രാജസ്ഥാനിലും സാമുദായിക സംഘര്‍ഷം; പൊലീസിനു നേരെയും ആക്രമണം

ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പെരുന്നാളിന് മുന്നോടിയായി തിങ്കളാഴ്ച്ച രാത്രി ജോധ്പൂരിലെ ജലോറി ഗേറ്റ് പ്രദേശത്ത് രണ്ട് വിഭാഗങ്ങളും മത പതാകകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചിരിക്കുകയാണ്. ആളുകള്‍ വിദ്വേഷജനകമായ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള നടപടിയാണിതെന്നാണ് അധികൃതര്‍ പറയുന്നത്. ഈദിനോടനബന്ധിച്ചുള്ള മുസ്ലിം പള്ളികളിലെ നമസ്കാര ചടങ്ങുകള്‍ പൊലീസ് സംരക്ഷണത്തിലാണ് നടക്കുന്നത്.

മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പരുശറാം ജയന്തി ആഘോഷങ്ങളും ജോധ്പൂരില്‍ നടന്നു വരുന്നുണ്ട്. രണ്ട് ആഘോഷങ്ങളുടെയും ഭാഗമായി ഇരുകൂട്ടരും പതാകകള്‍ ഉയര്‍ത്തുന്നതാണ് തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴി മാറുന്നത്. പ്രദേശത്തെ ഒരു ലോക്കല്‍ പൊലീസ് സ്റ്റേഷനും അക്രമാസക്തരായ ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. പൊലീസ് കണ്ണീര് വാതവും ലാത്തി ചാര്‍ജും നടത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചു വിട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ നടന്ന കല്ലേറില്‍ നാലോളം പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശത്തെ ക്രമസമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. എങ്കിലും അശാന്തമായ അന്തരീക്ഷം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ജോധ്പൂര്‍ സ്വദേശികൂടിയായ മുഖ്യമന്ത്രി അശോക് ഗലോട്ട് ജനങ്ങളോട് സമാധാനാഹ്വാനം നടത്തിയിട്ടുണ്ട്. 'മാര്വാറിലെയും ജോധ്പൂരിലെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാരമ്പര്യത്തെ മാനിക്കുന്നതോടൊപ്പം, സമാധാനം നിലനിര്‍ത്താനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സഹകരിക്കാനും ഞാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു'- മുഖ്യമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സാമുദായിക സംഘര്‍ഷങ്ങള്‍ പതിവായിരിക്കുകയാണ്. ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. രാമനവമി, ഹനുമാന് ജയന്തി തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു പ്രശ്നങ്ങളെല്ലാം ഉണ്ടായത്. തങ്ങളുടെ ഘോഷയാത്രകള്‍ക്കു നേരെ ഇതരമതത്തില്പ്പെട്ടവര് കല്ലേറ് നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചായിരുന്ന തര്‍ക്കങ്ങള്‍. പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ ഇത്തരം സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകളും കടകളും തീവയ്ക്കുകയും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, സംഘര്‍ഷങ്ങളില്‍ പങ്കെടുത്തുവെന്ന പേരില്‍ നിരപരാധികളെ ഉള്‍പ്പെടെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും സര്‍ക്കാരുകള്‍ ചെയ്തത് സംഘര്‍ഷത്തിന് കാരണക്കാരെന്ന് കുറ്റപ്പെടുത്തിയവരുടെ വീടുകളും കടകളും അനധികൃത നിര്‍മാണെന്ന പേരില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു കളയുകായിരുന്നു. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ബിജെപി ഭരിക്കുന്ന കോര്പ്പറേഷന് നിര്‍ദേശപ്രകാരം മുസ്ലിം ജനവിഭാഗം താമസിക്കുന്ന പ്രദേശത്ത് ' അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കല്‍' നടപടി നടന്നിരുന്നു. ഈ പ്രദേശത്ത് ഹനുമാന് ജയന്തിയോടനുബന്ധിച്ച് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബുള്‍ഡോസറുകള്‍ നിരത്തിലിറങ്ങിയത്. ഒടുവില്‍ സുപ്രിം കോടതി ഇടപെടലിലാണ് പൊളിക്കല്‍ നിര്‍ത്തിയത്. ഇത്തരത്തില്‍ മനഃപൂര്‍വമെന്നോണം സൃഷ്ടിക്കപ്പെടുന്ന മതസംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ രാജസ്ഥാനിലും നടക്കുന്നത്.