ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി

നിലവില്‍ രാജ്യസഭ എംപിയാണ് മണിക് സാഹ
 
manik saha

ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി. ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രി പദം രാജിവച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് മണിക് സാഹയെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ബിജെപി തെരഞ്ഞടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അകലെ നില്‍ക്കുമ്പോഴാണ് ത്രിപുരയ്ക്ക് പുതിയ മുഖ്യമന്ത്രി വരുന്നത്. ത്രിപുര ബിജെപി സംസ്ഥാന പ്രസിഡന്റായ മണിക് സാഹ കഴിഞ്ഞ മാസമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ദന്തരോഗ വിദഗ്ധനായ സാഹ സംസ്ഥാനത്തെ രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ്. ബിജെപി കേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് മണിക് സാഹയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

ശനിയാഴ്ച്ച ഉച്ചയോടെയാണ് അപ്രതീക്ഷിത തീരുമാനമെന്നോണം ബിപ്ലവ് കുമാര്‍ ദേബ് ഗവര്‍ണര്‍ എസ് എന്‍ ആര്യയെ കണ്ട് രാജി സമര്‍പ്പിച്ചത്. സംഘടന പ്രവര്‍ത്തനം ശക്തമാക്കാന്‍ പാര്‍ട്ടി നിയോഗിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതെന്നാണ് ബിപ്ലബ് ദേബ് മാധ്യമങ്ങളോട് പറഞ്ഞതെങ്കിലും സംസ്ഥാന ബിജെപിയ്ക്കുള്ളിലെ പടല പിണക്കമാണ് ബിപ്ലബ് ദേബിന്റെ സ്ഥാനം തെറിക്കാന്‍ കാരണമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വ്യാഖ്യാനങ്ങളെല്ലാം ദേബ് നിഷേധിക്കുകയാണ്.

' പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍. ഞാന്‍ ബിജെപിയുടെ വിശ്വസ്തനായ പ്രവര്‍ത്തകന്‍ മാത്രമാണ്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയാണെങ്കിലും സംസ്ഥാന മുഖ്യമന്ത്രി പദവിയാണെങ്കിലും എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ന്യായയുക്തമായി നിര്‍വഹിച്ചിട്ടുണ്ട്. ത്രിപുരയുടെ സമഗ്ര വികസനത്തിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ സമാധാനം ഉറപ്പു വരുത്തി''- ബിപ്ലബ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി വിവിധ വിഭാഗങ്ങളില്‍ താഴെതട്ടില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അടുത്ത മുഖ്യമന്ത്രിയും ബിജെപിയില്‍ നിന്നു തന്നെയുണ്ടാകാന്‍ വേണ്ടി ഒരു സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.യുടെ പുതിയ മുഖ്യമന്ത്രി