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസറുകള്‍ നിശ്ചലമായില്ല. ഇതോടെയാണ് ജനങ്ങള്പ്രതിഷേധവുമായി രംഗത്തു വന്നതും ബൃന്ദ ആ പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ നിന്നതും. സുപ്രീം കോടതി ഉത്തരവ് വന്ന് രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസറുകള്‍ യന്ത്രക്കൈകള്‍ താഴ്ത്തിയത്. കോടതി ഉത്തരവ് കൈയില്‍ കിട്ടിയില്ലെന്നു വാദിച്ചായിരുന്നു മേയര്‍ രാജ ഇക്ബാല്‍ സിംഗ് പൊളിക്കല്‍ നടപടികള്‍ നിര്‍ത്താതിരുന്നതിനെ ന്യായീകരിച്ചത്. ഈ സമയത്താണ് ബൃന്ദ കാരാട്ട് കോടതി ഉത്തരവുമായി നേരിട്ട് സ്ഥലത്തെത്തുന്നത്. കോടതി ഉത്തരവുമായി ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കയറി നിന്നാണ് പൊളിക്കല്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്പ്പിച്ചത്. 10.45 ന് പൊളിക്കല്‍ നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി ഉത്തരവിട്ടതാണെന്നും, പൊളിച്ചു നീക്കല്‍ തടയാന്‍ വേണ്ടിയാണ് താനിവിടെ വന്നതെന്നും സുപ്രിം കോടതി ഉത്തരവ് പോലും അധികൃതര്‍ അവഗണിക്കുകയാണെന്നും ബൃന്ദ പറഞ്ഞു. നിയമവിരുദ്ധമായ തകര്‍ക്കലിലൂടെ നിയമത്തിനും ഭരണഘടനയ്ക്കും മേലവര് ബുള്‍ഡോസര്‍ കയറ്റുകയായിരുന്നു. ഏറ്റവും കുറഞ്ഞത് സുപ്രീം കോടതിയെയും അതിന്റെ ഉത്തരവുകളെയും തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ബൃന്ദ പറഞ്ഞു. ജഹാംഗീര്‍പുരിയിലെ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
CPM leader Brinda Karat intervened and stopped the demolition drive @TheMornStandard @santwana99 @NewIndianXpress #Jahangirpuri pic.twitter.com/yfGjfADE1n
— Ankita Upadhyay (@ankitaup) April 20, 2022
ഉത്തരവിറക്കിയിട്ടും പൊളിക്കല്‍ തുടര്‍ന്ന സാഹചര്യത്തില്‍ തല്‍സ്ഥിതി തുടരുക എന്ന ആവശ്യപ്പെട്ട് ഇറക്കിയ ഉത്തരവുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് മേയര്‍, നോര്‍ത്ത് ഡിഎംസി കമ്മീഷണര്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എന്നിവരുമായി ആശയവിമനിമയം നടത്തിയതിന്റെ രേഖകള്‍ ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 10 ന് രാമനവമിയോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്കെതിരേ ആക്രമണം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇതുപോലെ ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് ബുള്‍ഡോസര്‍ നടപടികള്‍ അതാത് ഭരണകൂടങ്ങള്‍ സ്വീകരിച്ചിരുന്നു. അതേ മാതൃകയില്‍ തന്നെയാണ് ഡല്‍ഹിയിലും പ്രതികാരം തീര്‍ക്കാന്‍ ശ്രമിച്ചതെന്നാണ് ആക്ഷേപം. തങ്ങള്‍ക്ക് യാതൊരു വിധ മുന്നറിയിപ്പുകളോ മുന്‍കൂര്‍ നോട്ടീസുകളോ തരാതെയാണ് കയ്യേറ്റങ്ങളെന്നാരോപിച്ച് വീടുകളും കടകളും പൊളിക്കാന്‍ തുടങ്ങിയതെന്നാണ് ജഹാംഗീര്‍പുരിയിലെ ജനങ്ങള്‍ പരതിപ്പെടുന്നത്. ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് രണ്ട് ദിവസത്തെ ' കയ്യേറ്റമൊഴിപ്പിക്കലിന്' വേണ്ടി 400 പൊലീസുകാരെ ഒരുക്കി നിര്‍ത്തിയതും.