സിബിഎസ്ഇ സിലബസ് 'യുക്തിഭദ്ര'മാക്കി; 'ജനാധിപത്യവും വൈവിധ്യവും' ഉള്‍പ്പെടെ പാഠ്യപദ്ധതിയില്‍നിന്ന് പുറത്ത്

ഉറുദു കവിയായ ഫായിസ് അഹമ്മദ് ഫായിസ് എഴുതിയ കവിതകളും ഒഴിവാക്കി
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍നിന്നും നിരവധി അധ്യായങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സിബിഎസ്ഇയുടെ സിലബസ് പരിഷ്കരണം. ചേരിചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലഘട്ടം, ആഫ്രോ-ഏഷ്യന്‍ പ്രദേശങ്ങളിലെ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗള്‍ കോടതികള്‍, വ്യാവസായിക വിപ്ലവം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങളാണ് ഒഴിവാക്കിയത്. സമാനമായി 10ാം ക്ലാസിലെ പാഠപുസ്തകത്തിലും മാറ്റങ്ങളുണ്ടാവും. സിലബസ് യുക്തിഭദ്രമാക്കുന്നിന്റെ ഭാഗമായും എന്‍സിഇആര്‍ടിയുടെ ശുപാര്‍ശ പ്രകാരവും നടത്തിയ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഒഴിവാക്കലെന്നാണ് അധികൃതരുടെ വിശദീകരണം.

പത്താം ക്ലാസിലെ പുസ്തകത്തില്‍നിന്നും 'ഭക്ഷ്യ സുരക്ഷ' എന്ന അധ്യായത്തിലെ 'ആഗോളവല്‍ക്കരണത്തിന്റെ ആഘാതം കാര്‍ഷികമേഖലയില്‍' എന്ന വിഷയമാണ് ഒഴിവാക്കിയത്. 'മതം, വര്‍ഗീയത, രാഷ്ട്രീയം - മതേതര രാഷ്ട്രം' എന്ന വിഭാഗത്തില്‍ ഉറുദു കവിയായ ഫായിസ് അഹമ്മദ് ഫായിസ് എഴുതിയ കവിതകളും ഒഴിവാക്കിയിട്ടുണ്ട്. 'ജനാധിപത്യവും വൈവിധ്യവും' എന്ന വിഷയവും പുതിയ പാഠപുസ്തകത്തിലുണ്ടാകില്ല.
സിലബസ് യുക്തിഭദ്രമാക്കുന്നിന്റെ ഭാഗമായും എന്‍സിഇആര്‍ടിയുടെ ശുപാര്‍ശ പ്രകാരവുമാണ് മേല്പറഞ്ഞ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍നിന്നും ഒഴിവാക്കുന്നതെന്നാണ് സിബിഎസ്ഇ അധികൃതരുടെ വിശദീകരണം. ഇതാദ്യമായല്ല സിബിഎസ്ഇ സിലബസില്‍ മാറ്റം വരുത്തുന്നത്. മുമ്പും സമാനമായ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.