വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണം; ധ്രുവീകരണ കളിയില്‍ കാലാള്‍മാരാകരുത്: എഡിറ്റേഴ്‌സ് ഗില്‍ഡ്

 
Media
നീതിയും നിഷ്പക്ഷതയും സന്തുലിതാവസ്ഥയും നിലനിര്‍ത്തണം


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമസ്ഥാപനങ്ങള്‍ അതീവ സംയമനം പാലിക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ (ഇജിഐ). ധ്രുവീകരണമെന്ന വലിയ കളിയില്‍ കാലാള്‍മാരാകരുതെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. മധ്യപ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവന.

സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ വിലയിരുത്തലിലും അവതരണത്തിലും വേണ്ടത്ര ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതില്‍ നിരാശയുണ്ട്. അത് ഇലക്ട്രോണിക്, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകിച്ചും പ്രകടമാണ്. ശാശ്വതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന വസ്തുതകള്‍, സന്ദര്‍ഭം, കണക്കുകൂട്ടലുകള്‍ എന്നിവയെക്കുറിച്ച് പൂര്‍ണമായ വിലയിരുത്തലുകളില്ലാതെ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിലും, സംഭവത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലുമൊരു സമുദായത്തിനുമേല്‍ ഏല്‍പ്പിക്കുന്നതിലും എഡിറ്റേഴ്സ് ഗില്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.   

രാഷ്ട്രീയക്കാര്‍, പൊലീസ്, ഉദ്യോഗസ്ഥര്‍, ഭരണകൂടത്തിനു വെളിയില്‍ നിന്നുള്ളവര്‍ എന്നിവരുടെ രക്ഷാകര്‍തൃത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ അനുഭവജ്ഞാനവും കാഴ്ചപ്പാടും ന്യൂസ് റൂമുകളില്‍ കൊണ്ടുവരാന്‍  എഡിറ്റര്‍മാര്‍ ബാധ്യസ്ഥരാണ്. എല്ലാ മാധ്യമപ്രവര്‍ത്തകരും നീതിയും നിഷ്പക്ഷതയും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് വിശ്വസിക്കുന്നു. കൂടാതെ ധ്രുവീകരണത്തിന്റെ വലിയ കളിയില്‍ സ്വയം കാലാളാകാന്‍ അനുവദിക്കരുതെന്നും പ്രസ്താവന അടിവരയിടുന്നു. 

  EGI Release