'പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ പോലും അങ്ങനെയാണ്'; ഗവര്‍ണര്‍മാരുടെ അധികാരം കുറയ്ക്കാനുറച്ച് സ്റ്റാലിന്‍

വൈസ് ചാന്‍സലര്‍ നിയമനാധികാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്
 
m k stalin

സംസ്ഥാനത്തിന്റെ കാര്യത്തില്‍ ഗവര്‍ണര്‍മാരുടെ അധികാര ഇടപെടലുകള്‍ കുറയ്ക്കാനുള്ള നീക്കങ്ങളുമായി തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍. ഗവര്‍ണര്‍മാര്‍ കൈയാളുന്ന ചാന്‍സലര്‍ പദവിയുടെ അധികാരം കുറയ്ക്കാനുള്ള തീരുമാനം തമിഴ്‌നാട് സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. അതിന്റെ ഭാഗമായുള്ളൊരു ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണറില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നിയമനിര്‍മാണ ബില്ലാണ് ഡിഎംകെ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ ആകാമെങ്കില്‍ ഇവിടെയുമാകാമെന്ന ശക്തമായൊരു രാഷ്ട്രീയ പ്രതികരണവും ബില്‍ അവകരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ നടത്തിയിട്ടുണ്ട്. സംസ്ഥാന-കേന്ദ്ര-സ്വകാര്യ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ ദ്വിദിന യോഗം തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഊട്ടിയില്‍ ഉത്ഘാടനം ചെയ്ത അതേ ദിവസം തന്നെയാണ് വൈസ് ചാന്‍സലര്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത് എന്നത് കൗതുകകരമായൊരു കാര്യമാണ്.

വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാകാത്തത് ഉന്നതവിദ്യാഭ്യാസ രംഗത്തെ കാര്യക്ഷമതയെ ബാധിക്കുമെന്നാണ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്. '' സമ്പ്രദായം അനുസരിച്ച് സംസ്ഥന സര്‍ക്കാരുമായി ആലോചിച്ചാണ് വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ നിയമിക്കുന്നത്. പക്ഷേ, കഴിഞ്ഞ നാലു വര്‍ഷമായി ചില പുതിയ പ്രവണതകള്‍ ഉണ്ടായിട്ടുണ്ട്. ഇതു തങ്ങളുടെ സവിശേഷാധികാരം എന്നപോലെയാണ് ഗവര്‍ണര്‍മാര്‍ പെരുമാറുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവമതിക്കുന്നതുപോലെയാണത്. ജനകീയ ഭരണത്തിന്റെ തത്വത്തിന് എതിരാണത്'; സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. നിലവിലെ രീതികള്‍ സര്‍വകലാശാല ഭരണത്തെ ആശയക്കുഴപ്പങ്ങളിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ ചീഫ് ജസ്റ്റീസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷന്‍ കേന്ദ്ര-സംസ്ഥാന ബന്ധവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണര്‍മാരെ നീക്കം ചെയ്യാമെന്ന് നിര്‍ദേശിച്ചിട്ടുള്ള കാര്യവും മുഖ്യമന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കുന്ന മൂന്നു പേരുകളില്‍ നിന്നൊരാളെയാണ് വൈസ് ചാന്‍സലറായി നിയമിക്കുന്നതെന്ന കാര്യവും സ്റ്റാലിന്‍ സഭയില്‍ പറഞ്ഞത്, ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കം കൂടിയാണ്. ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്തുന്നുവെന്ന് ആരോപിച്ച് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരേ ബിജെപി രംഗത്തു വന്നിരുന്നു. ഇത്തരം പ്രതിഷേധം തമിഴ്‌നാട്ടിലും ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടുമെന്നതാണ് എം കെ സ്റ്റാലിന്‍ ഇപ്പോഴെ വ്യക്തമാക്കിയിരിക്കുന്നത്.