വനിത കോണ്‍സ്റ്റബിളിനെ അപമാനിച്ചെന്ന കേസ്; ജിഗ്നേഷ് മേവാനിക്ക് ജാമ്യം

പ്രധാനമന്ത്രിയെ അപമാനിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയായിരുന്നു രണ്ടാമത്തെ അറസ്റ്റ്
 
mevani

വനിത കോണ്‍സ്റ്റബിളിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. കഴിഞ്ഞ  തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു തൊട്ടു പിന്നാലെ ഈ കേസില്‍ മേവാനിയെ അസം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചു ട്വീറ്റ് ചെയ്തു എന്നു കാണിച്ചു അസം സ്വദേശി നല്‍കിയ പരാതിയിലാണ് ഗുജറാത്തില്‍ നിന്നും നാലംഘ അസം പൊലീസ് മേവാനിയെ അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ തിങ്കളാഴ്ച്ചയാണ് കോടതി മേവാനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യത്തില്‍ ഇറങ്ങിയ ഉടനെയാണ് പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചു എന്ന പരാതിയില്‍ മേവാനിയെ ബാര്‍പെറ്റ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഗുജറാത്തില്‍ നിന്നും മേവാനിയെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ എത്തിച്ചശേഷം അവിടെ നിന്നും കൊക്രാജറിലേക്ക് കൊണ്ടുപോയ പൊലീസ് സംഘത്തിലുണ്ടായിരുന്ന വനിത കോണ്‍സ്റ്റബിളിനെ അപമാനിച്ചു എന്നായിരുന്നു ബാര്‍പെറ്റ് പൊലീസ് മേവാനിക്കെതിരേ ചുമത്തിയ കുറ്റം. ബാര്‍പെറ്റ ജില്ലയിലൂടെ മേവാനിയെയും കൊണ്ടുള്ള പൊലീസ് വാഹനം പോകുന്ന സമയത്തായിരുന്നു ഗുജറാത്ത് എംഎല്‍എ വനിത കോണ്‍സ്റ്റബിളിനെ അപമാനിച്ചത്. അസഭ്യം പറയുകയും പരുഷമായ ആംഗ്യങ്ങള്‍ കാണിക്കുകയും കാറിന്റെ സീറ്റിലേക്ക് തള്ളിയിടുകയും ചെയ്തെന്നാണ് വനിത കോണ്‍സ്റ്റബിള്‍ മേവാനിക്കെതിരേ പറഞ്ഞ പരാതികള്‍. ഏപ്രില്‍ 21 ന് ആണ് ഈ പരാതിയില്‍ ബാര്‍പെറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ സമയത്ത് ആദ്യത്തെ കേസില്‍ മേവാനി കസ്റ്റഡിയിലായിരുന്നു. മേവാനിയെ രണ്ടാമത് അറസ്റ്റ് ചെയ്യുമ്പോള്‍ എന്താണ് അദ്ദേഹത്തിനെതിരെയുള്ള ചാര്‍ജ് എന്ന് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നു മാത്രമായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നും അസം പൊലീസ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണമെന്ന് അവകാശപ്പെടുന്ന രണ്ട് ട്വീറ്റുകളാണ് അറസ്റ്റിന് കാരണമായത്. ബനസ്‌കന്തയിലെ പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വച്ചാണ് അസമില്‍ നിന്നുള്ള നാല് പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം മേവാനിയെ കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ പോലീസ് നല്‍കാത്തിതില്‍ പ്രതിഷേധിച്ച് അഹമ്മദാബാദ് വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് നേതാക്കളും മേവാനിയുടെ  അനുയായികളും ബഹളം വച്ചതിന് ശേഷമാണ് മേവാനിയുടെ ട്വീറ്റുകള്‍ക്ക് കേസ് വെളിപ്പെടുത്തുന്ന രേഖ പോലീസ് കാണിച്ചതെന്നും മേവാനിയുടെ അടുത്ത സഹായി പറഞ്ഞതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. 

അസമിലെ കൊക്രജാര്‍ ജില്ലയിലെ ഭവാനിപൂര്‍ സ്വദേശിയായ അനുപ് കുമാര്‍ ദേ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മേവാനിക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), സെക്ഷന്‍ 153 (എ) (സമൂഹങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 295(എ) (ഏതെങ്കിലും വര്‍ഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം മുറിവേല്‍പ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക), 504, 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), ഐടി നിയമത്തിലെ വകുപ്പുകള്‍ എന്നിവ ജിഗ്നേഷ് മേവാനിക്കെതിരേ ചുമത്തിയിരുന്നു. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് രാജ്യത്തെ പ്രമുഖ ദളിത് നേതാക്കളില്‍ ഒരാളും കടുത്ത മോദി വിമര്‍ശകനുമായ മേവാനി