ബലാത്സംഗ കേസില്‍ രാജസ്ഥാന്‍ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് ജയ്പൂരില്‍; മന്ത്രി പുത്രന്‍ ഒളിവില്‍

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം ഉദയ്പൂരില്‍ നടക്കുമ്പോഴാണ് ജയ്പൂരില്‍ പൊലീസ് എത്തിയിരിക്കുന്നത്
 
rajasthan

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് മന്ത്രി മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് ജയ്പൂരില്‍ എത്തി. എന്നാല്‍ രോഹിതിനെ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിയുടെ രണ്ട് വസതികളില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തിയെങ്കിലും രോഹിതിനെ കണ്ടെത്താനായില്ല. ഡല്‍ഹി പൊലീസിന്റെ 15 അംഗ സംഘമാണ് ജയ്പൂരില്‍ എത്തിയിരിക്കുന്നത്.23 കാരിയായ യുവതിയാണ് രോഹിതിനെതിരേ പരാതി നല്‍കിയത്. 

2021 ജനുവരി എട്ടിനും ഏപ്രില്‍ 17 നും ഇടയില്‍ ഡല്‍ഹി, ജയ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ വച്ച് നിരവധി തവണ രോഹിത് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. രോഹിത് നിലവിലുള്ള ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം തന്നെ വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കിയാണ് ലൈംഗിക ചൂഷണം നടത്തിയതെന്നാണ് യുവതി പരാതിപ്പെടുന്നത്. രോഹിതില്‍ നിന്നും താന്‍ ഗര്‍ഭിണിയായെന്നും ആ ഗര്‍ഭം രോഹിത് നിര്‍ബന്ധിച്ച് അലസിപ്പിച്ചെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. 

ജയ്പൂര്‍ സ്വദേശിയായ യുവതി വടക്കന്‍ ഡല്‍ഹിയിലെ സാദര്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലാണ് രോഹിതിനെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച്ച യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാദര്‍ ബസാര്‍ പൊലീസ് രോഹിതിനെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

ഫെയ്‌സ്ബുക്ക് വഴിയാണ് രോഹിതുമായി പരിചയത്തിലായതെന്നാണ് യുവതി പറയുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രോഹിത് തന്നെ സവായ് മാധോപൂറില്‍ നടന്നൊരു പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ആ പാര്‍ട്ടിക്കിടയില്‍ ലഹരി കലര്‍ന്ന പാനീയം തനിക്ക് നല്‍കുകയും താന്‍ ബോധരഹിതയാവുകയും ചെയ്തു. ഇതിനുശേഷം രോഹിത് തന്റെ നഗ്ന ദൃശ്യങ്ങള്‍ കാമറയിലും വീഡിയോയിലും പകര്‍ത്തി. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ബ്ലാക് മെയ്ല്‍ ചെയ്താണ് പലതവണയായി ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് യുവതി ആരോപിക്കുന്നത്.

ഭന്‍വാരി ദേവി കേസ് ആവര്‍ത്തുക്കുമോയെന്ന ഭയം തനിക്കുണ്ടെന്നും യുവതി പറയുന്നതായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ രോഹിതിനെ വിളിച്ചപ്പോള്‍, അയാള്‍ വെല്ലുവിളിച്ച് പറഞ്ഞത്, താനൊരു മന്ത്രിയുടെ മകനാണെന്നും ആര്‍ക്കും തന്നെ  തൊടാന്‍ കഴിയില്ലെന്നുമായിരുന്നു. അയാള്‍ തന്റെ സമ്പത്തിനെയും അധികാരത്തെയും കുറിച്ച് വീമ്പിളക്കി. അയാള്‍ എന്നോട് പറഞ്ഞത് ഞാന്‍ എവിടെയെങ്കിലും അപ്രത്യക്ഷനായാലും ആരുമത് അറിയാന്‍ പോകുന്നില്ലെന്നായിരുന്നു. ഒരുപക്ഷേ ഭന്‍വാരി ദേവി കേസ് ആവര്‍ത്തിക്കപ്പെടാം'-യുവതി പരാതിയില്‍ പറയുന്നു.

ഉദയ്പൂരില്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം നടക്കുന്നതിനിടയിലാണ് അതേ സംസ്ഥാനത്തെ ഒരു കാബിനറ്റ് മന്ത്രിയുടെ മകനെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയിരിക്കുന്നത്. രോഹിതിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ തന്നെ മന്ത്രി മഹേഷ് ജോഷിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനപ്രതിപക്ഷമായ ബിജെപി പ്രതിഷേധം തുടങ്ങിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് മഹേഷ് ജോഷി.