'ബിജെപി നേതാവിന്റെ ആഗ്രഹം ആജ്ഞയായി മാറി; ഒരു സമുദായത്തെ ലക്ഷ്യം വച്ചതുകൊണ്ടാണ് ഈ കോളനി തിരഞ്ഞെടുത്തത്'

ഡല്‍ഹി ജഹാംഗീര്‍പുരിയിലെ കയ്യേറ്റ വിരുദ്ധ നീക്കം കാപട്യമാണെന്ന് മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ. ദരിദ്രരുടെ സ്വത്തുവകകള്ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ധനികരുടെയും ഉന്നതരുടെയും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ഡല്‍ഹിയില്‍ ലക്ഷകണക്കിനാളുകള്‍ കഴിയുന്ന 731 അനധികൃത കോളനികളുണ്ട്. എന്നിട്ടും സര്‍ക്കാര്‍ തിരഞ്ഞെടുത്തത് ഈയൊരു കോളനിയെയാണ്. കാരണം, അവര്‍ ഒരു സമുദായത്തെയാണ് ലക്ഷ്യമിടുന്നത്. 'കലാപകാരി'കളുടെ സ്വത്തുക്കള്‍ക്കു മുകളില്‍ ബുള്‍ഡോസര്‍ ഓടിക്കണമെന്ന് ആവശ്യപ്പെട്ട്, ഡല്‍ഹി കലാപത്തിനു കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഡല്‍ഹി ബിജെപി പ്രസിഡന്റ് ആദേശ് ഗുപ്ത നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നുവെന്നും ദവെ സുപ്രീംകോടതിയില്‍ പറഞ്ഞു. കലാപബാധിതമായ ജഹാംഗീര്‍പുരി മേഖലയില്‍ നടത്തിയ പൊളിക്കല്‍ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്കിയ ജാമിയത്ത് ഉലമ-ഇ-ഹിന്ദിനുവേണ്ടി സുപ്രീംകോടതിയില്‍ വാദിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പ്രാധാന്യമുള്ള വിഷയം എന്ന ആമുഖത്തോടെയാണ് ദവെ തന്റെ വാദങ്ങള്‍ ഉന്നയിച്ചത്. ഇത് ജഹാംഗീര്‍പുരിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയെ ബാധിക്കുന്ന വിഷയമാണ്. സമൂഹത്തിലെ പ്രത്യേക വിഭാഗം ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ഡോ. അംബേദ്കറും സര്‍ദാര്‍ പട്ടേലും എന്താണ് പറഞ്ഞിരിക്കുന്നതെന്ന് വായിക്കാം. അത് അവര്‍ നല്കിയ മുന്നറിയിപ്പാണ്. ഇത് അനുവദിച്ചാല്‍ ഒരു നിയമവാഴ്ചയും അവശേഷിക്കില്ല. പൊളിക്കല്‍ ആരംഭിക്കാന്‍ ബിജെപി പ്രസിഡന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് കത്തെഴുതുകയും അതിനുശേഷം അവര്‍ പൊളിക്കല്‍ ആരംഭിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? നോട്ടീസിനും അപ്പീലിനുമുള്ള അവസരം മുനിസിപ്പല്‍ കോര്പ്പറേഷന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഓള്‍ഗ ടെല്ലിസ് കേസിലെ സുപ്രീംകോടതി വിധിയും ദവെ പരാമര്‍ശിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഹനുമാന് ജയന്തി ആഘോഷത്തിനിടെ വര്‍ഗീയ കലാപം നടന്ന മുസ്ലീം ആധിപത്യമുള്ള ജഹാംഗീര്‍പുരിയിലെ നടപടി ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു ദവെയുടെ വാദം. 'അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ സൈനിക് ഫാമിലേക്ക് പോകുക. ഓരോ രണ്ടാമത്തെ വീടും കയ്യേറ്റം ചെയ്യുന്ന ഗോള്‍ഫ് ലിങ്കുകളിലേക്ക് പോകുക. നിങ്ങള്‍ക്ക് അവരെ തൊടാന്‍ താല്‍പ്പര്യമില്ല, മറിച്ച് പാവപ്പെട്ട ആളുകളെയാണ് ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് ആളുകളുള്ള ഡല്‍ഹിയില്‍ 731 അനധികൃത കോളനികളുണ്ട്. നിങ്ങള്‍ ഒരു സമുദായത്തെ ലക്ഷ്യം വച്ചതുകൊണ്ടാണ് നിങ്ങള്‍ ഈ കോളനി തിരഞ്ഞെടുത്തത്', ദവെ പറഞ്ഞു.
ഡല്‍ഹി കലാപം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുശേഷം, ഡല്‍ഹി ബിജെപി പ്രസിഡന്റ് ആദേശ് ഗുപ്ത നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണര്‍ക്ക് 'കലാപകാരികളുടെ' സ്വത്തുക്കള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. പൊളിക്കല്‍ ആരംഭിക്കാന്‍ ബിജെപിയുടെ പ്രസിഡന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് കത്തെഴുതുകയും അതിനുശേഷം അവര്‍ പൊളിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ഒരു ബിജെപി നേതാവ് എഴുതിയ കത്തുകളെയല്ല, ഭരണഘടനയെ അനുസരിക്കാനാണ് പൊലീസും സിവില്‍ അധികാരികളും ബാധ്യസ്ഥര്‍. ഇവിടെ ബിജെപി നേതാവിന്റെ ആഗ്രഹം ആജ്ഞയായി മാറി. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മെക്കുറിച്ചുള്ള ദുഃഖകരമായ വ്യാഖ്യാനത്തെക്കുറിച്ചാണ് അത് സംസാരിക്കുന്നതെന്നും ദവെ അഭിപ്രായപ്പെട്ടു.
ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ആക്ടിലെ സെക്ഷന്‍ 343, ഒരു വ്യക്തിയുടെ സ്വത്ത് പൊളിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ കേള്‍ക്കാനുള്ള ന്യായമായ അവസരം നല്കുന്നു. എന്നാല്‍ യാതൊരു അറിയിപ്പും നല്‍കാതെ ധൃതിപിടിച്ചായിരുന്നു പൊളിച്ചു നീക്കലെന്നും ദവെ വാദിച്ചു.
ഇന്ത്യയിലുടനീളമുള്ള കയ്യേറ്റങ്ങള്‍ ഗുരുതരമായ പ്രശ്നമാണ്, എന്നാല്‍ മുസ്ലീങ്ങളെ കയ്യേറ്റങ്ങളുമായി ബന്ധപ്പെടുത്തുന്നു എന്നതാണ് പ്രശ്നമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും വാദിച്ചത്. സമാന സംഭവങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ഘോഷയാത്രകള്‍ നടത്തുകയും സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും ചെയ്യുമ്പോള്‍, ഒരു സമുദായത്തിന്റെ മാത്രം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു. മുസ്ലീങ്ങള്‍ അങ്ങനെ ചെയ്താല്‍ അവര്‍ക്ക് നീതി പ്രതീക്ഷിക്കാനാവില്ലെന്ന് മന്ത്രി പറയുന്ന മധ്യപ്രദേശിലേക്ക് നോക്കൂ. ആരാണ് അത് തീരുമാനിക്കുന്നത്? ആരാണ് അദ്ദേഹത്തിന് ആ അധികാരം നല്‍കിയതെന്നും സിബല്‍ ചോദിച്ചു.
പൊളിക്കല്‍ നിര്‍ത്തിവെക്കാനുള്ള കോടതി വിധി രാവിലെ 10:45ന് അധികാരികളെ അറിയിച്ചെങ്കിലും ബുള്‍ഡോസര്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയില്ലെന്ന് ബൃന്ദ കാരാട്ടിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് പി.വി സുരേന്ദ്രനാഥ് കോടതിയില്‍ പറഞ്ഞു. കോടതി വിധി കാണിച്ചിട്ടും 12.45 വരെ പൊളിക്കല്‍ തുടര്‍ന്നു. ഇത് അവസാനിപ്പിക്കാന്‍ ബുള്‍ഡോസറിന് മുന്നില്‍ കയറി നില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജുഡീഷ്യല്‍ ഉത്തരവുകളുണ്ടായിരുന്നു. നോട്ടീസ് കാണിക്കേണ്ടി വരുമെന്നതിനാല്‍ വ്യക്തികള്‍ കോടതിയില്‍ എത്തിയിട്ടില്ല. അതിനാലാണ് ഒരു സംഘടന ഹര്‍ജി നല്‍കിയത്. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ള നടപടിയാണെന്ന വാദവും സോളിസിറ്റര്‍ ജനറല്‍ നിഷേധിച്ചു. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ മറ്റൊരു ഉത്തരവ് വരുന്നതുവരെ പൊളിക്കലുകളുടെ തല്‍സ്ഥിതി തുടരണമെന്നാണ് കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. നോട്ടീസ് നല്‍കിയെന്ന് സര്‍ക്കാരും കിട്ടിയില്ലെന്ന് ഹര്‍ജിക്കാരും പറഞ്ഞ സാഹചര്യത്തിലാണ് ഇരുകൂട്ടരോടും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.