പാര്‍ട്ടിയില്‍ 50 ശതമാനം പിന്നാക്ക-ന്യൂനപക്ഷ ക്വാട്ട ഏര്‍പെടുത്താന്‍ കോണ്‍ഗ്രസ്
ചിന്തന്‍ ശിബിരത്തിന്റെ രണ്ടാം ദിവസത്തിലാണ് ഇങ്ങനെയൊരു തീരുമാനം

കോണ്‍ഗ്രസില്‍ ദളിത്-ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ആലോചന. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ത്രിദിന ചിന്തന്‍ ശിബിരത്തിലാണ് സംഘടന പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്. പാര്‍ട്ടിയുടെ എല്ലാ വിഭാഗങ്ങളിലും 50 ശതമാനം ക്വാട്ട ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കാനാണ് ആലോചിക്കുന്നത്.

എസ് സി, എസ് ടി, ഒബിസി, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളെ പാര്‍ട്ടിയുടെ ഓരോ ഘടകങ്ങളിലും ഭാരവാഹിത്വത്തില്‍ കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് മുന്‍കാലങ്ങളിലുണ്ടായിരുന്ന അധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായി സംഘടന പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുമെന്ന് രണ്ടാം ദിനത്തില്‍ മാധ്യമങ്ങളെ കണ്ട പാര്‍ട്ടി നേതാവ് കെ രാജു പറഞ്ഞു. സാമൂഹിക നീതിക്കും ശാക്തീകരണത്തിനുമായി പാര്‍ട്ടിയില്‍ സംഘടന പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്നാണ് കെ രാജു പറഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റിനെ സഹായിക്കാന്‍ സാമൂഹ്യനീതി ഉപദേശക സമിതി രൂപീകരിക്കുമെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്കായി ആറുമാസത്തിലൊരിക്കല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്നും രാജു പറഞ്ഞു.
ചിന്തന്‍ ശിബിരത്തിന്റെ ഒന്നാം ദിവസം പ്രസംഗിച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആഹ്വാനം ചെയ്തതും സംഘടന പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റം കൊണ്ടുവരണമെന്നായിരുന്നു. ഇപ്പോഴുള്ള പ്രവര്‍ത്തന രീതി മാറ്റിയെ പറ്റൂ എന്നായിരുന്നു എല്ലാവരോടുമായുള്ള സോണിയയുടെ ആവശ്യം. സംഘടനയുടെ മാറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ സോണിയ, നമ്മുടെ പ്രവര്‍ത്തന രീതികളില്‍ മാറ്റം കൊണ്ടുവരണമെന്നാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുമായി ആഹ്വാനം ചെയ്തു. ' എല്ലാ വ്യക്തിഗത താത്പര്യങ്ങള്‍ക്കും മുകളിലായിരിക്കണം സംഘടന. ഈ പാര്‍ട്ടി നമുക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്, തിരിച്ചു നമ്മള് എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്' എന്നും സോണിയ ഗാന്ധി കോണ്‍ഗ്രസുകാരെ ഓര്‍മിപ്പിച്ചു.