ബൈഡനെ പുകഴ്ത്തിയാല്‍ ബൈഡന്റെ പാര്‍ട്ടിയില്‍ ചേരുമെന്നാണോ? ബിജെപിയിലേക്കില്ല, കോണ്‍ഗ്രസില്‍ അത്ര തൃപ്തനുമല്ലെന്ന് ഹര്‍ദിക് പട്ടേല്‍

രാഹുല്‍ ഗാന്ധിയുമായോ പ്രിയങ്ക ഗാന്ധിയുമായോ അല്ല തനിക്ക് പ്രശ്‌നങ്ങളെന്നും പട്ടേല്‍
 
hardik patel

ബിജെപിയിലേക്ക് പോകുമെന്ന ആഭ്യൂഹങ്ങള്‍ നിഷേധിച്ച് ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ഹര്‍ദിക് പട്ടേല്‍. ബിജെപിയില്‍ ചേരാനുള്ള തീരുമാനൊന്നും ഇപ്പോള്‍ ഇല്ലെന്ന് ഹര്‍ദിക് പറയുന്നുണ്ടെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അതൃപ്തിയും അദ്ദേഹം മറച്ചു വയ്ക്കുന്നില്ല.

' ആളുകള്‍ പലതും പറയും. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജയായതുകൊണ്ടാണത്. എന്നു കരുതി ഞാന്‍ ബൈഡന്റെ പാര്‍ട്ടിയില്‍ ചേരുമെന്ന് അതിനര്‍ത്ഥമുണ്ടോ?- ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് ഹര്‍ദിക് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോടായി പറയുന്നു.

രാമക്ഷേത്രവും ആര്‍ട്ടിക്കിള്‍ 370 ഉം ആയി ബന്ധപ്പെട്ട് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴത്തി ഗുജറാത്ത് പിസിസി അധ്യക്ഷന്‍ സംസാരിച്ചതാണ് ഹര്‍ദിക് പട്ടേല്‍ ബിജെപിയിലോക്കോ എന്ന അഭ്യൂഹം ഉയര്‍ത്തിയത്. ഇത്തരം തീരുമാനങ്ങളെ കോണ്‍ഗ്രസ് അഭിനന്ദിക്കണമെന്നും ഹര്‍ദിക് പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ വാക്കുകള്‍ക്ക് അദ്ദേഹം ന്യായീകരണം ചമയ്ക്കുന്നത് ഇപ്രകാരമാണ്- ' ഒരു എതിരാളിക്ക് നല്ല നിലവാരമുണ്ടെങ്കില്‍, രാഷ്ട്രീയത്തില്‍ നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരും. അവര്‍ ധീരമായ തീരുമാനങ്ങളെടുത്താല്‍ നമുക്കും ധീരമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. നിങ്ങള്‍ നിങ്ങളുടെ സമയം പാഴാക്കിയാല്‍, ആളുകള്‍ നിങ്ങളെ ഉപേക്ഷിക്കും. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി യുവാക്കളുണ്ട്. അങ്ങനെയുള്ള ചെറുപ്പക്കാര്‍ക്ക് ഒരു അവസരം ലഭിക്കട്ടെ എന്ന് ഞാന്‍ തുറന്ന് ആഗ്രഹിക്കുന്നു'.

ബിജെപിയിലേക്ക് എന്ന വാര്‍ത്തകള്‍ തള്ളുന്നുണ്ടെങ്കിലും കോണ്‍ഗ്രസില്‍ താന്‍ അത്രകണ്ട് സംതൃപ്തനല്ലെന്നു തന്നെയാണ് ഹര്‍ദിക് പട്ടേല്‍ വീണ്ടും വ്യക്തമാക്കുന്നത്. എന്നാല്‍ തന്റെ അതൃപ്തി രാഹുല്‍ ഗാന്ധിയോടോ പ്രിയങ്ക ഗാന്ധിയോടോ അല്ലെന്നും സംസ്ഥാന നേതാക്കളോടാണെന്നും അദ്ദേഹം പറയുന്നു. 'രാഹുല്‍ ഗാന്ധിയുമായോ പ്രിയങ്ക ഗാന്ധിയുമായോ എനിക്ക് പ്രശ്‌നങ്ങളില്ല. സംസ്ഥാന നേതൃത്വത്തിന്റെ കാര്യത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. ഞാന്‍ എന്തിനാണ് അസ്വസ്ഥനാകുന്നത്? തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു, അത്തരം സമയങ്ങളില്‍ സത്യസന്ധരും ശക്തരുമായ ആളുകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കണം. അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കണം'- ഹര്‍ദിക് പട്ടേല്‍ പറയുന്നു. പാര്‍ട്ടിയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ തയ്യാറാകുന്നില്ലെന്നതാണ് ഹര്‍ദിക്കിന്റെ പ്രധാന പരാതി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം നല്‍കണം. ഇത് തിരഞ്ഞെടുപ്പ് സമയമാണ്, ഗ്രാമങ്ങളിലേക്ക് പോകുക, നഗരങ്ങളില്‍ കഠിനാധ്വാനം ചെയ്യുക. ഒരു കുടുംബത്തിനുള്ളില്‍ ചോദ്യങ്ങള്‍ ഉണ്ടാവുകയും ചര്‍ച്ചകള്‍ നടക്കുകയും ചെയ്യും. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു'- പട്ടേല്‍ പ്രക്ഷോഭത്തിലൂടെ നേതാവായി ഉയര്‍ന്നു വരികയും പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത ഹര്‍ദി പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു.