ഡല്‍ഹി തീപിടിത്തം; മരണം 27 , രണ്ടുപേര്‍ അറസ്റ്റില്‍, ദുരന്തമുണ്ടായത് സുരക്ഷാസംവിധാനങ്ങളില്ലാത്ത കെട്ടിടത്തില്‍

ഡല്‍ഹിയില്‍ നാലുനില വാണിജ്യ സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണം 27 ആയി. 12 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പശ്ചിമ ഡല്‍ഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് വെള്ളിയാഴ്ച്ച വൈകിട്ടോടെ തീപിടിത്തം ഉണ്ടായത്.

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സിസിടിവി കാമറകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥാപനത്തിലാണ് ആദ്യം തീപിടിത്തമുണ്ടായിരിക്കുന്നത്. അവിടെ നിന്നാണ് മറ്റിടങ്ങളിലേക്കു തീപടര്ന്നിരിക്കുന്നതെന്നാണ് ഡെപ്യൂട്ടി കമ്മിഷണര്‍ സമീര്‍ ശര്‍മ പറയുന്നത്. ഈ കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയല്‍, വരുണ്‍ ഗോയല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം നാലു നില വാണിജ്യ സമുച്ചയത്തിന് മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഫയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും സുരക്ഷ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും കെട്ടിടത്തിന് കിട്ടിയിരുന്നില്ല. മനീഷ് ലക്ര എന്നയാളാണ് കെട്ടിടത്തിന്റെ ഉടമ. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടത്തില്‍ ആകെ ഒരു സ്റ്റെയര്‍കേസ് മാത്രമാണുണ്ടായിരുന്നതെന്നും ഇതുമൂലം ആളുകള്‍ രക്ഷപ്പെടാന്‍ തടസമുണ്ടായെന്നുമാണ് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറയുന്നത്.
കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ഒരു മോട്ടിവേഷണല്‍ സ്പീച്ച് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. ഇവിടെയാണ് അധികം മരണവും നടന്നിരിക്കുന്നതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അമ്പതോളം പേരെ രക്ഷപെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഗ്നിശമന സേന ക്രെയിനുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തിനുള്ളില്‍ പുക നിറഞ്ഞിരിക്കുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നത്. അതിനിടയില്‍ ആളുകള്‍ സ്വയം വഴികള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. ചിലര്‍ ജനാലകള്‍ വഴി പുറത്തേക്ക് ചാടിയപ്പോള്‍ മറ്റു ചിലര്‍ കയര്‍ ഉപയോഗിച്ച് പുറത്തേക്ക് സ്വയമിറങ്ങുകയാണ് ചെയ്തത്.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചനം അറിയിച്ചു.