പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞു: ലോകബാങ്ക് റിപ്പോര്‍ട്ട്

 
India Poverty
ഭൂവുടമസ്ഥരായ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാന വളര്‍ച്ച

കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലെ കടുത്ത ദാരിദ്ര്യത്തിന്റെ തോത് ഗണ്യമായി കുറഞ്ഞുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. രാജ്യത്തെ കടുത്ത ദാരിദ്ര്യം 2011നെ അപേക്ഷിച്ച് 2019ല്‍ 12.3 ശതമാനം കുറവാണെന്നാണ് ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2011ല്‍ 22.5 ശതമാനമായിരുന്ന ദാരിദ്ര്യത്തിന്റെ തോത് 2019ല്‍ 10.2 ശതമാനമായി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിലാണ് കടുത്ത ദാരിദ്ര്യത്തിന്റെ തോത് വളരെ കുറഞ്ഞതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

സാമ്പത്തിക വിദഗ്ധരായ സുതീര്‍ത്ഥ സിന്‍ഹ റോയിയും റോയ് വാന്‍ ഡെര്‍ വെയ്ഡും സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ‘Poverty in India Has Declined over the Last Decade But Not As Much As Previously Thought’ എന്ന പേരിലുള്ള ലോകബാങ്ക് പോളിസി റിസര്‍ച്ചിന്റെ വര്‍ക്കിങ് പേപ്പറില്‍, കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ ജനസംഖ്യയില്‍ നിന്ന് കടുത്ത ദാരിദ്ര്യം തുടച്ചുനീക്കിയിട്ടുണ്ടെന്നാണ് വിശദീകരിക്കുന്നത്. സംസ്ഥാനങ്ങളിലൂടെയുള്ള ഭക്ഷ്യവിതരണത്തിലൂടെ, ഉപഭോഗ അസമത്വം കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടുവരാനായി. 2019ല്‍ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ ദാരിദ്ര്യത്തിന്റെ തോത് 11.6 ശതമാനമായി കുറഞ്ഞപ്പോള്‍, അതേ കാലയളവില്‍ നഗര ദാരിദ്ര്യത്തിന്റെ തോത് 6.3 ശതമാനമാണ് കുറഞ്ഞത്. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യനിര്‍മാര്‍ജനം വളരെ കൂടുതലാണ്. ഗ്രാമീണ, നഗര ദാരിദ്ര്യം 2011-2019 കാലയളവില്‍ യഥാക്രമം 14.7 ശതമാനവും 7.9 ശതമാനവും കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. 

ചെറുകിട ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാന വളര്‍ച്ചയുണ്ടായതായും ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ചെറിയ ഭൂവുടമകളായ കര്‍ഷകരുടെ യഥാര്‍ത്ഥ വരുമാനം രണ്ട് സര്‍വേ കാലങ്ങള്‍ക്കിടെ (2013, 2019) വാര്‍ഷിക അടിസ്ഥാനത്തില്‍ 10 ശതമാനം വര്‍ധിച്ചു. അതേസമയം, ഏറ്റവും വലിയ ഭൂവുടമകളായ കര്‍ഷകരുടെ വളര്‍ച്ച രണ്ട് ശതമാനം മാത്രമാണ്. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യത്തിന്റെ ശതമാനത്തില്‍ മൊത്തത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും, കഴിഞ്ഞ ദശകത്തില്‍ ദാരിദ്ര്യം കുറഞ്ഞത് രണ്ട് തവണയെങ്കിലും വര്‍ധിച്ചതായും ലോകബാങ്കിന്റെ ഗവേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2016ലും 2017ലും ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ സമയത്താണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. വികസനത്തെ കുറിച്ചുള്ള ആശയങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും പുരോഗതിയിലേക്കുള്ള ഗവേഷണ കണ്ടെത്തലുകള്‍ വേഗത്തില്‍ പ്രചരിപ്പിക്കുകയുമാണ് ലോകബാങ്ക് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം.

ഇന്ത്യന്‍ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നതെന്നാണ് കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) തങ്ങളുടെ റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചത്. സുപ്രധാന ഭക്ഷ്യപദ്ധതികള്‍ പ്രാബല്യത്തിലുള്ളതിനാല്‍ കോവിഡ് മഹാമാരിക്കാലത്തും ഇന്ത്യയിലെ ദാരിദ്ര്യം ഉയര്‍ന്നിരുന്നില്ലെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.