ശരദ് പവറിനെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; ചലച്ചിത്ര താരം അറസ്റ്റില്‍

നടിയെ കൈയേറ്റം ചെയ്യാനും എന്‍സിപി പ്രവര്‍ത്തകര്‍ ശ്രമിച്ചു
 
ketaki chitale

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത മറാത്തി ചലച്ചിത്രതാരം കേതകി ചിതാലെ അറസ്റ്റില്‍. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും നാസിക് സ്വദേശിയുമായ 21 കാരനായ നിഖില്‍ ഭാമ്‌റെയുടെ പോസ്റ്റ് കേതകി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവയ്ക്കുകയായിരുന്നു. 

ശരാദ് പവാറിനെ നേരിട്ട് പരാമര്‍ശിക്കാതെ അദ്ദേഹത്തിന്റെ 'പവാര്‍' എന്ന സര്‍ നെയിമിം 80 വയസ് എന്ന പരാമര്‍ശവുമായിരുന്നു പോസ്റ്റില്‍ പറയുന്നത്. 81 കാരനാണ് ശരദ് പവാര്‍. മറാത്തിയിലുള്ള പോസ്റ്റില്‍ ബരാമതി ഗന്ധിയുടെ സമയം അടുത്തിരിക്കുന്നു. ബരാമതിയുടെ ഗോഡ്‌സെയെ സൃഷ്ടിക്കാനുള്ള സമയാമായിരിക്കുന്നു എന്നു പറയുന്നുണ്ട്. ' നരകം കാത്തിരിക്കുന്നു', 'നിങ്ങള്‍ ബ്രാഹ്‌മണരെ വെറുക്കുന്നു' എന്നീ പരാമാര്‍ശങ്ങളുമുണ്ട്. പൂനെയിലെ ബരാമതിയാണ് ശരദ് പവാറിന്റെ ജന്മദേശം. പവാര്‍ നുണയനാണെന്നും ബ്രാഹ്‌മണരോട് അസൂയ ഉള്ളവനാണെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തലുണ്ട്. അഴിമതി ചെയ്തതുകൊണ്ടാണ് അദ്ദേഹം കാന്‍സര്‍ മൂലം ബുദ്ധിമുട്ടുന്നതെന്നും നരകത്തിലേക്കു പോകുമെന്നും പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്. പോസ്റ്റ് തയ്യാറാക്കിയ നിഖില്‍ ഭാമ്‌റെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച്ച സ്വപ്‌നില്‍ നെത്‌കേ എന്നയാള്‍ താനെയിലെ കാല്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേതകിയുടെ അറസ്റ്റ്. നവി മുംബൈയില്‍ വച്ചാണ് 29 കാരിയായ കേതകിയെ താനെ പൊലീസിലെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്. നവി മുംബൈയിലെ കലമ്പോലി പൊലീസ് സ്റ്റേഷനില്‍ കേതകിയെ കൊണ്ടു വന്നപ്പോള്‍ എന്‍സിപിയുടെ വനിത പ്രവര്‍ത്തകര്‍ അവര്‍ക്കെതിരേ കറുത്ത മഷിയും മുട്ടകളും എറിഞ്ഞിരുന്നു. നടിയുടെ ശരീരത്തിലും വസ്ത്രത്തിലും കറുത്ത മഷി വീണിരുന്നു. കേതകിയെ കൈയേറ്റം ചെയ്യാനും ഒരു സംഘം ശ്രമിച്ചിരുന്നു. എന്‍സിപി പ്രവര്‍ത്തകരുടെ പരാതിയില്‍ പൂനെ, താനെ പിംപ്രി എന്നിവിടങ്ങളിലും  കേതകിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. 

ഈ സംഭവവുമായി ബന്ധപ്പെട്ട് ശരദ് പവാറിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, ആരാണ് കേതകി ചിതാലെ എന്ന് തനിക്ക് അറിയില്ലെന്നും അവര്‍ എന്താണ് തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അറിയില്ലെന്നായിരുന്നു എന്‍സിപി അധ്യക്ഷന്റെ മറുപടി. എന്താണ് അവര്‍ ചെയ്തതെന്നും അവര്‍ക്കെന്താണ് തന്നെക്കുറിച്ച് പരാതിയുള്ളതെന്നും തനിക്ക് അറിയില്ലെന്നും സംഭവത്തെക്കുറിച്ച് മനസിലാകാതെ ഒന്നും പ്രതികരിക്കാന്‍ കഴിയില്ലെന്നും പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശരദ് പവാറിന്റെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റിനെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അപലപിച്ചിട്ടുണ്ട്. പവാറുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകും, അത് അങ്ങനെ തന്നെ നില്‍ക്കുകയും ചെയ്യും. പക്ഷേ, ഇത്തരം നികൃഷ്ടമായ തലത്തിലേക്ക് അതുപോകരുത് എന്നാണ് മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ് താക്കറെ ഈ സംഭവത്തെ അപലപിച്ചുകൊണ്ട് പ്രതികരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കേതകി ചിതാലെയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ' നിങ്ങളാരാണ് എന്‍സിപി അധ്യക്ഷനെ അപമാനിക്കാന്‍? നിങ്ങള്‍ എന്തിനാണ് അഭിപ്രായം പറയുന്നത്? അവര്‍ വ്യാജഹിന്ദുത്വ ക്യാമ്പില്‍ നിന്നുള്ളയാളാണെന്ന് തേന്നുന്നു' എന്നായിരുന്നു മുംബൈയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പറഞ്ഞത്.

ഫെയ്‌സ്ബുക്കില്‍ 26,000-വും ഇന്‍സ്റ്റഗ്രാമില്‍ 50,600-വും ഫളോവേഴ്‌സ് ഉള്ള സെലിബ്രിറ്റിയാണ് കേതകി ചിതാലെ. ഇതിനു മുമ്പും സോഷ്യല്‍ മീഡിയ വഴി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ കേതകി കേസ് നേരിട്ടുണ്ട്. 2020 ല്‍ അവര്‍ ദളിതരെ അപമാനിച്ച് പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കേസ് ഉണ്ടാവുകയും ചെയ്തു. മറ്റ് മതങ്ങളെക്കുറിച്ചും ഛത്രപതി ശിവജിയെക്കുറിച്ചും മോശമായ അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരിലും കേതകി വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.